ഴമയുടെ വാസ്തുസൗന്ദര്യം പ്രകൃതിയോടിണങ്ങിയ തറവാടാണ് വല്ലപ്പുഴയിലെ തേനഴി വലിയവീട്. മൂന്നുനൂറ്റാണ്ടോളം പഴക്കമുള്ള തറവാട് അതേപ്പടി സംരക്ഷിച്ചുവരികയാണ് പിൻതലമുറക്കാർ.

പച്ചപ്പണിഞ്ഞ് നിൽക്കുന്ന പാടശേഖരത്തോട് ചേർന്നാണ് തറവാടിന്റെ പടിപ്പുര. മൂന്നു നിലകളിൽ നാലുകെട്ട് നിർമിതിയിലുള്ള തറവാടിന്റെ തൂണുകളും വാതിൽപ്പടികളും കട്ടിളകളും ജനലുകളും ചിത്രപ്പണികളോടെയുള്ളതാണ്. കീടക്കല്ല് ഉപയോഗിച്ച് നിർമിച്ചിട്ടുള്ള തറവാടിന് നീളമുള്ള പൂമുഖവും കരിങ്കല്ലു പതിച്ച നടുമുറ്റവുമുണ്ട്.

പടയാളികളായ വടകര കുറുപ്പന്മാരുടെ പിൻതലമുറക്കാരുടെ പാരമ്പര്യമാണ് വല്ലപ്പുഴ തേനഴി വലിയവീട് തറവാടിനുള്ളത്. 300 വർഷംമുമ്പ് വടകരയിൽനിന്ന്‌ വള്ളുവനാട്ടിലെത്തിയ കുറുപ്പും സഹോദരിയും കളരി സ്ഥാപിക്കാനുള്ള സ്ഥലമന്വേഷിച്ചു നടന്നു. വല്ലപ്പുഴയിലെത്തിയ ഇവർ ഭഗവതിയുടെ സാന്നിധ്യം കാണുകയും ഇപ്പോൾ തറവാട് നിൽക്കുന്നിടത്ത് കളരിയും നാലുകെട്ടും സ്ഥാപിച്ചെന്നുമാണ് പറയുന്നത്.

പഴയ കളരിത്തറയുടെ അവശേഷിപ്പും നാഗത്തറയും തറവാടിനോട് ചേർന്ന് നിൽക്കുന്നുണ്ട്. സാമൂതിരി രാജാവിന്റെ നിർദേശപ്രകാരം പടയിൽ ചേരാൻ വല്ലപ്പുഴയിൽനിന്ന്‌ കല്ലടിക്കോട്ടേക്ക് മാറിയ രാവുണ്ണിക്കുറുപ്പ്, കേളുക്കുറുപ്പ് എന്നിവരുടെ സഹോദരിയും സാമൂതിരി രാജാവിന്റെ ദിവാൻ സ്ഥാനക്കാരനായിരുന്ന ചെറുള്ളിയച്ചൻ വിവാഹം കഴിച്ചതുമായ അമ്മാളുഅമ്മയുടെ താവഴിക്കാരാണ് നിലവിൽ വല്ലപ്പുഴയിലെ വലിയവീട് തറവാട്ടിലുള്ളത്. ഇവരുടെ മക്കളായ മൂക്കുണ്ണിക്കുറുപ്പ്, ഗോപിക്കുറുപ്പ്, അച്യുതക്കുറുപ്പ് എന്നിവർ പിന്നീട് കാരണവന്മാരായി.

25 മുറികളുണ്ട് അകത്ത്. മുകൾനിലയിലേക്ക് കയറാൻ രണ്ട് കോണികളും. ഏറ്റവും മുകളിലത്തെ നില ഹാളാണ്. പൂമുഖത്തുനിന്ന്‌ കയറുന്നത് നടുമുറ്റത്തേക്കാണ്. വൈരഴി ജനലുകളോടെയുള്ള നടുമുറ്റമാണ് ഇവിടെയുള്ളത്.

അക്കാലത്ത് ഈട്ടിയിൽ തീർത്ത മനോഹരമായ ആട്ടുകട്ടിലും അതേപടി സൂക്ഷിച്ചുവരുന്നു. രണ്ട് പത്തായപ്പുരയുമുണ്ട്. പത്തായപ്പുരകൾ സൗകര്യത്തിനായി രൂപമാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

കാരണവരായിരുന്ന ദിവാകരക്കുറുപ്പിന്റെ അനുജൻ ശങ്കരനുണ്ണിക്കുറുപ്പിന്റെ ഭാര്യയും പ്രസിഡന്റിൽനിന്ന്‌ താമ്രപത്രം ലഭിച്ച പരേതനായ കെ.ടി. മാധവൻനമ്പ്യാരുടെ മകളുമായ ഒ.എം. രാജലക്ഷ്മിയും കുടുംബവുമാണ് ഇപ്പോൾ ഇവിടെയുള്ളത്.

content highlight: palakkad vallapuzha thenazhi valiyaveedu