ബിസിനസ്സ് തിരക്കുകൾക്കൊപ്പം സമൂഹമാധ്യമത്തിലും സംവദിക്കാൻ ഇടം കണ്ടെത്തുന്നയാളാണ് ആനന്ദ് മഹീന്ദ്ര. രസകരവും പ്രചോദനാത്മകവും വ്യത്യസ്തവുമായ വീഡിയോകളും ചിത്രങ്ങളുമായി സമൂഹമാധ്യമത്തിൽ സജീവമാണ് അദ്ദേഹം. ഇപ്പോൾ ആനന്ദ് മഹീന്ദ്ര പങ്കുവച്ച ഒരു ഫോട്ടോയും വൈറലാവുകയാണ്. വെള്ളം പോവാനായി ബാത്റൂമിലും ടോയ്ലറ്റിലുമൊക്കെ വെക്കുന്ന ഫ്ളോർ ഡ്രെയിനിന്റെ ചിത്രമാണ് ട്വീറ്റിലുള്ളത്.

ആദ്യകാഴ്ചയിൽ പ്രശ്നമൊന്നും തോന്നിയില്ലെങ്കിലും സൂക്ഷിച്ചു നോക്കിയാലാണ് ചിത്രത്തിലെ അപാകത പിടികിട്ടുക. ഇതു ചൂണ്ടിക്കാട്ടുക ലക്ഷ്യമിട്ടാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ്  ചെയ്തിരിക്കുന്നതും. മുറിയുടെ മൂലയിലായി സാധാരണപോലെ തന്നെയാണ് ഫ്ളോർ‌‍ ഡ്രെയ്ൻ സെറ്റ് ചെയ്തിട്ടുള്ളതെങ്കിലും ഒരു കുഴപ്പമുണ്ട്. ഇവിടെ നിലത്തു നിന്നും ഒരുപടി മുകളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഫലത്തിൽ വെള്ളം പോകാനുള്ള മാർ​ഗം പാളിപ്പോവുന്ന ഡിസൈനാണിത്. ഒരുപടിയോളം ഉയരത്തിൽ വെള്ളം വന്നാൽ മാത്രമേ ഒഴുകിപ്പോവൽ സാധ്യമാവൂ. 

ആളുകളിൽ അന്തർലീനമായുള്ള പ്രായോ​ഗികമായി ചിന്തിക്കാനുള്ള പ്രവണതയിൽ എനിക്ക് അതിയായ വിശ്വാസമുണ്ട്, പക്ഷേ ചിലപ്പോൾ ഞാൻ ആ പ്രതീക്ഷകളെല്ലാം ഉപേക്ഷിക്കാറുണ്ട് എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം പങ്കുവച്ചിരിക്കുന്നത്. 

സം​ഗതി പോസ്റ്റ് ചെയ്ത് അധികമാവും മുമ്പേ ഓൺലൈനിൽ വൈറലാവുകയും ചെയ്തു. അമ്പതിനായിരത്തോടടുത്ത് ലൈക്കുകളും ആറായിരത്തിൽപ്പരം റീട്വീറ്റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിനു താഴെ രസകരമായ കമന്റുകൾ കുറിച്ചിരിക്കുന്നത്. ഇതുവരെ കണ്ടതിൽ വിചിത്രമായ ഡിസൈനുകളുടെ ചിത്രം സഹിതമാണ് പലരുടെയും കമന്റ്.

Content Highlights: Anand Mahindra’s floor drain post goes viral