വിരാട് കോലി, അനുഷ്കാ ശർമ, ഷാഹിദ് കപൂർ, മിറ കപൂർ | Photo: Instagram
ആധുനിക ശൈലിയില്‍ നിര്‍മിക്കുന്ന വീടുകളുടെ അവശ്യഘടകങ്ങളിലൊന്നാണ് ബാല്‍ക്കണികള്‍. ഉള്ളിലെ മുറികളിലേക്ക് ആവശ്യത്തിന് കാറ്റും വെളിച്ചവും എത്തിക്കുന്നു എന്നതിനുപുറമെ വീടിന് പുറത്തേക്കുള്ള പ്രവേശനമാര്ഗമായും ബാല്‍ക്കണികള്‍ പ്രവര്‍ത്തിക്കുന്നു. ബാല്‍ക്കണികള്‍ വീടിന് ഉള്ളിലെ ഒരു ഭാഗമാണെങ്കില്കൂടിയും അവയുടെ അലങ്കാരം വീടിനുള്ളില്‍ നിന്ന് വ്യത്യസ്തമാണ്. ബാല്‍ക്കണി അലങ്കരിക്കുന്നത് ചിലര്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒഴിവുസമയം ചെലവഴിക്കുന്നതിനും ചെടികളും മറ്റും വളര്‍ത്തുന്നതിനും യോഗ, ധ്യാനം തുടങ്ങിയവ ചെയ്യുന്നതിനുള്ള ഏരിയയാക്കി ബാല്‍ക്കണിയെ മാറ്റാവുന്നതാണ്. ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ ബാല്‍ക്കണി അലങ്കരിക്കുന്നതിന് സ്വീകരിച്ച ആശയങ്ങള്‍ പരിചയപ്പെടാം
ഷാഹിദ് കപൂര്‍, മിറ കപൂര്‍
അറേബ്യന്‍ കടലിന് അഭിമുഖമായി മുംബൈയിലെ ജുഹുവിലാണ് ബോളിവുഡിന്റെ പ്രിയതാരം ഷാഹിദ് കപൂറിന്റെ വീട് സ്ഥിതി ചെയ്യുന്നത്. അതിനാല്‍തന്നെ കടലിന്റെ മനോഹാരിത ഒപ്പിയെടുക്കുന്നതാണ് വീടിന്റെ ബാല്‍ക്കണി. അസ്തമയം ഇവിടെനിന്ന് നേരിട്ട് കാണാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.
ഭിത്തികൊണ്ട് അടച്ചുകെട്ടുന്നത് ഒഴിവാക്കി തുറസ്സായ രീതിയിലാണ് വീടിന്റെ ബാല്‍ക്കണി ഡിസൈന്‍ ചെയ്തിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്ക് ഒത്തുകൂടുന്നതിനുള്ള ഇടമെന്ന രീതിയില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. അതിന് അനുസൃതമായാണ് ഫര്‍ണിച്ചറുകള്‍ ഒരുക്കിയിരിക്കുന്നത്. ആട്ടുകട്ടിലിന് സമാനമായ ഇരിപ്പിടവും ഇവിടെയുണ്ട്. വെളുത്തപൂക്കളുള്ള ബോഗന്‍ വില്ല ചെടിയും ഇവിടെ വളര്‍ത്തിയിട്ടുണ്ട്.
സെയ്ഫ് അലിഖാന്, കരീന കപൂര്‍
വ്യത്യസ്തമായ ചെടികള്‍ കൊണ്ട് അലങ്കരിച്ചതാണ് സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും ബാന്ദ്രയിലെ വീടിന്റെ ബാല്‍ക്കണി. ഇരുവരുടെയും കിടപ്പുമുറിയോട് ചേര്‍ന്നാണ് ബാല്‍ക്കണി സ്ഥിതി ചെയ്യുന്നത്. തുറസ്സായ രീതിയിലാണ് ബാല്‍ക്കണി സെറ്റ് ചെയ്തിരിക്കുന്നത്. അവധിദിനങ്ങളും ഉത്സവങ്ങളും ആഘോഷിക്കുന്നതിനുള്ള സൗകര്യങ്ങളോടെയാണ് ബാല്‍ക്കണി ഡിസൈന്‍ ചെയ്തിരിക്കുന്നത്.ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധാലുവായ കരീനയ്ക്ക് യോഗ ചെയ്യുന്നതിന് വിശാലമായ സൗകര്യവും ബാല്‍ക്കണിയില്‍ ഒരുക്കിയിട്ടുണ്ട്.
അക്ഷയ് കുമാര്‍, ട്വിങ്കില്‍ ഖന്ന
മുംബൈയിലെ തിരക്കേറിയ നഗരമായ ജുഹുവിലാണ് അക്ഷയ് കുമാറിന്റെയും ട്വിങ്കില്‍ ഖന്നയുടെയും വീട്. അറേബ്യന്‍ കടലിന് അഭിമുഖമായാണ് വീടിന്റെ സ്ഥാനം. വീടിന്റെ പുറകുവശത്തായാണ് ബാല്‍ക്കണി സെറ്റ് ചെയ്തിരിക്കുന്നത്. ഇവിടെനിന്നുള്ള കാഴ്ചകള്‍ ട്വിങ്കില്‍ ഖന്ന മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇലകള്‍ ഇടതൂര്‍ന്ന് നില്ക്കുന്ന ചെടികളും നടവഴിയും ശില്പങ്ങളും ചെറിയൊരു ജലധാരയും എല്ലാം ഉള്‍ക്കൊള്ളിച്ചാണ് ബാല്‍ക്കണി ഡിസൈന്‍ ചെയ്തിരിക്കുന്നത്. അവധിദിവസങ്ങളിലും ഒഴിവുസമയങ്ങളിലും കുടുംബാംഗങ്ങള്‍ക്ക് ഒത്തുചേരുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.
വിരാട് കോലി, അനുഷ്കാ ശര്‍മ
ബോളിവുഡ് നടി അനുഷ്കാ ശര്‍മയുടെയും ക്രിക്കറ്റ്താരം വിരാട് കോലിയുടെയും ആഡംബര ഭവനം കടലിന് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്. ഒരു കൊച്ചുപ്രകൃതിയുടെ മാതൃകയാണ് വീടിന്റെ ബാല്‍ക്കണി. അനുഷ്കയുടെ ചെടികളോടുള്ള താത്പര്യത്തിന്റെ നേര്‍ക്കാഴ്ചയാണ് ഇവിടെയുള്ളത്. പൂച്ചെടികളേക്കാള് ഉപരിയായി പച്ചിലകള്‍ നിറഞ്ഞ ചെടികളാണ് ഇവിടെയുള്ളത്. വുഡന്‍ ഫ്ളോറിങ്, തറമുതല്‍ സീലിങ് വരെ നീളുന്ന ഗ്ലാസ് വിന്‍ഡോകള്‍, ഗ്ലാസിലുള്ള തട്ട് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. താരദമ്പതികളുടെ പ്രിയപ്പെട്ട ഒഴിവുസമയകേന്ദ്രമാണിത്.
തപ്സി പന്നു
ചെടികളാലും പെയിന്റിങ്ങുകളാലും അലംങ്കൃതമാണ് ബോളിവുഡ് നടി തപ്സി പന്നുവിന്റെ വീടിന്റെ ബാല്‍ക്കണി. നഗരകാഴ്ചകള്‍ ഒപ്പിയെടുക്കുന്ന ഇവിടെയാണ് തപ്സി ധ്യാനം, യോഗ എന്നിവയെല്ലാം ചെയ്യുന്നത്. വുഡന്‍ ഫ്ളോറിങ്ങാണ് മറ്റൊരു പ്രത്യേകത.
Content Highlights: celebrity homes, breath taking balconies, balcony decoration ideas, myhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..