തൃശ്ശൂര്‍: തിയ്യാടി പെണ്‍കുട്ടിയില്‍നിന്ന് അക്ഷരങ്ങളെഴുതാന്‍ പഠിച്ച ക്ഷേത്രപൂജാരി. ഫോര്‍ത്ത് ഫോമില്‍ (ഒമ്പതാം ക്ലാസ്) ആദ്യമായി സ്‌കൂളില്‍ ചേര്‍ന്ന ആ പൂജാരി, നമ്പൂതിരി ഭവനങ്ങളിലെ അടുക്കളയില്‍നിന്ന് സ്വാതന്ത്ര്യത്തിന്റെ തീ അരങ്ങിലേക്ക് പകര്‍ന്നു.

കേരള നവോത്ഥാനത്തിലെ സുപ്രധാന ഏടായ 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം വി.ടി. ഭട്ടതിരിപ്പാട് എഴുതി അവതരിപ്പിച്ചിട്ട് 90 വര്‍ഷം. നിരക്ഷരനില്‍നിന്ന് ഔദ്യോഗിക വിദ്യാഭ്യാസം നേടാനായി ഒല്ലൂരിലെ നമ്പൂതിരി വിദ്യാലയത്തില്‍ ഫോര്‍ത്ത് ഫോമില്‍ ചേര്‍ന്നതിന് ഒരു നൂറ്റാണ്ടും.

1929 ഡിസംബര്‍ 24-ന് രാത്രിയാണ് ഒല്ലൂരിനടുത്ത് എടക്കുന്നിയിലെ വടക്കിനിയേടത്ത് മനയില്‍ വി.ടി. ഭട്ടതിരിപ്പാടെന്ന സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' ആദ്യമായി അവതരിപ്പിച്ചത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ അമ്മ വിഷ്ണുദത്തയുടെ ജന്മവീടായിരുന്നു വടിക്കിനിയേടത്ത് മന. നമ്പൂതിരി ഭവനങ്ങളില്‍ മറക്കുടയ്ക്കുള്ളില്‍ ജീവിതം ഹോമിച്ച സ്ത്രീകളെ അരങ്ങത്തേക്കിറക്കിയ നാടകം സമുദായത്തില്‍ നിലനിന്ന ദുരാചാരങ്ങളെ ചോദ്യംചെയ്തു.

മുണ്ടമുക ശിവക്ഷേത്രത്തിലെ പൂജാരിയായിരുന്ന വി.ടി. ഭട്ടതിരിപ്പാടിനെ ഈ മനയിലേക്കെത്തിച്ചതും ചരിത്രനിയോഗം. പഠനത്തിലെ സംശയം തീര്‍ക്കാനായി ഒരു തിയ്യാടി പെണ്‍കുട്ടി അമ്പലത്തിലെ പൂജാരിയായ വി.ടി. ഭട്ടതിരിപ്പാടിനെ സമീപിച്ചു. എഴുതാനും വായിക്കാനും അറിയാത്തവനായിരുന്നു ആ പൂജാരി. അങ്ങനെ തിയ്യാടി പെണ്‍കുട്ടിയുടെ ശിക്ഷണത്തില്‍ വി.ടി. അക്ഷരം പഠിച്ചു. അമ്പലത്തിലേക്ക് നേര്‍ച്ചദ്രവ്യങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന കടലാസ് കഷണങ്ങളിലെ അക്ഷരങ്ങള്‍ പഠിച്ചായിരുന്നു തുടക്കം.

ഗുരുത്വം മോശമായില്ല. പഠനമോഹവുമായി വി.ടി. നാടുവിട്ട് തൃശ്ശൂരിലെ ഒല്ലൂരിലെത്തി. അന്നവിടെ പ്രവര്‍ത്തിച്ചിരുന്ന നമ്പൂതിരി വിദ്യാലയത്തില്‍ ചേര്‍ന്നു-ഫോര്‍ത്ത് ഫോമില്‍.

ഒല്ലൂര്‍ എടക്കുന്നിയിലെ വടിക്കിനിയേടത്ത് മനയുടെ പത്തായപ്പുരയോട് ചേര്‍ന്നാണ് 1917-ല്‍ നമ്പൂതിരി വിദ്യാലയം തുടങ്ങിയത്. മൂന്നുവര്‍ഷം അവിടെ പ്രവര്‍ത്തിച്ച നമ്പൂതിരി വിദ്യാലയമിന്ന് തൃശ്ശൂര്‍ കോട്ടപ്പുറത്ത് യു.പി. സ്‌കൂളാണ്.

ഇ.എം.എസിന്റെ മാതൃസഹോദരന്‍ ശ്രീധരന്‍ നമ്പൂതിരിപ്പാടായിരുന്നു അന്ന് മനയുടെ കാരണവര്‍. നാടകം അരങ്ങേറിയ പത്തായപ്പുര ഇപ്പോഴില്ല. നമ്പൂതിരി വിദ്യാലയത്തിന്റെ അവശേഷിപ്പുകളുമില്ല. നാലുകെട്ടുമന പഴമയും പ്രൗഢിയും ചോരാതെ പുതുക്കിപ്പണിതു.

ഇ.എം.എസിന്റെ അമ്മയുടെ സഹോദരപൗത്രന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന വി.കെ.എസ്. നാരായണന്‍ നമ്പൂതിരിയുടെ കുടുംബമാണിവിടെ താമസിക്കുന്നത്. ഭാര്യ ലീലത്തമ്പരാട്ടിയും മകനും കുടുംബവും.

Content Highlights: adukkalayil ninnu arangathekku ems vadakkiniyedathu mana