മുള ഉപയോഗിച്ച് കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ പ്രോത്സാഹിപ്പിക്കാന്‍ തിരുവനന്തപുരം മുടവന്‍ മുഗളില്‍ ബാംബൂ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ നിര്‍മാതാക്കളായ ഹാബിറ്റാറ്റ് ഗ്രൂപ്പ് സ്ഥാപിച്ചിരിക്കുന്ന  മുള നിര്‍മാണ സ്‌കൂളിന്റെ ഉദ്ഘാടനം ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് ബുധനാഴ്ച നിര്‍വ്വഹിച്ചു. മുടവന്‍മുഗളില്‍ പല ഇനങ്ങളിലുള്ള മുളങ്കൂട്ടങ്ങള്‍ നിറഞ്ഞ വിശാലമായ വളപ്പിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. മുള ഉപയോഗിച്ചുള്ള നിര്‍മാണ സാങ്കേതികവിദ്യ വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് സ്‌കൂളിന്റെ പ്രധാന ലക്ഷ്യം. സ്‌കൂളില്‍ ഹ്രസ്വകാല കോഴ്‌സുള്ള സൗകര്യവും ഉണ്ടായിരിക്കും. 

മുള സംസ്‌കരിക്കുന്നതിനുള്ള സൗകര്യങ്ങളും മുള ഉല്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള വര്‍ക്‌ഷോപ്പും സ്‌കൂളിന്റെ ഭാഗമായ് നടത്തും.നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്  മുള ശാസ്ത്രീയമായി ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യ സ്‌കൂളില്‍ വികസിപ്പിക്കുക, ഇങ്ങനെ നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ ഉറപ്പും കാര്യക്ഷമതയും വിലയിരുത്തുക, ഇത്തരം സാങ്കേതികവിദ്യകളുടെ വിഭവലഭ്യതാ കേന്ദ്രമായി പ്രവര്‍ത്തിക്കുക, മുളയെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളുടെ അതിജീവനം ഉറപ്പാക്കുക, മുള ഉപയോഗിച്ചുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ വികസിപ്പിക്കുകയും അതിനുള്ള ഗവേഷണം നടത്തുകയും ചെയ്യുക, മുള ഉല്പന്നങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍  അവബോധം സൃഷ്ടിക്കുക, തരിശുഭൂമിയെ മുള ഉപയോഗിച്ച് ഹരിതവല്‍ക്കരിച്ചും തണ്ണീര്‍ത്തടങ്ങളെയും പുഴയോരങ്ങളെയും  പോഷിപ്പിച്ചും പരിസ്ഥിതി സന്തുലനം ഉറപ്പാക്കുക, റോഡുകളും പാലങ്ങളും നിര്‍മിക്കുന്നതിന് മുള ഭൂവസ്ത്രമായി ഉപയോഗിക്കുക തുടങ്ങിയവയാണ് മുള നിര്‍മാണ സ്‌കൂളിന്റെ ലക്ഷ്യങ്ങള്‍. 

എന്‍ജിനീയര്‍മാര്‍ക്കും വിദഗ്ധ തൊഴിലാളികള്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കും മൂന്നുമാസത്തെ പരിശീലനമാണ് ഉദ്ദേശിക്കുന്നത്. നിര്‍മാണത്തിനാവശ്യമായ ഉപകരണങ്ങളുപയോഗിച്ച് പ്രായോഗിക പരിശീലനം നല്‍കുകയും  അതോടൊപ്പം ആവശ്യമായ പുസ്തകങ്ങള്‍, ലഘുലേഖകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയ പാഠ്യോപകരണങ്ങളും സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്. മുള ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളും ഫര്‍ണിച്ചറും നിര്‍മിക്കുന്നതിനു പരിശീലനം നല്‍കുന്ന ഹ്രസ്വകാല കോഴ്‌സുകളും സ്‌കൂളില്‍ വൈകാതെ ആരംഭിക്കും.

ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ 30ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സ്‌കൂള്‍ ആരംഭിച്ചിരിക്കുന്നത്. സ്‌കൂളിനെ കൂടാതെ ചെലവു കുറച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ മാതൃകകളും തയാറാക്കിയിട്ടുണ്ട്.