ലോക്ഡൗണ്‍ കാലത്താണ് വീട്ടിലിരുന്നുള്ള ജോലി ചെയ്യല്‍ എത്രത്തോളം സൗകര്യപ്രദവും അതേസമയം ദുഷ്‌കരവുമാണെന്ന് ചിലര്‍ തിരിച്ചറിയുന്നത്. പങ്കാളിയുടെ പ്രൊഫഷനെക്കുറിച്ചും അതിന്റെ ബുദ്ധിമുട്ടുകളുമൊക്കെ പലര്‍ക്കും നേരില്‍ കണ്ടറിയാനുള്ള അവസരവുമായി ഇത്. ലോകപ്രശസ്തനായ ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റായ ബാങ്ക്‌സിയുടെ വീട്ടിലും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സൂചിപ്പിക്കുന്നത്.

ലോകമെമ്പാടും ആരാധകരുള്ള ഗ്രാഫിറ്റി കലാകാരനാണ് ബാങ്ക്‌സി. തന്റെ ചിത്രങ്ങളിലൂടെ തന്നെ സ്‌നേഹിക്കുന്ന ആരാധകര്‍ക്കായി ചില വിശേഷങ്ങളും ബാങ്ക്‌സി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ വര്‍ക്ക് ഫ്രം ഹോം കാലത്തെ ഒരു ചിന്ത പങ്കുവെക്കുകയാണ് ബാങ്ക്‌സി. 

ഞാന്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനെ ഭാര്യ വെറുക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ബാങ്ക്‌സി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു ബാത്‌റൂമിനുള്ളില്‍ ബാങ്ക്‌സി ഒരുക്കിയ കലാവിരുതുകളാണ് ചിത്രത്തിലുള്ളത്. ക്ലോസറ്റിലും വാഷ് ബേസിനു വശങ്ങളിലും കണ്ണാടിക്കു മുകളിലും താഴെയും ടോയ്‌ലറ്റ് പേപ്പറിനു മുകളിലുമൊക്കെ നിരവധി എലികളെ വരച്ചിരിക്കുകയാണ് ബാങ്ക്‌സി. 

 
 
 
 
 
 
 
 
 
 
 
 
 

. . My wife hates it when I work from home.

A post shared by Banksy (@banksy) on

നഗരത്തെരുവുകളിലെ പരീക്ഷണം പോലെ തന്റെ ബാത്‌റൂമിലൊന്നു പരീക്ഷിച്ചിതായിരുന്നു കക്ഷി. പക്ഷേ ഭാര്യയെ ശുണ്ഠി പിടിപ്പിക്കാനെന്നോണം അല്‍പം അലങ്കോലമാക്കുകയും ചെയ്തു ബാങ്ക്‌സി. പേസ്റ്റിനു മുകളില്‍ ഞെക്കുന്ന എലിയെ വരച്ച ബാങ്ക്‌സി പേസ്റ്റു ചുവരിലേക്ക് തെറിപ്പിക്കുകയും ചെയ്തു. ബാത്‌റൂമില്‍ നീളത്തില്‍ ടോയ്‌ലറ്റ് പേപ്പര്‍ വിരിച്ച് എലികള്‍ ചാടിരസിക്കും പോലെയാണ് മറ്റൊരു ചിത്രം. 

ഇങ്ങനെയൊക്കെ ചെയ്തു വച്ചാല്‍ ഏതു ഭാര്യയായാലും ദേഷ്യപ്പെട്ടു പോകുമെന്നാണ് ചിത്രങ്ങളോട് ഏറെ പേരും കമന്റ് ചെയ്യുന്നത്. എന്തായാലും എപ്പോഴത്തെയും പോലെ ബാങ്ക്‌സിയും ഗ്രാഫിറ്റിയും വീണ്ടും സമൂഹമാധ്യമത്തില്‍ തരംഗമാവുകയാണ്. ഇതിനകം 1.9 മില്യണ്‍ ലൈക്കുകളും ഇരുപതിനായിരത്തില്‍പ്പരം കമന്റുകളുമാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

Content Highlights: Banksy’s wife doesn’t appreciate this work from home art piece