തിരുവനന്തപുരം നഗരം ചരിത്രസ്മാരകങ്ങളുടേതാണ്. കിഴക്കേക്കോട്ട മുതല്‍ പാളയം വരെയുള്ള പ്രദേശങ്ങളെല്ലാം തിരുവിതാംകൂറിന്റെ ചരിത്രമേറെ പറയുന്ന സ്മാരകങ്ങള്കൊണ്ടു നിറഞ്ഞതാണ്. കോട്ടയ്ക്കകത്തുതന്നെ ഇരുപതോളം സ്മാരകങ്ങളുണ്ട്. യൂണിവേഴ്സിറ്റി കോളേജ്, സെക്രട്ടേറിയറ്റ്, ആര്‍ട്സ് കോളേജ്, വിമന്‍സ് കോളേജ്, റസിഡന്‍സി, പാളയം കണ്ണിമേറാ മാര്‍ക്കറ്റ് തുടങ്ങിയിടത്തെല്ലാം ചരിത്രം ഉറങ്ങിക്കിടക്കുന്നു.
കോര്‍പ്പറേഷന്റെ സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനു നിര്‍ദേശമുണ്ട് ഇതിനായുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടത് 2019-ലാണ്. എന്നാല്‍, ചരിത്രസ്മാരകങ്ങളായി നിലകൊള്ളുന്ന കെട്ടിടങ്ങളില്‍ പലതും നാശത്തിന്റെ വക്കിലാണ്.
തിരുവിതാംകൂറിന്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന കോട്ടമതില്‍ ഇതില്‍ പ്രധാനം. കോട്ടയോടു ചേര്‍ന്ന് മൂത്രപ്പുരയും അനധികൃത നിര്‍മാണങ്ങളുമുണ്ട്. ഇവയെല്ലാം നീക്കംചെയ്ത് പൈതൃകകെട്ടിടങ്ങളുടെ സംരക്ഷണമെന്നത് ഏറെ ശ്രമകരമായ ജോലിയാണ്.
കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനൊപ്പം ഇവയുടെ പാരമ്പര്യത്തനിമ നിലനിര്‍ത്തുകയും ചെയ്യണം. സമീപകാലത്ത് പൊതുമരാമത്തുവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ അറ്റകുറ്റപ്പണികള്ക്കെതിേര വ്യാപകമായ വിമര്‍ശനമാണ് നഗരവാസികളും ചരിത്രസ്നേഹികളും ഉന്നയിച്ചത്. കെട്ടിടത്തിന്റെ തനിമ നശിപ്പിക്കുന്നതാണ് അറ്റകുറ്റപ്പണികളെല്ലാം എന്നതാണ് ഇതില്‍ പ്രധാനം.
ഏകീകൃത മാനദണ്ഡമുണ്ടാകണം
100 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളെ സംരക്ഷിക്കുന്നതിനാണ് സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ പ്രാഥമിക പരിഗണന നല്‍കുന്നത്. ഇതിനായി ഏകീകൃത മാനദണ്ഡം ഉണ്ടാക്കേണ്ടതുണ്ട്. പദ്ധതിയുടെ വലിയൊരു ശതമാനം തുക അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിവയ്ക്കേണ്ടിവരുമെന്നതാണ് യാഥാര്‍ത്ഥ്യം. പൈതൃകനഗരം എന്നവകാശപ്പെടുന്നുണ്ടെങ്കിലും തലസ്ഥാനനഗരത്തില്‍ പല നിര്‍മിതികളും തകര്‍ന്നുകൊണ്ടിരിക്കുകയാണ്.
കോട്ടയ്ക്കകത്തുമാത്രം പത്തു കൊട്ടാരങ്ങളുണ്ടെന്നാണു കണക്ക്. ഇവ മുഴുവന്‍ സ്വകാര്യ ട്രസ്റ്റുകളുടെയും ക്ഷേത്രത്തിന്റെയും വകയാണ്. സ്വകാര്യ ട്രസ്റ്റാണെങ്കിലും ചരിത്രസ്മാരകമായിക്കണ്ട് ഇവയുടെയെല്ലാം അറ്റകുറ്റപ്പണി നടത്തണം. ഇതിനായി വിശദപഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുന്‍പ് കോര്പ്പറേഷന് ഒട്ടേറെ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്.
ഫലത്തില്‍ പൈതൃകസംരക്ഷണമെന്നത് കോര്‍പ്പറേഷനെ സംബന്ധിച്ച് ഏറെ ശ്രമകരവുമാണ്. മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ തലസ്ഥാനനഗരം വിനോദസഞ്ചാരരംഗത്ത് ഏറെ കുതിപ്പുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഒട്ടേറെ സഞ്ചാരികള്‍ക്കു കാണാനും പഠിക്കാനുമുള്ള ഒട്ടേറെ ചരിത്രശേഷിപ്പുകളാണ് നഗരത്തിലുള്ളത്.
ശ്രീപദ്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ടുതന്നെ ഒട്ടേറെ ചരിത്രനിര്‍മിതികള്‍ പരിപാലിക്കപ്പെടേണ്ടതുണ്ട്. ചരിത്രശേഷിപ്പുകളില്‍ പലതും കൈയേറിയിരിക്കുകയുമാണ്. ഇവയെല്ലാം തിരിച്ചുപിടിക്കേണ്ടതുണ്ട്.
കിഴക്കേക്കോട്ടയ്ക്കും പടിഞ്ഞാറേക്കോട്ടയ്ക്കുമിടയിലുള്ള കോട്ടമതിലുകളില്‍ പലതും തകര്‍ന്നുകഴിഞ്ഞു. ഇവയുടെ പുനര്‍നിര്‍മാണമെന്നത് ദീര്‍ഘനാളായി ഉന്നയിക്കപ്പെടുന്ന ആവശ്യമാണ്. പുരാവസ്തുസംരക്ഷണവുമായി ബന്ധപ്പെട്ട വകുപ്പ് ഇക്കാര്യത്തില്‍ ദീര്‍ഘനാളായി അലംഭാവം തുടരുകയുമാണ്.
നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള പബ്ലിക് ലൈബ്രറി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്തുവകുപ്പ് നടത്തുന്നതാകട്ടെ തികച്ചും അലംഭാവത്തോടെയാണ്. ചരിത്രനിര്‍മിതിയുടെ പ്രാധാന്യം മനസ്സിലാക്കാതെയുള്ള അറ്റകുറ്റപ്പണികളും ചായംപൂശലുകളുമാണു നടക്കുന്നത്.
കണ്‍സള്‍ട്ടന്റിനെ നിയോഗിച്ച് വിശദപഠന റിപ്പോര്‍ട്ട് തയ്യാറാക്കിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമരൂപമാകുകയുള്ളൂവെന്നാണ് കോര്പ്പറേഷന് പറയുന്നത്. ഇതിനായുള്ള പ്രാഥമികജോലികള്‍ ആരംഭിച്ചിട്ടേയുള്ളൂ. കണ്‍സള്‍ട്ടന്റിനെ മൂന്നുമാസത്തിനകം നിയോഗിച്ചാല്പ്പോലും വേണ്ടത്ര ചര്‍ച്ചയും പഠനവും നടത്താന്‍ പിന്നെയും സമയമേറെയെടുക്കും. 2019ലാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നത്. ഫലത്തില്‍ അറ്റകുറ്റപ്പണികള്‍ക്കും മറ്റും ഒരു വര്‍ഷംപോലും ബാക്കിയില്ലാത്ത സ്ഥിതിയാണ്.
സാങ്കേതികസമിതി യോഗം ഇനി വെള്ളിയാഴ്ച
സ്മാര്‍ട്ട്സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേകോദ്ദേശ്യകമ്പനി രൂപവത്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനുള്ള സാങ്കേതികസമിതിയോഗം വെള്ളിയാഴ്ച ചേരും. തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നു.പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയ കണ്‍സള്‍ട്ടന്റിന്റെ പ്രതിനിധികളെ യോഗത്തിന് വിളിച്ചിരുന്നു. ഇവരുടെ അഭിപ്രായങ്ങളും ശേഖരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ സാങ്കേതികസമിതിയംഗങ്ങളുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. ഇതനുസരിച്ചാകും എസ്.പി.വി. രൂപവത്കരിക്കുക. കണ്‍സള്‍ട്ടന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്കും ഉടന്‍ തുടക്കമാകും. എന്തൊക്കെ കാര്യങ്ങളിലാകണം ശ്രദ്ധനല്‍കേണ്ടത് എന്ന കാര്യത്തില്‍ തിങ്കളാഴ്ചനടന്ന യോഗത്തില്‍ ചര്‍ച്ച നടന്നു. മേയര്‍ വി.കെ.പ്രശാന്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
തനിമ നിലനിര്‍ത്തിവേണം അറ്റകുറ്റപ്പണി ( ഡോ. എസ്.ഹേമചന്ദ്രന് മുന്‍ ആര്‍ക്കിയോളജി ഡയറക്ടര്‍)
കെട്ടിടങ്ങളുടെ തനിമ നിലനിര്‍ത്തിക്കൊണ്ടുവേണം അറ്റകുറ്റപ്പണി നടത്തേണ്ടത്. അടുത്തിടെ പാളയം കണ്ണിമേറാ മാര്‍ക്കറ്റിന്റെ ചായംപൂശല്‍ കെട്ടിടത്തിന്റെ യഥാര്‍ഥ നിറത്തോട് നീതിപുലര്‍ത്തുന്നതായിരുന്നില്ല. ബ്രിക്ക് റെഡും വെളുത്ത വരയുമാണ് നഗരത്തിലെ വിക്ടോറിയന്‍ ശൈലിയുള്ള കെട്ടിടങ്ങള്‍ക്കുള്ളത്. എന്നാല്‍, പലയിടത്തും പെയിന്റ് ചെയ്തിരിക്കുന്നത് ആ നിറവുമായി ചേരുന്നതല്ല.
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള കെട്ടിടങ്ങള്‍ പലതുമിപ്പോള്‍ ഓഫീസ് ആവശ്യത്തിനും വിദ്യാലയങ്ങള്‍ക്കുമായി ഉപയോഗിക്കുന്നുണ്ട്.
കെട്ടിടത്തിന്റെ അകം ഉപയോഗിക്കുന്നതിനാല്‍ കാര്യമായ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരില്ല. എന്നാല്‍, കെട്ടിടത്തിന്റെ പുറംഭാഗം ശരിയ്ക്കും അറ്റകുറ്റപ്പണികള്‍ ആവശ്യപ്പെടുന്നുണ്ട്. അവ പൂര്‍ത്തീകരിക്കേണ്ടത് ആ കെട്ടിടങ്ങളുടെ പ്രാധാന്യവും തനിമയും ഉള്‍ക്കൊണ്ടുവേണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..