ബോണി കപൂർ, ശ്രീദേവി, ജാൻവി കപൂർ | Photo: instagram, PTI
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ശ്രീദേവി. അകാലത്തിലുള്ള നടിയുടെ വേര്‍പാട് ഇന്ത്യയിലെ സിനിമാ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും തീര്‍ത്ത ആഘാതം ചെറുതല്ല. ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ അഭിനയരംഗത്ത് ഏറെ സജീവമാണ് ഇന്ന്.
ശ്രീദേവി ആദ്യമായി വാങ്ങിയ ചെന്നൈയിലെ വീട് ആരാധകര്‍ക്കായി പരിചയപ്പെടുത്തുകയാണ് ജാന്‍വി. വോഗ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് ജാന്‍വി ഈ വീട് പരിചയപ്പെടുത്തുന്നത്.
അവധിക്കാലത്ത് സമയം ചെലവഴിക്കുന്നതിനും മറ്റുമായി മിക്കപ്പോഴും താരകുടുംബം ഇവിടെ എത്താറുണ്ട്. ശ്രീദേവി ഏറെ വിലമതിക്കുന്ന ഈ വീട് മുഴുവന്‍ അവരുടെ ഓര്‍മകള്‍ നിറയുന്നു. ഇടക്കാലത്ത് ഈ വീടിന് ചോര്‍ച്ചയും മറ്റും സംഭവിച്ചെങ്കിലും ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ ഏറെ പണിപ്പെട്ട് വീട് നവീകരിക്കുകയായിരുന്നു.
ഏറെ പച്ചപ്പ് നിറഞ്ഞ് നില്ക്കുന്ന ഒരു അന്തരീക്ഷത്തിലാണ് വീട് നിലനില്‍ക്കുന്നത്. നിറയെ മരങ്ങളും ചെടികളുമാണ് ഗേറ്റ് കടന്ന് മുറ്റത്തേക്ക് എത്തുമ്പോള്‍ നമ്മെ സ്വാഗതം ചെയ്യുന്നത്. രണ്ട് എന്‍ട്രികളാണ് ഈ വീടിനുള്ളത്. വാസ്തുപ്രകാരമാണ് ഇപ്രകാരം വാതില്‍ നല്‍കിയിരിക്കുന്നത്. അകത്ത് കുടുംബചിത്രങ്ങള്‍, അലങ്കാരവസ്തുക്കള്‍, ചുമര് ചിത്രങ്ങള്‍ എന്നിവയെല്ലാം നിറഞ്ഞിരിക്കുന്നു. പരമ്പരാഗത ഘടകങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ വീടിന്റെ ഡിസൈനിങ്. ശ്രീദേവി ആദ്യമായി വാങ്ങിയ വീടാണിത്. വാങ്ങുമ്പോള്‍ ഈ രൂപത്തിലായിരുന്നില്ല ഈ വീടെന്ന് ജാന്‍വി പറയുന്നു. പിന്നീട് പലഘട്ടങ്ങളിലായി വീട് മാറ്റിയെടുക്കുകയായിരുന്നു. വിവാഹശേഷം ബോണി കപൂറിനൊപ്പം ലോകമെമ്പാടും സഞ്ചരിച്ച ശ്രീദേവി വിവിധ ഇടങ്ങളില്‍നിന്നും വാങ്ങിക്കൂട്ടിയ അലങ്കാര വസ്തുക്കള്‍, പെയിന്റിങ്ങുകള്‍, തുണികള്‍ എന്നിവയെല്ലാം കൊണ്ടാണ് ഇവിടെ അലങ്കരിച്ചിരിക്കുന്നത്.
വീടിനുള്ളിലേക്ക് കയറുമ്പോള്‍ ആദ്യം എത്തിച്ചേരുന്നത് ബോണി കപൂറിന്റെ ഓഫീസിലേക്കാണ്. ശ്രീദേവി ചെയ്ത ധാരാളം പെയിന്റിങ്ങുകള്‍ ഫ്രെയിം വീടിനുള്ളിലെ ചുമരില്‍ തൂക്കിയിട്ടുണ്ട്.
ഈ വീടിനുള്ളില്‍ ഒരു രഹസ്യ മുറിയുണ്ടെന്ന് വീഡിയോയില്‍ ജാന്‍വി പറയുന്നു. അതിനുള്ളില്‍ എന്താണെന്ന് അറിയില്ലെന്നും താന്‍ ഇതുവരെ അതിനുള്ളില്‍ കയറിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വുഡന്‍ ഹാന്ഡ്റെയിലിങ്ങോട് കൂടിയാണ് സ്റ്റെയര്‍. സ്റ്റെയര്‍ കയറി ചെല്ലുമ്പോള്‍ ഫസ്റ്റ് ഫ്ളോറിലേക്കുള്ള വഴിയിലെ ചുമരില്‍ നിറയെ ശ്രീദേവിയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ്. എല്ലാ ചിത്രങ്ങളും ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. ഈ വീട്ടിലെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം ഇതാണെന്ന് ജാന്‍വി പറയുന്നു. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും കുട്ടിക്കാല ചിത്രം മുതല്‍ ജീവിതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നിമിഷങ്ങളെല്ലാം ഇവിടെ ചിത്രങ്ങളാക്കി സൂക്ഷിച്ചിട്ടുണ്ട്.
ഫസ്റ്റ് ഫ്ളോറിലേക്ക് കടക്കുന്നത് ടി.വി. യൂണിറ്റ് ഏരിയയിലേക്കാണ്. കുടുംബാംഗങ്ങള്‍ക്കെല്ലാം ഒന്നിച്ചിരുന്ന് സിനിമ കാണുന്നതിനും മറ്റുമുള്ള സൗകര്യം ഇവിടെ കൊടുത്തിരിക്കുന്നു. താനും സഹോദരി ഖുഷിയും കൂടുതല്‍ സമയവും ചെലവഴിക്കുന്നത് ഇവിടെയാണ് ജാന്‍വി പറഞ്ഞു. ശ്രീദേവി മുമ്പ് ഉപയോഗിച്ചിരുന്ന മുറിയാണ് ഇപ്പോള്‍ ജാന്‍വി ഇവിടെ ഉപയോഗിക്കുന്നത്. വീടിന് ചോര്‍ച്ച സംഭവിച്ചപ്പോള്‍ ഈ മുറി ആകെ നശിച്ചുപോയിരുന്നുവെന്നും ഏറെ പണിപ്പെട്ടാണ് ഇത് പുനഃനിര്മിച്ചതെന്നും ജാന്‍വി പറഞ്ഞു. ഈ മുറിയിലെ ഇന്റീരിയര്‍ വര്‍ക്കുകള്‍ മുഴുവന്‍ ബോണി കപൂര്‍ നേരിട്ട് ചെയ്യിപ്പിച്ചതാണ്.
ഇവിടെനിന്ന് നേരിട്ട് ടെറസിലേക്ക് കടക്കാം. ഇവിടെയാണ് ജിം നല്‍കിയിരിക്കുന്നത്. ബോണി കപൂറും ജാന്‍വിയും ഖുഷിയും പതിവായി വ്യായാമമുറകള്‍ ചെയ്യുന്നത് ഇവിടെ നിന്നാണ്. ജാന്‍വിയും ഖുഷിയും ചെയ്ത പെയിന്റിങ്ങുകള്‍ ഇവിടെ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുന്നു. ഇത് കൂടാതെ തുറസ്സായതും വിശാലമായതുമായ ഒരു ഇടം ജിമ്മിനോട് ചേര്‍ന്ന് കൊടുത്തിട്ടുണ്ട്.
Content Highlights: celebrity home, home tour by janhvi kapoor, actress sridevis chennai home, myhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..