ലയെടുപ്പാര്‍ന്ന പടിപ്പുര കടന്നാല്‍ പ്രകൃതി വിരിച്ച പച്ചപ്പരവതാനി. തൊട്ടുമുന്നില്‍ പഴമയുടെ പെരുമയത്രയും നെഞ്ചേറ്റി പട്ടയാട്ട് തറവാട്. ഇവിടെ പോയകാലത്തിന്റെ ഒളിമങ്ങാത്ത ഓര്‍മകളുണ്ട്, മുറതെറ്റാതെ കാത്തുവെച്ച വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. 

മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു തൊട്ടരികെയാണ് പട്ടയാട്ട് തറവാട്. പഴക്കം ഏതാണ്ട് 250 വര്‍ഷത്തോളം. തറവാട്ടില്‍ ഇപ്പോള്‍ ആരും താമസമില്ല. തറവാട്ടകം കുടികൊള്ളും ശാക്തേയഭഗവതിക്കായി എല്ലാമാസവും പൂജയുണ്ടാകും. മണ്ഡലമാസത്തില്‍ നിവേദ്യവും നവരാത്രിക്ക് പൂജയും പതിവ്.
എല്ലാ തറവാട്ടംഗങ്ങളും കുടുംബക്ഷേത്രത്തിലെ തിറയുത്സവത്തിന് ഒത്തുചേരും. കുംഭം 13, 14 തീയതികളിലാണ് ഉത്സവം. ഗുളികന്‍, കുട്ടിച്ചാത്തന്‍, ഗുരുകാരണവര്‍ തിറകളുണ്ടാകും. തറവാട്ടംഗങ്ങളായ അഞ്ഞൂറിലേറെ പേര്‍ ഉത്സവവേളയില്‍ തറവാട്ടിലെത്തും. തറവാടിന്റേതിന് ഉപരി മേമുണ്ടദേശത്തിന്റെ തന്നെ ഉത്സവമാണിത്. എല്ലാ വിഭാഗം ജനങ്ങളും ഉത്സവനാളില്‍ ഇവിടെയെത്തുന്നതാണ് ശീലം.

ചെങ്കല്ലുകൊണ്ട് കെട്ടിപ്പടുത്ത തറവാട് കാഴ്ചയിലും കെട്ടുറപ്പിലും ഇന്നും പുതിയ കെട്ടിടനിര്‍മിതികളെ വെല്ലും. തേക്കാത്ത പുറംചുമരുകള്‍ ഏറെ ആകര്‍ഷകം. കല്ലുകള്‍ പടവുചെയ്തത് കുമ്മായക്കൂട്ടുകൊണ്ട്. ഇരൂളും പ്ലാവുംകൊണ്ടാണ് മച്ചുപൂര്‍ണമായും നിര്‍മിച്ചിരിക്കുന്നത്. മച്ചിനെ താങ്ങിനിര്‍ത്തുന്ന തൂണുകളും മരത്തിന്റേത്. മുകളിലും താഴെയുമായി 10 മരത്തൂണുകളുണ്ട്. മൂന്ന് ഭാഗത്തുള്ള നീളന്‍ വരാന്തകളും വരാന്തയിലെ കിളിവാതിലുകളും തറവാടിന് പ്രത്യേകഭംഗി പകരുന്നു. താഴെ മാത്രം അഞ്ച് മുറികള്‍, ഒരു പൂജാമുറി, പിന്നെ നടുമുറ്റം, തൊട്ടരികെ അടുക്കളപ്പുര.

ഇത്രയും കാലത്തിനിടയ്ക്ക് കഴുക്കോലുകളും ഓടും മാറ്റിയതല്ലാതെ കാര്യമായ അറ്റകുറ്റപ്പണിയൊന്നും നടത്തിയിട്ടില്ല. അന്നത്തെ നിര്‍മാണവൈദഗ്ധ്യത്തിന്റെ കൂടി തെളിവാണിത്. വരാന്തയിലെയും മറ്റും ഇരിപ്പിടത്തിന്റെ മൂന്നുഭാഗത്തുമുള്ളത് മൂന്നുമീറ്ററോളം നീളത്തിലുള്ള കരിങ്കല്‍പലകയാണ്.

വലിയ പടിപ്പുരയാണ് മറ്റൊരാകര്‍ഷണം. ഒരു ചെറിയ വീടിനു തുല്യമായ ഈ പടിപ്പുര സന്ദര്‍ശകര്‍ക്ക് ഇരിക്കാനും ചര്‍ച്ച നടത്താനുമൊക്കെയുള്ള വേദിയായിരുന്നു. രണ്ടുനിലയുള്ള പടിപ്പുരയില്‍ നാല് ചെറിയ മുറികളുണ്ട്. കുടുംബക്കാരല്ലാത്ത വിരുന്നുകാര്‍ താമസിച്ചിരുന്നതും വിശ്രമിച്ചിരുന്നതും ഇവിടെയാണ്. മുകളിലേക്ക് കയറാന്‍ കരിങ്കല്‍പ്പടവുകളാണുള്ളത്. തൊട്ടരികെ കുളവുമുണ്ട്. പട്ടയാട്ട് കോട്ടയെന്ന കാവും തറവാടിന്റെ ഭാഗമായുണ്ട്.

ഏതാണ്ട് 50 വര്‍ഷം മുമ്പുവരെ ഇവിടെ താമസമുണ്ടായിരുന്നതായി തറവാട്ടംഗമായ എ.പി. അമര്‍നാഥ് പറഞ്ഞു. പിന്നീട് ഉത്സവസമയത്തുമാത്രമായി ഒത്തുചേരല്‍. കുടുംബസംഗമങ്ങളും സംഘടിപ്പിക്കാറുണ്ട്. വളയത്തെ പുതിയോട്ടില്‍ കുഞ്ഞിരാമക്കുറുപ്പാണ് ഇപ്പോള്‍ തറവാട്ടുകാരണവര്‍. കുടുംബാംഗങ്ങള്‍ ചേര്‍ന്നുള്ള ട്രസ്റ്റാണ് തറവാട് പരിപാലിക്കുന്നതും ഉത്സവനടത്തിപ്പിന് നേതൃത്വം നല്‍കുന്നതും. വിസ്മയംപകരുകന്ന നിര്‍മാണചാതുരിയുള്ള ഈ തറവാട് തച്ചോളി ഒതേനന്‍ ഉള്‍പ്പെടെയുള്ള  ടെലിവിഷന്‍ പരമ്പരകള്‍ക്ക് ചിത്രീകരണവേദിയായിട്ടുണ്ട്.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

Content Highlights: 250 years old pattayattu tharavadu