ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ മനസ്സു കീഴടക്കിയ ബോളിവുഡ് താരമാണ് നടി ആലിയ ഭട്ട്. സമൂഹമാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെ ആലിയ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പുതിയതായി സ്വന്തമാക്കിയ ഓഫീസ് സ്‌പേസിനെക്കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഓഫീസ് ഡിസൈന്‍ ചെയ്ത വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ആലിയയും ഡിസൈനറും. 

ആലിയയുടെ ഹിറ്റ് ചിത്രം 'ഡിയര്‍ സിന്ദഗി'യുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന റുപിന്‍ സുചക് ആണ് ഓഫീസ് ഡിസൈന്‍ ചെയ്തത്. 2800 ചതുരശ്ര അടിയുള്ള ഓഫീസ് ഡിസൈന്‍ ചെയ്തത് മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണെന്ന് റുപിന്‍ പറയുന്നു. വീടിന്റെ മുക്കും മൂലയും വരെ ഒരുക്കുന്നതില്‍ ആലിയയുടെ പങ്കാളിത്തമുണ്ടായിരുന്നു. ആലിയ കണ്ട് തൃപ്തിപ്പെട്ടാല്‍ മാത്രമേ ഡിസൈനുമായി മുന്നോട്ടു പോകുമായിരുന്നുള്ളുവെന്നും അദ്ദേഹം പറയുന്നു.

ഓഫീസിലേക്കു കടക്കുമ്പോള്‍തന്നെ സന്തോഷം നിറഞ്ഞ അനുഭൂതി തോന്നണമെന്നതായിരുന്നു ആലിയയുടെ ആവശ്യം. നിരവധി ഗ്രാഫിക് ആര്‍ട്ടുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ബോഹോ ഇന്റീരിയര്‍ ശൈലിയാണ് സ്വീകരിച്ചത്. കലയോടും ഡിസൈനിനോടുമുള്ള ആലിയയുടെ താല്‍പര്യം വെളിവാക്കുന്നതാണ് ഈ ഓഫീസ് ഇടം.- റുപിന്‍ പറയുന്നു.

ഓഫീസ് സ്‌പേസ് തന്റെ വ്യക്തിത്വത്തിന്റെ വിപുലീകരണമാണെന്ന് ആലിയ പറയുന്നു. സ്ഥലം കൂടുതല്‍ വിശാലമായി തോന്നിക്കുന്ന ഡിസൈനുകളും ചില സര്‍പ്രൈസ് എലമന്റുകളുമൊക്കെ അദ്ദേഹം ഒരുക്കിയിരുന്നു. ശാന്തതയുടേയും സൗന്ദര്യത്തിന്റേയും അന്തരീക്ഷമാണ് ഓഫീസിലുള്ളതെന്നും ആലിയ.

Content Highlights: Alia Bhatt about her new boho office space