ലോകത്തിലെ ഏറ്റവും ചെറിയ മുറിയിൽ താമസിച്ചതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് യൂട്യൂബറായ റയാൻ ട്രഹാൻ. ഇരുപത്തഞ്ച് സ്ക്വയർഫീറ്റ് മാത്രമുള്ള മുറിയിലാണ് റയാൻ ഇരുപത്തിനാല് മണിക്കൂർ ചെലവഴിച്ചത്. ആ സമയത്ത് ട്രഹാന്റെ രണ്ട് സുഹൃത്തുക്കൾ വരികയും അവർക്കൊപ്പം മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട് ഇയാൾ.

ഒരു സ്റ്റവ്, ടോയിലറ്റ്, ചെറിയ ജനലുകൾ എന്നിവയുമുള്ള കൊച്ചു വീട് തന്നെയാണ് ബോസ്റ്റണിലെ ഈ മുറി. ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റാൻ പറ്റുന്ന രീതിയിൽ ചക്രങ്ങൾ ഘടിപ്പിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്.

'അക്ഷരാർത്ഥത്തിൽ ഇത് ലോകത്തിലെ ഏറ്റവും ചെറിയ വീടാണ്. ഈ വീടിനുള്ളിൽ 24 മണിക്കൂർ നേരം ഞാൻ ചെലവഴിക്കാൻ പോവുകയാണ്. ഈ വീടിനെ ലോകത്തിലെ ഏറ്റവും ചെറിയ വീടാക്കി മാറ്റുന്നതെന്ന് എന്തൊക്കെയാണന്നോ? വീടിന്റെ ആകെയുള്ള വിസ്തീർണം ഇരുപത്തഞ്ച് സ്ക്വയർ ഫീറ്റ് മാത്രം. എങ്കിലും വെള്ളം, ജനലുകൾ, സ്റ്റവ്, ടോയിലറ്റ് എന്നിവയെല്ലാമുണ്ട്' - ട്രഹാൻ വീഡിയോ ആരംഭിക്കുന്നത് ഇങ്ങനെ.

ഈ കൊച്ചുമുറിയിൽ താമസിക്കുന്നതിന് മുമ്പ് ഇതുണ്ടാക്കിയ ജെഫിനെയും ട്രഹാൻ ആളുകളെ പരിചയപ്പെടുത്തുന്നുണ്ട്. മുറിയിൽ ഇരുന്ന് പിസ ഓർഡർ ചെയ്യുകയും കൂട്ടുകാർക്കൊപ്പം അത് കഴിക്കുകയും ചെയ്യുന്നതും വീഡിയയിൽ കാണാം.

ലോകത്തിലെ ഏറ്റവും ചെറിയ വീട്ടിൽ ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞെന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും, അതൊരു വ്യത്യസ്തമായ അനുഭവമായിരുന്നുവെന്നും ട്രഹാൻ പറയുന്നു.

Content Highlights:24 Hours In The World's Smallest Room