അധികം ശ്രദ്ധ നൽകിയില്ലെങ്കിലും ആരോ​ഗ്യത്തോടെ വളരും സിൻഡാപ്സസ്


ജേക്കബ് വർ​ഗീസ് കൂന്തറ, റിട്ട. പ്രൊഫസർ

പല രാജ്യക്കാർക്കും മണി പ്ലാന്റ് ഒരു ലക്കി പ്ലാന്റ് കൂടിയാണ്

Representative Image | Photo: Gettyimages.in

വീടിനുള്ളിലെ പരിമിതമായ അന്തരീക്ഷത്തിൽ വളർത്താൻ യോജിച്ച ചെടികളിൽ എല്ലാവർക്കും പ്രിയപ്പെട്ടതാണ് മണിപ്ലാന്റ് അഥവാ സിൻഡാപ്സസ്. അധിക ശ്രദ്ധയൊന്നും നൽകിയില്ലെങ്കിലും പോത്തോസ് എന്നും അറിയപ്പെടുന്ന ഈ ചെടി ഭം​ഗിയോടെ ആരോ​ഗ്യത്തോടെ വളരും.

വീടിനുള്ളിലെ മലിനവായു ശുദ്ധീകരിക്കാൻ കഴിവുള്ള ചെടികളിൽ പ്രധാനിയാണ് മണി പ്ലാന്റ്. പല രാജ്യക്കാർക്കും മണി പ്ലാന്റ് ഒരു ലക്കി പ്ലാന്റ് കൂടിയാണ്. ഈ ചെടിയുടെ പേരിലുള്ള മണി സമ്പത്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് ചൈന ഉൾപ്പെടെ പല ദേശക്കാരും വിശ്വസിക്കുന്നു.

പച്ചയും മഞ്ഞയും നിറമുള്ള ഇലകളോടുകൂടിയ ചെടിക്കൊപ്പം മുഴുവനായി ഇളംമഞ്ഞനിറത്തിൽ ഇലകൾ ഉള്ളവ, പച്ചയ്ക്കൊപ്പം വെള്ളനിറംകൂടി ഇലകളിൽ ഉള്ളവ, മഞ്ഞയോ വെള്ളയോ, പുള്ളിക്കുത്ത്, അല്ലെങ്കിൽ വരകളോടുകൂടിയവ തുടങ്ങി പലതരം മണി പ്ലാന്റ് ഇനങ്ങളുണ്ട്.

മണിപ്ലാന്റിന്റെ നൂതന സങ്കരയിനങ്ങൾ കൂമ്പുനുള്ളി കുറ്റിച്ചെടിയായും പരിപാലിക്കാം. ഹരിത ഭിത്തി തയ്യാറാക്കാൻ, പാത്രത്തിൽ നിറച്ച വെള്ളത്തിൽ പരിപാലിക്കാൻ, തൂക്കിയിട്ടു വളർത്താൻ, ടീപോയ്, മേശ എന്നിവയിൽ ആകർഷകമായ ചട്ടികളിൽ വളർത്താനുമെല്ലാം മണിപ്ലാന്റിന് നല്ല ഡിമാൻഡാണ്.

മണിപ്ലാന്റിന്റെ തണ്ട് ഉപയോ​ഗിച്ച് പുതിയ ചെടികൾ അനായാസം വളർത്തിയെടുക്കാൻ പറ്റും. അധികം പ്രായമാകാത്ത തണ്ടാണ് ഇതിനായി വേണ്ടത്. തിരഞ്ഞെടുത്ത തണ്ടിന്റെ മുട്ട് ഉൾപ്പെടെ ഒരിഞ്ച് നീളമുള്ള 8-10 കഷ്ണങ്ങൾ റബ്ബർ ബാൻഡുകൊണ്ട് ചുറ്റി കെട്ടിയെടുത്തശേഷം തണ്ടിന്റെ ചുവടുമാത്രം മുങ്ങുന്നവിധത്തിൽ ചില്ലു​ഗ്ലാസിൽ നിറച്ച വെള്ളത്തിൽ ഇറക്കിവെക്കണം. മൂന്ന് ആഴ്ചയ്ക്കുള്ളിൽ വേരുകൾ ഉണ്ടായിവരും. ആവശ്യത്തിന് വേരുകളായാൽ റബ്ബർ ബാൻഡ് നീക്കി നടാം. അധികമായി പച്ചനിറമുള്ളവ വീടിനുള്ളിലെ പ്രകാശം കുറഞ്ഞ ഇടങ്ങളിലേക്ക് പറ്റിയവയാണ്. മഞ്ഞയോ വെള്ളോ നിറം അധികമായി ഉള്ളവ കൂടുതൽ പ്രകാശം കിട്ടുന്നിടത്ത് വേണം വളർത്താൻ.

വേ​ഗത്തിൽ വളരുന്ന വള്ളിച്ചെടിയായതിനാൽ ചട്ടിയിൽ പ്രത്യേകം തയ്യാറാക്കിയ താങ്ങിൽ അനായാസം പടർത്തിക്കയറ്റാം. ബാൽക്കണിയുടെ ഭിത്തിയിൽ തടിയുടെ വീതികുറഞ്ഞ പട്ടികകൊണ്ട് ആകർഷകമായി ഒരുക്കിയെടുത്ത് ഫ്രെയ്മിലും പടർത്താം.

ചില്ലുപാത്രത്തിൽ ആവശ്യത്തിന് ശുദ്ധജലം നിറച്ച്, ചെടി നിവർത്തി നിർത്താൻ ചുറ്റും വെള്ളാരം കല്ലുകൾ നിരത്തി പരിപാലിക്കാം. കൊതുകുകൾ മൂട്ടയിട്ട് പെരുകുന്നത് തടയാൻ ഒന്നുതരണ്ടുതുള്ളി വേപ്പെണ്ണ വെള്ളത്തിൽ ഒഴിക്കുന്നത് നന്നാവും.

സെറാമിക്, ഫൈബർ ചട്ടികളിലും ​ഗ്ലാസ് ബൗളിലും ഈ അലങ്കാരച്ചെടി വളർത്താം. തിരഞ്ഞെടുത്ത അലങ്കാര പാത്രത്തിൽ മുഴുവനായി ഇറക്കി വെക്കാൻ പറ്റിയ പ്ലാസ്റ്റിക് ചട്ടിയിൽ മിശ്രിതം നിറച്ച് ചെടി നടണം. മിശ്രിതത്തിന്റെ മുകൾഭാ​ഗം മറയുന്ന വിധത്തിൽ വർണക്കല്ലുകൾ നിരത്താം.

ചേമ്പുവർ​ഗത്തിൽപ്പെടുന്ന ഈ ഇലച്ചെടി മനുഷ്യശരീരത്തിനുള്ളിൽ കടന്നാൽ അലർജി ഉണ്ടാക്കാൻ കാരണമാകാറുള്ളതുകൊണ്ട് കുട്ടികൾക്ക് എത്താത്ത ഉയരത്തിൽ വളർത്താൻ ശ്രദ്ധിക്കുക.

ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: benefits of money plant scindapsus, interior plants


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented