ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കോയിക്കല്‍ കൊട്ടാരത്തിന്റെ മുഖമണ്ഡപവും പള്ളിയറക്കെട്ടും ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള കെട്ടിടങ്ങള്‍ നവീകരിക്കാന്‍ തീരുമാനം. കെട്ടിടങ്ങള്‍ നവീകരിച്ചശേഷം പുതിയ പഠനകേന്ദ്രം ആരംഭിക്കാനും പദ്ധതിയുണ്ട്. ബുധനാഴ്ച കൊട്ടാരം സന്ദര്‍ശിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറാണ് നാട്ടുകാരെയും ജനപ്രതിനിധികളെയും ഇക്കാര്യം അറിയിച്ചത്.
കോയിക്കല്‍ കൊട്ടാരത്തിന്റെ മുഖമണ്ഡപമുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണ്. മുഖമണ്ഡപത്തിനു പിന്നില്‍ പള്ളിയറ ഭഗവതീക്ഷേത്രം ഉള്‍പ്പെടുന്ന പള്ളിയറക്കെട്ട്. ഇതിനോട് ചേര്‍ന്ന് ഊട്ടുപുരയും അടുക്കളയുമുണ്ട്. ഈ ഭാഗങ്ങളും ക്ഷേത്രങ്ങളും ബോര്‍ഡ് പ്രസിഡന്റ് സന്ദര്‍ശിച്ചു.
ഇവിടെ 2015 വരെ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രകലാപീഠം പ്രവര്‍ത്തിച്ചിരുന്നു. ക്ഷേത്രവാദ്യങ്ങളിലുള്ള പരിശീലനമാണ് ഇവിടെ നടത്തിയിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ചെലവുമുഴുവന്‍ ദേവസ്വം ബോര്‍ഡാണ് വഹിച്ചിരുന്നത്. പിന്നീട് ഇവിടെ പല പദ്ധതികളും ആലോചിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല.
കൊട്ടാരത്തിന്റെ മുഖമണ്ഡപം ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന നിലയിലാണ്. ആറ്റിങ്ങലിന്റെ ചരിത്രപ്പെരുമയുടെ തലയെടുപ്പാണിതെന്നും ഇത് സംരക്ഷിക്കണമെന്നും കാണിച്ച് നാട്ടുകാരും ജനപ്രതിനിധികളും പലതവണ സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും സമീപിച്ചിരുന്നു. ഒടുവില്‍ 17,26,000 രൂപയുടെ പണികള്‍ക്ക് ദേവസ്വം ബോര്‍ഡ് പദ്ധതി തയ്യാറാക്കിയെങ്കിലും കരാറെടുക്കാന്‍ ആളുണ്ടായില്ല.
കല്ലും മരവും കൊണ്ടാണ് മുഖമണ്ഡപം നിര്‍മിച്ചിട്ടുള്ളത്. മുകളില്‍ ഓട് പാകിയിട്ടുണ്ട്. ഇത് പൊളിച്ചുപണിയുന്നതിന് വന്‍തുക ചെലവാകുമെന്ന കാരണത്താലാണ് കരാറെടുക്കാന്‍ ആളുകള്‍ തയ്യാറാകാതിരുന്നതെന്ന് അധികൃതര്‍ പറയുന്നു. അതേസമയം ഊട്ടുപുരയുടെയും അടുക്കളയുടെയും നവീകരണത്തിനുള്ള കരാറുകള്‍ ഉറപ്പിക്കുകയും പണികള്‍ ഉടനാരംഭിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള കെട്ടിടങ്ങള്‍ പൂര്‍ണമായി കേടുപാടുകള്‍ തീര്‍ത്ത് പൗരാണികത്തനിമയോടെ സംരക്ഷിക്കുമെന്നാണ് പ്രസിഡന്റ് അറിയിച്ചിട്ടുള്ളത്. ബോര്‍ഡിന്റെ നേതൃത്വത്തില്‍ പണികള്‍ നടത്താന്‍ പ്രയാസമാണെങ്കില്‍ മറ്റ് ഏജന്‍സികളെക്കൊണ്ട് നവീകരണ ജോലികള്‍ നടത്താന്‍ തയ്യാറാണ്. തൊട്ടടുത്തദിവസം കൊട്ടാരത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.
കെട്ടിടങ്ങളുടെ നവീകരണം പൂര്‍ത്തിയായാലുടന്‍തന്നെ പുതിയ പഠനകേന്ദ്രം തുടങ്ങും. തൊട്ടടുത്ത ബോര്‍ഡ് യോഗത്തില്‍ത്തന്നെ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും പ്രസിഡന്റ് അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ കൊട്ടാരത്തിലെത്തിയ ബോര്‍ഡ് പ്രസിഡന്റും സംഘവും നാലുമണിയോടെയാണ് മടങ്ങിയത്. പ്രസിഡന്റിനൊപ്പം അംഗം കെ.പി.ശങ്കരദാസ്, ചീഫ് എന്‍ജിനീയര്‍ ജി.എല്‍.വിനയകുമാര്‍, എന്നിവരുമുണ്ടായിരുന്നു. നഗരസഭാധ്യക്ഷന്‍ എം.പ്രദീപ്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ്, നഗരസഭാ ഉപാധ്യക്ഷ ആര്‍.എസ്.രേഖ, കൗണ്‍സിലര്‍മാരായ പ്രശാന്ത്, ഷീജ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Content Highlight; Attingal palace Renovation