ഡിഫോർട്ട് സ്റ്റുഡിയോയുടെ നേതൃത്വത്തിൽ 5.3 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച വീട്.
ഒരു വീടെന്നാല്‍ സാധാരണക്കാരന് പലപ്പോഴും കിട്ടാക്കനിയാണ്. കയറിക്കിടക്കാന്‍ ഒരു വീട് എന്നത് അവര്‍ക്ക് പലപ്പോഴും സ്വപ്‌നം മാത്രമായി മാറുന്നു. വീട് നിര്‍മാണത്തിലെ ചെലവ് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ബാങ്ക് വായ്പയെ ആശ്രയിക്കാം എന്നുകരുതിയാലും കുറഞ്ഞ ഭൂമിയുള്ളവര്‍ക്ക് അത് തിരിച്ചടിയാകും.
എന്നാല്‍, ഒരു വീടെന്ന സാധാരണക്കാരന്റെ സ്വപ്‌നത്ത് ചിറക് മുളപ്പിക്കുകയാണ് ഡിഫോര്‍ട്ട് സ്റ്റുഡിയോ എന്ന സ്ഥാപനം. കോഴിക്കോട് സ്വദേശികളും ആര്‍ക്കിടെക്റ്റുമാരുമായ മുഹമ്മദ് നിയാസ്, അജയ് എന്നിവരാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഫോര്‍ട്ട് സ്റ്റുഡിയോയുടെ അമരക്കാര്‍.
.jpg?$p=eb758f7&&q=0.8)
കണ്‍സള്‍ട്ടിങ് സേവനമായി തുടക്കം
സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കണമെന്നതായിരുന്നു ആര്‍ക്കിടെക്റ്റ് കോഴ്‌സ് കഴിഞ്ഞതിനുശേഷം നിയാസിന്റെയും അജയ്‌യുടെയും തീരുമാനം. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഒരു കണ്‍സള്‍ട്ടിങ് സ്ഥാപനം തുടങ്ങി. ചെലവ് കുറച്ച് വീട് വയ്ക്കുന്നതിനുള്ള സഹായങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ചെയ്ത് നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഒപ്പം വീടുകളുടെ ഇന്റീരിയര്‍ ജോലികള്‍ക്കും മേല്‍നോട്ടം വഹിച്ചു.
.jpg?$p=ada105f&&q=0.8)
എന്നാല്‍, മറ്റൊരു ആര്‍ക്കിടെക്റ്റും കരാറുകാരനും വീട് നിര്‍മാണത്തിന് നേതൃത്വം നല്‍കുമ്പോള്‍ തങ്ങളുടെ ഉപദേശങ്ങള്‍ക്കും സേവനങ്ങള്‍ക്കുമനുസരിച്ച് ചെലവ് കുറയ്ക്കാന്‍ കഴിയുന്നില്ലെന്ന് മനസ്സിലാക്കി. തുടര്‍ന്ന് വീടിന്റെ നിര്‍മാണത്തിന് കൂടി ഇവര്‍ നേതൃത്വം നല്‍കുകയായിരുന്നു. അങ്ങനെയാണ് ഡിഫോര്‍ട്ട് സ്റ്റുഡിയോയുടെ പിറവി. 2018-ലാണ് വീട് നിര്‍മാണം എന്ന ചുമതല ഏറ്റെടുത്ത് ഡിഫോര്‍ട്ട് സ്റ്റുഡിയോ പ്രവര്‍ത്തനം തുടങ്ങിയത്. 5.3 ലക്ഷം രൂപയുടെ വീട് നിര്‍മിച്ചായിരുന്നു വീട് നിര്‍മാണത്തിലേക്ക് കടന്നത്. ഈ വീട് സാമൂഹികമാധ്യമത്തില്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ കേരളത്തില്‍ ഇവരുടെ നേതൃത്വത്തില്‍ 15 വീടുകൾക്കാണ് ഇതുവരെ താക്കോൽ കൈമാറിയത്. ഇത് കൂടാതെ റെനൊവേഷൻ, ഇന്റീരിയർ വർക്കുകളും ഡിഫോർട്ട് സ്റ്റുഡിയോയുടെ നേതൃത്വത്തിൽ ചെയ്ത് നൽകുന്നു. അഞ്ച് ലക്ഷം രൂപ മുതലാണ് ബഡ്ജറ്റ് വരുന്നത്.
പ്ലാനിങ് മുതല്‍ താക്കോല്‍ കൈമാറുന്നത് വരെ
വീട് നിര്‍മാണത്തിലെ ആദ്യ ഘട്ടമായ പ്ലാനിങ് മുതല്‍ അവസാന ഘട്ടമായ താക്കോല്‍ കൈമാറുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഡിഫോര്‍ട്ട് സ്റ്റുഡിയോ മേല്‍നോട്ടം വഹിക്കുന്നു. ആര്‍ക്കിടെക്റ്റ്, ആവശ്യമായ തൊഴിലാളികള്‍, വാഹന സൗകര്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇവര്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. വീടിന്റെ ഉടമസ്ഥന് നിര്‍മാണത്തിന്റെ ഒരു ഘട്ടത്തില്‍പോലും യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നില്ലയെന്നതും നേട്ടമാണ്.
.jpg?$p=8b03612&&q=0.8)
ചെലവ് കുറയ്ക്കുന്ന ഘടകങ്ങള്‍
''പ്ലാസ്റ്ററിങ് പരമാവധി ഒഴിവാക്കുകയാണ് ചെലവ് കുറയ്ക്കുന്നതിലെ പ്രധാന ഘടകം. അപ്പോള്‍ അതിന് അനുസരിച്ച് ബ്രിക്ക് തിരഞ്ഞെടുക്കണം. ഇന്റീരിയറിലാണ് പിന്നീട് ചെലവ് കുറയ്ക്കാന്‍ കഴിയുക. വീട് നിര്‍മിക്കുന്നതിന് പ്ലാന്‍ തയ്യാറാക്കുമ്പോള്‍ തന്നെ വീടിന്റെ ഇന്റീരിയറിനെക്കുറിച്ചും ധാരണയുണ്ടാകണം. സീലിങ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അങ്ങനെ ചെലവ് കുറയ്ക്കാന്‍ കഴിയും. ഇനിയും ചെലവ് കുറയ്ക്കുന്ന ധാരാളം ഘടകങ്ങള്‍ ഉണ്ട്. അവയെല്ലാം പരിഗണിച്ചാണ് വീട് നിര്‍മിക്കുന്നത്''-നിയാസ് പറഞ്ഞു.
.jpg?$p=9745ddf&&q=0.8)
ഉപഭോക്താവിന്റെ ഇഷ്ടം പരിഗണിച്ച്
ചെലവ് കുറയ്ക്കുന്ന ഘടകങ്ങള്‍ ഒന്നായി പരിഗണിക്കുമ്പോഴും ഉപഭോക്താവിന്റെ ഇഷ്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും തന്നെയാണ് മുന്‍തൂക്കം. ഉപഭോക്താവിന്റെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് മാത്രമാകും വീട് നിര്‍മിക്കുക. വെള്ളം, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം ഉപഭോക്താവ് ഒരുക്കി നല്‍കിയാല്‍ മതി. വീട് നിര്‍മാണത്തിനുള്ള പരിചയസമ്പത്ത് ഉള്ള തൊഴിലാളികളെയും മറ്റ് ഡിഫോര്‍ട്ട് സ്റ്റുഡിയോ നല്‍കും. ആറ് മുതല്‍ എട്ട് മാസം വരെയാണ് ഒരു വീട് നിര്‍മിക്കുന്നതിന് എടുക്കുന്ന സമയം. നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും ഞങ്ങള്‍ വരുത്താറില്ല. അതാണ് ഞങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്ന ഘടകവും-നിയാസ് പറഞ്ഞു. ലാഭം ലക്ഷ്യം വെച്ചല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ലാഭത്തെക്കാളുപരി സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് കൂട്ടാവുക എന്നതാണ് ഞങ്ങളുടെ സ്വപ്‌നം-നിയാസ് കൂട്ടിച്ചേര്‍ത്തു.
Content Highlights: budget home, myhome, homeplans, veedu, defort studio
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..