വീടുകളൊരുക്കുമ്പോൾ വ്യത്യസ്തത പുലർത്തുന്നവരെ കണ്ടിട്ടുണ്ടാവും. ഫോട്ടോ​ഗ്രാഫിയോടുള്ള ഇഷ്ടം മൂത്ത് ക്യാമറയുടെ രൂപത്തിൽ നിർമിച്ച വീടിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. വീടിന്റെ മേൽക്കൂരയിൽ ആദ്യം സ്വന്തമാക്കിയ കാറിന്റെ രൂപത്തിൽ വാട്ടർ ടാങ്ക് നിർമിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. അതിനു പിന്നിൽ മനോഹരമായൊരു കഥയുമുണ്ടായിരുന്നു. ഇപ്പോഴിതാ ആ വീട്ടുടമയെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്രയുടെ മേധാവി ആനന്ദ് മഹീന്ദ്ര. 

ബിഹാർ സ്വദേശിയായ ഇന്തസാർ ആലം ആണ് താൻ ആദ്യമായി സ്വന്തമാക്കിയ കാറിന്റെ സ്മരണയ്ക്കായി വാട്ടർ ടാങ്ക് നിർമിച്ചപ്പോൾ അതേ ഡിസൈൻ തന്നെ പുലർത്തിയത്. ആദ്യം സ്വന്തമാക്കിയ മഹീന്ദ്ര സ്കോർപിയോയുടെ അതേ രൂപത്തിലാണ് കക്ഷി വാട്ടർ ടാങ്ക് നിർമിച്ചത്. സം​ഗതി വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തിരുന്നു. ഒടുവിൽ മഹീന്ദ്ര ​ഗ്രൂപ്പിന്റെ ചെയർമാൻ തന്നെ പ്രതികരണവുമായി രം​ഗത്തെത്തി. 

''മേൽക്കൂരയ്ക്കു മുകളിലെ സ്കോർപിയോ, വീട്ടുടമയ്ക്ക് എല്ലാ അഭിനന്ദനങ്ങളും. ആദ്യത്തെ കാറിനോടുള്ള അദ്ദേഹത്തിന്റെ വാത്സല്യത്തെ സല്യൂട്ട് ചെയ്യുന്നു എന്നാണ് മഹീന്ദ്ര ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ''

യഥാർഥ വണ്ടിയിലെ നമ്പർ പ്ലേറ്റ് സഹിതം വിടാതെയാണ് ഇന്തസാർ വാട്ടർ ടാങ്ക് നിർമിച്ചത്. ആ​ഗ്രയിലേക്ക് യാത്ര പോയ ഭാര്യയാണ് ഇത്തരത്തിലൊരു ഡിസൈൻ കണ്ട് ഇന്തസാറിനോട് ആശയം പറയുന്നത്. അങ്ങനെ ആ​ഗ്രയിൽ നിന്നു പണിക്കാരെ വരുത്തി തന്റെ ആദ്യത്തെ വാഹനത്തിന്റെ രൂപത്തിൽ വാട്ടർ ടാങ്ക് പണിയുകയായിരുന്നു ഇന്തസാർ. ഇതിനായി 2.5 ലക്ഷം രൂപയാണ് ചെലവായത്. 

വീടിന്റെ മേൽക്കൂരയിൽ മുൻവശത്തായി വഴിയാത്രക്കാർക്കും മറ്റും എളുപ്പത്തിൽ കാണാവുന്ന വിധത്തിലാണ് വാട്ടർ ടാങ്ക് നിർമിച്ചിരിക്കുന്നത്. 

Content Highlights: Anand Mahindra is bowled over by Bihar man who installed Scorpio water tank on terrace