പല നിറങ്ങളില്‍, പൂക്കളില്‍ മുങ്ങിക്കുളിച്ചൊരു വീട്... 'എപ്പോഴും പൂക്കള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന വീട്' എന്നാണ് എളമക്കരയിലെ 'നന്ദന'ത്തെക്കുറിച്ച് നാട്ടുകാരില്‍ ചിലരുടെ വര്‍ണന. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ അഡ്വ. വിനോദ് രവിയും ഭാര്യ അഡ്വ. എം.എസ്. ലതയും മക്കളുമാണ് ഈ പൂന്തോട്ടത്തിലെ താമസക്കാര്‍.

വെറുതെ ഒരു രസത്തിന് ചെടി നട്ട് ഇപ്പോള്‍ പൂക്കളെ വിട്ടുപിരിയാനാവാത്ത അവസ്ഥയിലാണ് വിനോദ് രവി. 2019 മുതലാണ് ചെടികള്‍ നട്ടുതുടങ്ങിയത്. പൂവിട്ട് തുടങ്ങിയപ്പോള്‍ കൗതുകമായി. അങ്ങനെ ഇന്റര്‍നെറ്റ് പരതി ചെടികളെ പഠിച്ചു. കുറേ ചെടികളും വാങ്ങിക്കൂട്ടി. ചെടിയില്‍ പൂക്കള്‍ വന്നുതുടങ്ങിയതോടെ ചെടികളോടുള്ള ഇഷ്ടം കൂടി. അങ്ങനെ വീണ്ടും വീണ്ടും പുതിയ പൂച്ചെടികള്‍ വാങ്ങിക്കൂട്ടി. തുടര്‍ന്ന് ലോക്ഡൗണും വിര്‍ച്വല്‍ കോടതിയും ആയതോടെ കുറെയധികം സമയവും കിട്ടി. അതോടെ എളമക്കരയിലെ വീട് പൂക്കളിടമായി മാറി. പക്ഷേ, മഴക്കാലമായാല്‍ പൂക്കള്‍ കുറയും. ഓഗസ്റ്റ്-സെപ്റ്റംബര്‍ ആവണം ഇനി പൂക്കളുടെ നല്ലകാലം വരാന്‍.

''ഒരുപാട് നഴ്സറികള്‍ കയറിയിറങ്ങി പലതരം ചെടികള്‍ വാങ്ങുന്നത് ശീലമായി മാറി. ഓണ്‍ലൈനിലൂടെ വെറൈറ്റി ചെടികളെയും വീട്ടിലെത്തിച്ചു'' -വിനോദ് പറയുന്നു.

''നഴ്സറിയില്‍ നിന്നും ഓണ്‍ലൈനിലും വാങ്ങിയ ചെടികള്‍, ഒരു പരിധിവരെയെ പൂക്കുകയുള്ളു. അതിനെ കൃത്യമായി പരിപാലിച്ചാല്‍ തുടര്‍ന്നും ചെടികള്‍ പൂവിടും. അങ്ങനെ ചെറിയ രീതിയില്‍ ജൈവവള പ്രയോഗം നടത്തി. ഓരോ ചെടിക്കും വേണ്ട രീതിയില്‍ കൃത്യമായ ഇടവേളകളില്‍ വളവും വെള്ളവും ലഭിച്ചതോടെ പൂക്കളും വന്നുതുടങ്ങി'' -വിനോദ് പറഞ്ഞു.

ടെന്‍ഷന്റെ മറുമരുന്ന്

''ടെന്‍ഷന്‍ കുറയ്ക്കാനുള്ള മരുന്നു കൂടിയാണിത്. ചെടി നനയ്ക്കലും പരിപാലനവുമൊക്കെ രാവിലെ ഏകദേശം ഒന്നര മണിക്കൂര്‍ ഗാര്‍ഡനിലാണ്. നമ്മള്‍ നട്ടുവളര്‍ത്തിയ ചെടിയില്‍ പൂവിടുന്നത് കാണുന്നതു തന്നെ സന്തോഷമല്ലേ. ഞാനില്ലാത്തപ്പോള്‍ ഭാര്യയാണ് ഇത് ചെയ്യുന്നത്. ആസ്വദിച്ച് കുറേയധികം യാത്രകള്‍ ചെയ്തിരുന്നു. പക്ഷേ, ഇപ്പോള്‍ യാത്രകള്‍ നടത്തിയാലും മനസ്സ് ഈ ചെടികളിലാണ്. സ്‌നേഹിച്ച്, ലാളിച്ച് വളര്‍ത്തിയ ചെടിയെ അങ്ങനെ കരിയാന്‍ വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ'' എന്നാണ് വിനോദ് വക്കീലിന്റെ ചോദ്യം.

Content Highlights: Elamakkara House immersed in flowers