വീടുകൾ ഉയർത്തുന്നതും ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുന്നതുമൊന്നും ഇപ്പോൾ പുതിയ വാർത്തയല്ല. എന്നാൽ അഞ്ചാറ് നിലപൊക്കമുള്ള ഒരു കൂറ്റൻ കെട്ടിടത്തെ 'നടത്തി' ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് മാറ്റിയാലോ, സിനിമയിലൊന്നുമല്ല. ചൈനയിലാണ് സംഭവം. 85 വർഷം പഴക്കമുള്ള പടുകൂറ്റൻ കൂറ്റൻ സ്കൂൾ കെട്ടിടത്തെയാണ് ചൈന തങ്ങളുടെ പുതിയ സാങ്കേതിക വിദ്യയായ വോക്കിങ് മെഷീൻ ഉപയോഗിച്ച് മാറ്റി സ്ഥാപിച്ചത്.

ആർക്കിടെക്ച്ചറിലും പുതിയ സാങ്കേതിക വിദ്യകളിലും ചൈന നിരവധി പരീക്ഷണങ്ങൽ നടത്തുന്നുണ്ട്. മുട്ടയുടെ ആകൃതിയിലുള്ള വായുവിൽ നിൽക്കുന്ന വീടുകൾ മുതൽ ചായകപ്പിന്റെ ആകൃതിയിലുള്ള കെട്ടിടങ്ങൾ വരെ ചൈന നിർമ്മിച്ചിട്ടുണ്ട്. ഇപ്പോളിതാ വലിയ കെട്ടിടങ്ങളെ നടത്തി മാറ്റി വയ്ക്കാൻ പറ്റുന്ന സാങ്കേതിക വിദ്യയും.

ചൈനയിലെ ഷാങ്ഹായി റസിഡൻസ് ഏരിയയിൽ നിന്നാണ് ഈ സ്കൂളിനെ അവർ മാറ്റി വച്ചത്. ഈ നടക്കുന്ന കെട്ടിടം ചൈനയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ്. അതുകൊണ്ടാണ് കേടുപാടുകൾ ഒന്നും വരുത്താതെ മാറ്റിവയ്ക്കാൻ അധികൃതർ തീരുമാനിച്ചത്. '200 ചലിക്കുന്ന കാലുകളാണ് അഞ്ച് നില കെട്ടിടത്തിന് താഴെ ഘടിപ്പിച്ചത്. റോബോട്ടിക് കാലുകൾ പോലെ രണ്ട് ഗ്രൂപ്പായാണ് ഇവ പ്രവർത്തിച്ചത്. അതായത് മനുഷ്യൻ നടക്കുമ്പോൾ കാലുകൾ ചലിക്കുന്ന പോലെ തന്നെ.' ചീഫ് ടെക്കിനിക്കൽ സൂപ്പർവൈസറായ ലാൻ വുജി സിഎൻഎന്നിനോട് പറഞ്ഞു.

യന്ത്രകാലുകളിൽ ഘടിപ്പിച്ച സെൻസറുകളുപയോഗിച്ചാണ് കെട്ടിടത്തിന്റെ നടപ്പ് നിയന്ത്രിച്ചത്. 2018 ൽ വുജി കമ്പനി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഇത്. ആദ്യം കെട്ടിടത്തിന് ചുറ്റും കുഴിച്ച് പില്ലറുകൾ ഉപയോഗിച്ച് കെട്ടിടം ഉയർത്തി. ശേഷം കാലുകൾ ഘടിപ്പിച്ചു. കെട്ടിടത്തെ 21 ഡിഗ്രി തിരിച്ച ശേഷം 62 മീറ്റർ ദൂരത്തേയ്ക്ക് മാറ്റി സ്ഥാപിക്കുകയാണ് ചെയ്തത്. സ്കൂൾ ഇരുന്ന സ്ഥലം കൂടുതൽ ജനവാസമുള്ള സ്ഥലമായതിനാൽ അവിടെ ഒരു ഷോപ്പിങ് കോംപ്ലക്സ് പണിയാനാണ് അധികൃതരുടെ തീരുമാനം.

Content Highlights:85-year-old School Building 'Walks' to a New Location with Robotic Legs in China