ഇത് എന്റെ മാത്രം വരുമാനം കൊണ്ട് പണിത വീട്; കൂടെ അച്ഛന്റെ അധ്വാനവും-മൃദുല വിജയ്


ജെസ്‌ന ജിന്റോ

അച്ഛന്റെ അധ്വാനം ഒന്ന് കൊണ്ട് മാത്രമാണ് ഈ വീട് ഇപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. അതിനാല്‍, വീടിന്റെ താക്കോല്‍ മറ്റാരും തരുന്നതിനേക്കാള്‍ അച്ഛന്‍ തരുന്നതായിരുന്നു എനിക്ക് ഇഷ്ടം.

മൃദുല വിജയ്, യുവ കൃഷ്ണ | Photo: instagram.com/mridhulavijai/?hl=en

സ്വന്തമായൊരു വീട് എന്നത് ഏവരുടെയും ആഗ്രഹമാണ്. കാലാകാലങ്ങളായുള്ള വീട് മാറലും സാധനങ്ങള്‍ പെറുക്കിക്കൂട്ടിയുള്ള യാത്രകളും മുഷിച്ചില്‍ ഉണ്ടാക്കുന്നതാണ്. വീട് നിര്‍മിക്കുന്നതിന് ഒന്നിച്ചൊരു വലിയ തുക കണ്ടെത്താന്‍ കഴിയാത്തതാണ് വാടകവീടുകളില്‍ തിരഞ്ഞെടുക്കാന്‍ ഭൂരിഭാഗം ആളുകളെയും നിര്‍ബന്ധിതരാക്കുന്നത്. ഇപ്പോഴിതാ കുട്ടിക്കാലത്തെ തന്റെ ഏറ്റവും വലിയ സ്വപ്‌നം സ്വന്തമാക്കിയിരിക്കുകയാണ് ടെലിവിഷന്‍ സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരം മൃദുല വിജയ്. തിരുവനന്തപുരം ജില്ലയിലെ വിഴവൂര്‍ എന്ന സ്ഥലത്താണ് മൃദുലയുടെ വീട് സ്ഥിതി ചെയ്യുന്നത്. അഞ്ചര സെന്റ് സ്ഥലത്താണ് വീടിരിക്കുന്നത്. ജൂണ്‍ ഒന്നിനായിരുന്നു വീടിന്റെ പാലുകാച്ചല്‍ ചടങ്ങ്.

വാടക വീടുകളിലെ കുട്ടിക്കാലം

ഓര്‍മവെച്ച കാലം തൊട്ടേ വാടകവീട്ടിലാണ് താമസം. ജനിച്ചുവീണതും വാടകവീട്ടിലാണ്. അതിനാല്‍, ചെറിയ കുട്ടിയായിരിക്കുമ്പോഴേ സ്വന്തമായൊരു വീട് വേണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. ഞാന്‍ ജനിച്ചതിന്‌ശേഷം ഏകദേശം 13 വീടുകളില്‍ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. അപ്പോള്‍ അച്ഛനും അമ്മയും താമസിച്ച വാടകവീടുകളുടെ എണ്ണം അതിലും ഉയരും. പുതിയ വീട്ടിലേക്ക് മാറിയതില്‍ പറഞ്ഞ് അറിയിക്കാന്‍ ആവാത്ത സന്തോഷമുണ്ട്. ഷിഫ്റ്റ് ചെയ്ത് കഴിഞ്ഞതിനുശേഷമുള്ള അടുക്കിപ്പെറുക്കളും ഒതുക്കലുമെല്ലാം ഇപ്പോള്‍ നടന്നു വരികയാണ്-മൃദുല പറഞ്ഞു.

മൃദുലയുടെയും കുടുംബത്തിന്റെയും പുതിയ വീട്‌

അച്ഛന്‍ വിജയ് കുമാര്‍ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ നിന്നുള്ള വരുമാനം ഒരു വീട് കെട്ടിപ്പടുക്കാന്‍ തികയുമായിരുന്നില്ല. താമസിക്കുന്ന വീടിന്റെ വാടക കൊടുക്കണം, വീട്ടിലെ ചെലവ്, ഒപ്പം ഞങ്ങളുടെ പഠനം. ഇതിനെല്ലാമായിരുന്നു അച്ഛന്‍ വരുമാനം ഉപയോഗിച്ചിരുന്നത്. ഞാന്‍ സീരിയലില്‍ വന്നതോടെയാണ് സ്വന്തമായൊരു വീടെന്ന സ്വപ്‌നം കുറച്ചുകൂടി ഗൗരവത്തോടെ ചിന്തിച്ചു തുടങ്ങിയത്. ഇത് അഭിനയത്തിലൂടെ എനിക്ക് ലഭിച്ച വരുമാനം കൊണ്ട് മാത്രം പണിതുയര്‍ത്തിയ വീടാണ്-അഭിമാനത്തോടെ മൃദുല പറഞ്ഞു.

അച്ഛന്റെ അധ്വാനം

ഏകദേശം ആറുമാസങ്ങള്‍കൊണ്ട് വീട് പണി പൂര്‍ത്തിയാക്കണമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കരാറുകാരന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. അതിനാല്‍ രണ്ടുവര്‍ഷത്തിന് അടുത്തായി വീടുപണി പൂര്‍ത്തിയാകാന്‍. പണികള്‍ വേഗം തീര്‍ത്തുതരും എന്നു പറഞ്ഞാണ് വീടിന്റെ നിര്‍മാണം തുടങ്ങിയത്. എന്നാല്‍, പറഞ്ഞ സമയം കഴിഞ്ഞും പണികളൊന്നും എവിടെയും എത്തിയില്ല. ഞങ്ങളുടെ അടുത്തുനിന്നും അയാള്‍ അധികം പണം മേടിച്ചു. ഇനിയും ഇങ്ങോട്ടേക്ക് അയാള്‍ പണം തരാനുണ്ട്. തുടര്‍ന്ന് ഞങ്ങള്‍ വീട് പണി നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. അച്ഛന്‍ തന്നെയാണ് വീടിന്റെ പണികള്‍ മുഴുവന്‍ മുന്നില്‍ നിന്ന് തീര്‍ത്തത്. അച്ഛന്റെ അധ്വാനം ഒന്ന് കൊണ്ട് മാത്രമാണ് ഈ വീട് ഇപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ജോലി സമയം കഴിഞ്ഞും ഇടവേളകളിലും അദ്ദേഹം പണിക്കാര്‍ക്കൊപ്പം കൂടെ നിന്നാണ് പണികള്‍ തീര്‍ത്തത്. അതിനാല്‍, വീടിന്റെ താക്കോല്‍ മറ്റാരും തരുന്നതിനേക്കാള്‍ അച്ഛന്‍ തരുന്നതായിരുന്നു എനിക്ക് ഇഷ്ടം.

സീരിയല്‍ തന്ന സൗഭാഗ്യം

സീരിയലുകളിലൂടെ ലഭിച്ച വരുമാനമാണ് ഈ വീടിന്റെ നിര്‍മാണത്തിനായി മുഴുവന്‍ വിനിയോഗിച്ചത്. ഒരു സീരിയല്‍ പൂര്‍ത്തിയായി ഒരുമാസം കഴിയുന്നതിന് മുമ്പേ എനിക്ക് അടുത്ത സീരിയല്‍ ലഭിക്കുന്നുണ്ടായിരുന്നു. ഈശ്വരാനുഗ്രമാണ് അത്. വീട് എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്നാല്‍, അത് കരുതുന്നതുപോലെ ഒറ്റയടിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍, ആദ്യം വാഹനം മേടിച്ചു. അതിനുശേഷം ഭൂമി വാങ്ങി. പിന്നെ പടിപടിയായാണ് വീടിന്റെ നിര്‍മാണത്തിലേക്ക് കടന്നത്.

സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, മൂന്ന് കിടപ്പുമുറികള്‍, ഓപ്പണ്‍ കിച്ചന്‍, വര്‍ക്ക് ഏരിയ, രണ്ട് ബാല്‍ക്കണികള്‍ എന്നിവയാണ് വീട്ടിലെ പ്രധാന സൗകര്യങ്ങള്‍. 60 ലക്ഷം രൂപയാണ് വീടിന്റെ നിര്‍മാണത്തിനായി ആകെ ചെലവായത്. 1650 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീര്‍ണം.

പുതിയ വീട്ടിലേക്ക് പുതിയ അതിഥി എത്തുന്ന സന്തോഷം കൂടി പങ്കുവെച്ചിരിക്കുകയാണ് താരം. പുതിയ വീട്ടിലേക്ക് വരാന്‍ കുഞ്ഞിന് ഭാഗ്യമുണ്ടെന്ന് കരുതുന്നതായി അവര്‍ പറഞ്ഞു. ഇപ്പോള്‍ ഏഴുമാസം ഗര്‍ഭിണിയാണ് മൃദുല.

ഭര്‍ത്താവ് യുവയുടെ പിന്തുണ

വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കുന്നതിന് ഭര്‍ത്താവ് യുവ കൃഷ്ണ നല്‍കിയ പിന്തുണ വളരെ വലുതാണെന്ന് മൃദുല പറഞ്ഞു. വീടിന്റെ പണികള്‍ തുടങ്ങുമ്പോള്‍ വിവാഹ ആലോചനകള്‍ തുടങ്ങിയിരുന്നില്ല. എന്നാല്‍, രണ്ടുമാസത്തിന് ശേഷം യുവയുടെ ആലോചന എത്തി. വീടിന്റെ നിര്‍മാണത്തിനിടെ ഓരോ ഘട്ടത്തിലും അദ്ദേഹം ചെറിയ ഉപദേശങ്ങളും മറ്റുമായി കൂടെ നിന്നു. വീടിന്റെ മുഴുവനായുള്ള ഡിസൈനിങ്ങിലും ഞങ്ങളുടെ മുറി ഡിസൈന്‍ ചെയ്യുന്നതിലും ഇന്റീരിയറിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് വീട് പണിതിരിക്കുന്നത്-മൃദുല പറഞ്ഞു.

തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് മൃദുലയ്ക്കും ജീവയ്ക്കും അധികവും ജോലികള്‍ വരുന്നത്. അതിനാല്‍, പാലക്കാട് പോയി സ്ഥിരതാമസാക്കുന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ട്, തിരുവനന്തപുരത്ത് അച്ഛന്‍ വിജയ് കുമാറിനും അമ്മ റാണിക്കുമൊപ്പമാണ് ഇരുവരുടെയും താമസം.

Content Highlights: actress mridla vijay, new home at trivandrum, celebrity home, my home, veedu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022

Most Commented