''ഓര്‍മകളായി മാറുമ്പോഴല്ലേ എന്തിനും ചന്തം കൂടുക - പി. പത്മരാജന്‍''

പുന്നയൂര്‍ക്കുളവും സര്‍പ്പക്കാവും നാലപ്പാട്ടു തറവാടും നീര്‍മാതളവുമെല്ലാം മലയാളിക്ക് മാധവിക്കുട്ടിയുടെ ഓര്‍മകളാണ്. അമ്മമ്മയ്‌ക്കൊപ്പമുള്ള നാലപ്പാട്ടെ തന്റെ അവധിക്കാല ദിനങ്ങള്‍ അത്രയും പ്രിയപ്പെട്ട ഓര്‍മകളാണ് മാധവിക്കുട്ടിക്കും. അമ്മമ്മയുടെ നിഴലായ കമലയ്ക്ക് അത്രയും സ്‌നേഹം പിന്നീട് കിട്ടിയിട്ടില്ല ആരില്‍ നിന്നും. അമ്മമ്മ തന്ന സ്‌നേഹം ജീവിതത്തിലുടനീളം അവര്‍ മറ്റുള്ളവരോടും കാണിച്ചു. പഴയ നാലപ്പാട്ടു തറവാട് ഇന്നില്ല. കാലത്തിന്റെ മാറ്റങ്ങള്‍ പുന്നയൂര്‍ക്കുളത്തിനും ബാധിച്ചിട്ടുണ്ട്. എങ്ങും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ സ്ഥാനം പിടിച്ചു. എന്നാല്‍ ഈ മാറ്റങ്ങള്‍ക്കൊന്നും പിടികൊടുക്കാത്ത ഒന്നുണ്ട് പുന്നയൂര്‍ക്കുളത്ത്. മാധവിക്കുട്ടിയുടെ കൈ പിടിച്ച് മാധവദാസ് കയറിച്ചെന്ന വീട്. കാലപ്പഴക്കത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുകയല്ലാതെ മറ്റു മാറ്റങ്ങളൊന്നും ഈ വീടിനു വരുത്തിയിട്ടില്ല. 

ലോകം കണ്ട ആ വലിയ എഴുത്തുകാരിയെ തേടി ഇപ്പോഴും ആളുകള്‍ പുന്നയൂര്‍ക്കുളത്തെത്തുമ്പോള്‍ അവരെത്രമാത്രം വിലമതിക്കപ്പെടുന്നുവെന്ന്് ഈ വീട്ടിലെ താമസക്കാര്‍ക്ക് ബോധ്യം വന്നിരിക്കണം. അതുകൊണ്ടാവാം ഇപ്പോഴവിടുത്തെ താമസക്കാരായ സരോജിനിയമ്മയും മകനും ഭാര്യയും കുട്ടികളുമെല്ലാം ആ ഓര്‍മകളില്‍ അടങ്ങാത്ത സ്‌നേഹവും ബഹുമാനവും മനസ്സില്‍ സൂക്ഷിക്കുന്നത്.

പുന്നയൂര്‍ക്കുളത്തെ മാധവിക്കുട്ടിയുടെ സ്മാരകത്തിനടുത്തു തന്നെയാണ് അശ്വതി എന്ന വീട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ആ വീടിന് അശ്വതി എന്ന പേരുണ്ടായിരുന്നില്ല. പേരും പെരുമയുമുള്ള ഒരെഴുത്തുകാരി തന്റെ ഭര്‍ത്താവിന്റെ കൈ പിടിച്ചു കയറിച്ചെന്ന വീടായിരുന്നു അത്. മാധവദാസിന്റെ വീട്. നീണ്ടകോലായയും കടന്ന് നാമെത്തുക ഇരുണ്ട ഇടനാഴികയിലേക്കാണ്. പഴമയുടെ ആഢ്യത്തമുള്ള മച്ചും കൊത്തുപണികളുള്ള വാതിലും നമ്മെ മറ്റൊരു കാലത്തേക്ക് കൊണ്ടുപോകും. ഇടനാഴിയുടെ വശങ്ങളിലുള്ള മുറികളില്‍ മരത്തിന്റെ കുഞ്ഞുജാലകങ്ങള്‍. വിശാലമായ തൊടികളിലേക്കുള്ള കാഴ്ചയുടെ വഴികളാണവ. 

മരത്തിന്റെ ഗോവണി കയറി മുകളിലെത്തിയാല്‍ നീണ്ട മുറിയാണ്. ചുറ്റുഭാഗവും വലിയ ജാലകങ്ങള്‍. കാവിതേച്ചു മിനുസപ്പെടുത്തിയ തിളങ്ങുന്ന നിലം. തണുപ്പ്. അവിടെ ഒരു മേശയും കസേരയും മാത്രമേയുള്ളൂ. ചിലപ്പോള്‍ അവിടെയിരുന്നാവും മാധവിക്കുട്ടി തന്റെ കഥകളും കവിതകളും ചിലതെങ്കിലും എഴുതിയിട്ടുണ്ടാവുക. 

home
മാധവിക്കുട്ടി

നീര്‍മാതളം കാണാനെത്തുന്ന പലരും അശ്വതി എന്ന ഈ വീടിനെയും തേടിയെത്താറുണ്ട്. പലരും വീടു വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിക്കാറുണ്ടെങ്കിലും ഒരിക്കലും ഈ വീട് വില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്ന് സരോജിനിയമ്മ പറഞ്ഞു. അത്രക്ക് പ്രിയപ്പെട്ടതാണ് അവര്‍ക്ക് ആ എഴുത്തുകാരിയുടെ ഓര്‍മകള്‍. 

അധികകാലമൊന്നും മാധവിക്കുട്ടി അവിടെ നിന്നിട്ടില്ല. കല്യാണം കഴിഞ്ഞ് കുറച്ചു കാലത്തിനു ശേഷം അവര്‍ പുണെയിലേക്ക് പോവുകയാണുണ്ടായത്. പിന്നീടാണ് ഈ വീട് സരോജിനിയമ്മയുടെ ഭര്‍ത്താവ് ഗോപാലന്‍ വാങ്ങിക്കുന്നത്. മാധവദാസിന്റെ വീടാണ് വാങ്ങിച്ചതെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷമായെന്നു പറഞ്ഞ് സരോജിനിയമ്മ ചിരിച്ചു. കമലയെക്കുറിച്ച് കേട്ടിട്ടുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ സരോജിനിയമ്മയ്ക്ക്.   

'അമ്മയെക്കാളും മറ്റാരെക്കാളും അമ്മമ്മയെ സ്‌നേഹിച്ചതുകൊണ്ടാവാം എല്ലാരോടും സ്‌നേഹായിരുന്നു കമലയ്ക്ക്.' മാധവിക്കുട്ടി എന്നല്ല, കമല എന്നാണ് സരോജിനിയമ്മ സംസാരത്തിലുടനീളം പറഞ്ഞത്. ഏറ്റവും അടുപ്പമുള്ളവര്‍ വിളിക്കും പോലെ.

'നീണ്ട് ഇടതൂര്‍ന്ന മുടി അഴിച്ചിട്ട് വലിയ പൊട്ടും തൊട്ട് കമല നടക്കണത് കാണാന്‍ ന്തൊരു ഭംഗിയായിരുന്നെന്നോ' അവര്‍  ഓര്‍ത്തെടുക്കുന്നു. 'വിടര്‍ത്തിയിട്ട മുടിയില്‍ വീട്ടിലെ ജോലിക്കാരികള്‍ കുന്തിരിക്കം പുകച്ചു കൊടുക്കും. ഒരാള്‍ മുടി വിടര്‍ത്തിക്കൊടുക്കും വേറൊരാള്‍ കുന്തിരിക്കം പുകയ്ക്കും. അവരോടൊക്കെ കമല സംസാരിച്ചോണ്ടിരിക്കും. കാണാന്‍ എത്തുന്നോര്‍ക്കൊക്കെ കൈയില്‍ കിട്ടണതെന്താച്ചാ എടുത്തു കൊടുക്കുന്ന ആളായിരുന്നു. വലിയ എഴുത്തുകാരി ആയപ്പോ കമല വരണതു തന്നെ അവിടെ ഒരു ഉത്സവായി. ആമി വരണുണ്ട്‌ത്രേ...എന്ന് പലരും ഉത്സാഹത്തോടെ പറയണത് ഞാന്‍ കേട്ടിട്ടുണ്ട്. വലിയ സന്തോഷത്തോടെ കാണാന്‍ പോണതും'
   
സരോജിനിയമ്മ കമലയെ കണ്ടിട്ടുള്ളതും സംസാരിച്ചിട്ടുള്ളതും രണ്ടു തവണയാണ്. ഇപ്പോള്‍ താമസിക്കുന്ന വീട് വാങ്ങിച്ചപ്പോഴും മതം മാറിയ ശേഷം പുണെയില്‍ നിന്നും പുന്നയൂര്‍ക്കുളത്ത് എത്തിയപ്പോഴും. 'ആദ്യതവണ വന്നപ്പോള്‍ ചുറ്റും കാണാന്‍ വന്നവരുടെ തിരക്കായിരുന്നു. എന്നെ കണ്ടപ്പോള്‍ പറഞ്ഞു: 'വീടൊക്കെ നന്നായിട്ട് സൂക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞു. സന്തോഷം. സരോജിനിയെപ്പോലെ നിക്കും മൂന്ന് ആണ്‍കുട്ട്യോളാണ്' എന്ന് വെറുതെ പറഞ്ഞു ചിരിച്ചു. 

രണ്ടാമത് കാണുമ്പോള്‍ മതം മാറി പര്‍ദക്കുള്ളില്‍ വീല്‍ചെയറിലിരുന്നായിരുന്നു പുന്നയൂര്‍ക്കുളത്തെത്തിയത്. അന്നും കാണാന്‍ പോയി. 'എല്ലാം എന്റെ വിധിയായിരിക്കും' എന്ന് അന്ന് കമല പറഞ്ഞതായി സരോജിനിയമ്മ ഓര്‍മിക്കുന്നു. ഇനി നീര്‍മാതളം കാണാന്‍  പക്ഷിയായിട്ടായിരിക്കും എന്റെ വരവ് എന്നും പറഞ്ഞു ചിരിച്ചു.

home
സരോജിനിയമ്മ

സരോജിനിയമ്മയുടെ കുടുംബം മാധവദാസിന്റെ വീട് വാങ്ങിച്ചിട്ടിപ്പോള്‍ മുപ്പതോളം വര്‍ഷങ്ങളായി. ഇതിനിടയില്‍ പണ്ട് അവിടെയുണ്ടായിരുന്ന വീടുകളെല്ലാം പൊളിച്ചു പണിതു. പുന്നയൂര്‍ക്കുളം മുഴുവനുമായും പല മാറ്റങ്ങള്‍ക്കും വിധേയമായി. എന്നാല്‍ വീടിന് അശ്വതി എന്ന പേരു നല്‍കിയതല്ലാതെ മാധവിക്കുട്ടി താമസിച്ച വീടെന്ന ഓര്‍മയില്‍ ഇന്നും സരോജിനിയമ്മയുടെ മകന്‍ സുരേഷ്ബാബു ആ വീട് അതേപടി സൂക്ഷിക്കുന്നു. 'മാധവിക്കുട്ടി താമസിച്ച ഇടമല്ലേ...അങ്ങനെയിരിക്കട്ടെ എന്നാണ് മകന്റെ അഭിപ്രായമെന്ന് സരോജിനിയമ്മ.'

കമലയുടെ ഓര്‍മയായി ഇപ്പോള്‍ ആ മരം മാത്രല്ലേ ഉള്ളൂ എന്ന് തോന്നാറുണ്ടെന്ന് സരോജിനിയമ്മ നെടുവീര്‍പ്പിടുന്നു. കമല ഓടി നടന്ന തൊടികളും വഴികളും ഇന്ന് തിരിച്ചറിയാന്‍ പ്രയാസം. അപ്പോഴും എല്ലാ വേനലിലും നാലപ്പാട്ടെ നീര്‍മാതളം പൂക്കാറുണ്ട്. അതില്‍ വന്നിരിക്കാറുള്ള പക്ഷികളിലൊന്ന് തീര്‍ച്ചയായും കമലയായിരിക്കും.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത് 

Content Highlights: a home named Aswathy which is writer Madhavikutty first lived after her marriage