ബ്രിട്ടീഷ് വംശജയായ മുപ്പത്തൊന്നുകാരിയായ ലൂസി സ്റ്റീവന്‍സും പങ്കാളിയായ മുപ്പത്തിനാലുകാരനായ ഗ്ലെന്‍ കാര്‍ലോസും ലോക്ഡൗണിന് മുമ്പാണ് ഒരു സ്‌കൂള്‍ ബസ് വാങ്ങിയത്. അമേരിക്കയിലെ പഴയ സ്‌കൂള്‍ ബസ്സുകളോടുള്ള പ്രണയം മാത്രമായിരുന്നില്ല അതിന് പിന്നില്‍. അവരുടെ പ്രണയം തുടങ്ങിയതിന്റെ ഓര്‍മകൂടിയുണ്ടായിരുന്നു. 

instagram.com/home_skooled_

എന്നാല്‍ ഈ ബസ്സിനെ സ്‌കൂള്‍ ബസ്സായി നിലനിര്‍ത്താനായിരുന്നില്ല ഇരുവരുടെയും പ്ലാന്‍. ഇപ്പോള്‍ ഇതൊരു ചെറിയ വീടാണ്, ടൈനി ഹോം ഓണ്‍ വീല്‍സ്. ഈ വീടിനുള്ളില്‍ നാല് പേര്‍ക്ക് സുഖമായി താമസിക്കാനുള്ള സൗകര്യമുണ്ട്. ബസ്സിനുള്ളില്‍ ടോയിലറ്റ്, സിനിമാ റൂം, കിടപ്പുമുറി തുടങ്ങി ഒരു കുടുംബത്തിന് അടിപൊളിയായി ജീവിക്കാനുള്ളതെല്ലാം നല്‍കിയിരിക്കുന്നു. ആധുനിക രീതിയിലാണ് ഉള്‍ത്തളങ്ങള്‍. കിച്ചണില്‍ ഒരു ഫ്രിഡ്ജും ബാത്ത്‌റൂമില്‍ ഇന്‍ഡോര്‍ വര്‍ക്കിങ് ഷവറും ഒരുക്കിയിരിക്കുന്നു. ബസ്സിന്റെ അകത്തളങ്ങള്‍ക്ക് മാത്രമേ മാറ്റമുള്ളൂ. പുറം ഭാഗം മഞ്ഞ സ്‌കൂള്‍ ബസ്സിന്റെ രൂപം തന്നെയാണ് നിലനിര്‍ത്തിയിരിക്കുന്നത്.  

instagram.com/home_skooled_

50,000 പൗണ്ട് അതായത് അമ്പത് ലക്ഷത്തിലധികം രൂപമുടക്കിയാണ് ഇവര്‍ ഈ ബസ്സിനെ മാറ്റിമറിച്ചത്. എന്നാല്‍ ഇത് തങ്ങളുടെ താമസസ്ഥലമാക്കി മാറ്റാനല്ല ഇരുവരുടെയും പ്ലാന്‍. വാടകയ്ക്കു നല്‍കി അതിന്റെ ലാഭം കൊണ്ട് വേറെയും ബസ്സുകളെ ഇങ്ങനെ വീടുകളാക്കി മാറ്റാനാണ് ലക്ഷ്യം. സ്‌കൂളി (skoolie Project ) എന്ന പേരും ഇവര്‍ ഈ പദ്ധതിക്ക് നല്‍കിയിട്ടുണ്ട്.

ഒരു നറുക്കെടുപ്പിലൂടെയാണ് ഇവര്‍ ഈ ബസ്സ് വീട് നല്‍കുക. ഇരുപത് പൗണ്ടുള്ള ടിക്കറ്റുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. നറുക്കെടുപ്പില്‍ വിജയിക്കുന്ന ആള്‍ക്ക് 1000 പൗണ്ട് സമ്മാനത്തുകയും ബസ് ഓടിക്കുന്നതിനുള്ള സി ലൈസന്‍സും നല്‍കും. മാത്രമല്ല ഇവരുടെ സ്വദേശമായ സറെയിലെ സുരക്ഷിതമായ ഇടത്ത് ആറ് മാസം ഈ വീട് പാര്‍ക്ക് ചെയ്യാനും അനുവദിക്കും. ' ഇത് ഒരാളുടെ ജീവിതത്തിലെ ഏക അവസരമാണ്. ന്യൂയോര്‍ക്കില്‍ നിന്ന് കൊണ്ട് വന്ന് യു.കെയില്‍ രജിസ്റ്റര്‍ ചെയ്ത 'സ്‌കൂളി' ഒരേയൊരണ്ണമേ ഉള്ളൂ.' ലൂസി മെട്രോ.കോ.യുകെയോട് പറഞ്ഞു.

Content Highlights: A British couple renovated school bus turned into a home complete with a cinema room