ഒറ്റപ്പാലം: പാടവും സര്‍പ്പക്കാവും പടിപ്പുര വാതിലും താണ്ടി 'അമരാവതി'ക്ക് മുന്നിലെത്തുമ്പോള്‍ എങ്ങും സിനിമയുടെ ഗന്ധമായിരുന്നു. ഗ്രാമങ്ങളിലെ മനുഷ്യബന്ധങ്ങളുടെ ചൂടുംചൂരും തിരക്കഥകളിലേക്കും അവിടെനിന്ന് വെള്ളിത്തിരയിലേക്കും പകര്‍ത്തിയ സംവിധായകന്‍ ലോഹിതദാസിന്റെ അമരാവതിയെന്ന വീട്ടില്‍ ഇന്നുമുണ്ട് ആ ഗന്ധം.

മരിക്കുന്നതിന് പതിമൂന്ന് വര്‍ഷം മുമ്പാണ്  ലോഹിതദാസ് ലക്കിടി അകലൂരില്‍ വല്ലില്ലം എന്ന വീടുവാങ്ങി താമസത്തിനെത്തിയത്. പിന്നീട് പേര് 'അമരാവതി'യെന്നാക്കി. മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതായിരുന്നു ലോഹിക്ക് ഈ വീട് 

amaravathy

1996ലാണ് ഒന്നരയേക്കര്‍ സ്ഥലവും മച്ചിട്ട മൂന്നു നിലയുള്ള പത്തായപ്പുരയും വാങ്ങിയത്.'പിന്നീട് അകലൂര്‍ സിനിമാ സംവിധായകരുടെയും സൂപ്പര്‍ നടന്മാരുടെയും നിര്‍മാതാക്കളുടെയും വിശ്രമകേന്ദ്രമായി മാറി. അകലൂരില്‍ ഭൂതക്കണ്ണാടിയുടെ ചിത്രീകരണത്തിയപ്പോഴാണ് ലോഹി അമരാവതി കാണുന്നതും പിന്നീട് വാങ്ങുന്നതും. ഇരുനൂറു വര്‍ഷം പഴക്കമുള്ള തറവാടായിരുന്നു ഇത്. 

കാരുണ്യം, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കസ്തൂരിമാന്‍, ഓര്‍മച്ചെപ്പ്, സൂത്രധാരന്‍ തുടങ്ങി ഒടുവിലിറങ്ങിയ നിവേദ്യം വരെയുള്ള ചിത്രങ്ങള്‍ക്ക് ലോഹിതദാസ് രൂപകല്പന നല്‍കിയത് 'അമരാവതി'യിലെ പൂമുഖത്തെ ചാരുകസേരയിലിരുന്നാണ്

2017 ജൂണ്‍ 28-ന് ലോഹിതദാസ് വിടപറഞ്ഞിട്ട് എട്ടുവര്‍ഷം.

ബുധനാഴ്ചയും ലോഹിതദാസിന്റെ കുടുംബം ഒറ്റപ്പാലം ലക്കിടിയിലെ അകലൂരിലെത്തിയിരുന്നു. ക്ഷണിക്കാതെ, അറിയിക്കാതെ കഴിഞ്ഞ എട്ടുവര്‍ഷമായി കുറെ സുഹൃത്തുക്കളും ഈദിവസം അമരാവതിയിലെത്തുന്നുണ്ട്.

സിനിമ ചിത്രീകരിക്കാനായി കേരളത്തിന്റെ വിവിധ ഗ്രാമങ്ങളില്‍െവച്ച് പരിചയപ്പെട്ടവരായിരുന്നു ഓര്‍മദിവസത്തില്‍ അകലൂരിലെത്തിയവരിലധികവും. മറ്റുചിലര്‍ അദ്ദേഹത്തിന്റെ ആരാധകരും.

പ്രിയസംവിധായകനുറങ്ങുന്ന മണ്ണിലും അദ്ദേഹമിരുന്നിരുന്ന ചാരുകസേരയിലും വീട്ടിലെത്തിയവര്‍ പുഷ്പാര്‍ച്ചന നടത്തി. ലോഹിതദാസിനോടുള്ള സ്നേഹംകൊണ്ടെത്തിയവര്‍ക്ക് ഭാര്യ സിന്ധുലോഹിതദാസും മക്കളായ ഹരികൃഷ്ണനും വിജയ്ശങ്കറും മരുമകള്‍ ബിവ്യയും ഇലയിട്ട് ഭക്ഷണംനല്‍കി.

amaravthy
അമരാവതിയില്‍ ലോഹിതദാസിന്റെ കുടുംബം

2009 ജൂണ്‍ 28നാണ് ലോഹിതദാസ് മരിക്കുന്നത്. തനിയാവര്‍ത്തനം, കിരീടം, മൃഗയ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായും ഭൂതക്കണ്ണാടി, കാരുണ്യം, കന്‍മദം, അരയന്നങ്ങളുടെ വീട് തുടങ്ങിയ സിനിമകളിലൂടെ സംവിധായകനായും മലയാളികളുടെ പ്രിയ 'സിനിമാക്കാര'നായിരുന്നു ലോഹിതദാസ്.

ഭൂതക്കണ്ണാടി സിനിമ ചിത്രീകരിക്കാനായി ഇടവഴികള്‍ തേടിനടന്നപ്പോഴാണ് ലോഹിതദാസിന്റെ കണ്ണില്‍ ഈ അകലൂരിലെ നായര്‍ തറവാടെത്തുന്നത്. ഗ്രാമഭംഗിയില്‍ തെളിഞ്ഞുനില്‍ക്കുന്ന ആ തറവാടിനെ അദ്ദേഹം അമരാവതിയാക്കി. പിന്നീട് കാരുണ്യം പോലുള്ള ചില സിനിമകളില്‍ കഥാപത്രവുമാക്കി.

1996ല്‍ അമരാവതിക്കൊപ്പം ചേര്‍ന്ന ലോഹി മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ് ചാലക്കുടിയിലേക്ക് താമസംമാറുന്നത്. എകാന്തത കിട്ടാത്തതിനാലാണ് വീടുവിട്ടതെങ്കിലും അമരാവതി ലോഹിതദാസിന്റെ ഇഷ്ടസ്ഥലമായിരുന്നു.

പ്രൗഢിയോടെ പടിപ്പുരയും ഗ്രാമഭംഗിയില്‍ സര്‍പ്പക്കാവും ലോഹി ഏറെ ഇഷ്ടപ്പെട്ടിരുന്ന കുളവും ഇന്നും അദ്ദേഹത്തിന്റെ സിനിമകളെപ്പോലെ ജീവസ്സുറ്റ് നിലകൊള്ളുന്നു.