കേരളത്തിന്റെ പൈതൃകത്തെക്കുറിച്ച് അറിയാനാഗ്രഹമുള്ളവര്‍ക്ക് തിരുവനന്തപുരം നഗരസഭാ കെട്ടിടത്തിനടുത്തുള്ള കേരള ചരിത്ര പൈതൃക മ്യൂസിയത്തിലേക്ക് വരാം. ടൂറിസം ഡയറക്ടറേറ്റ് വളപ്പിലെ പാര്‍ക്ക്വ്യൂ എന്ന കെട്ടിടത്തിലാണ് 2011 ഫെബ്രുവരി 16-ല്‍ തുടങ്ങിയ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.

museum
സപ്രമഞ്ചക്കട്ടില്‍

തിരുവിതാംകൂറിലെ ചീഫ് സെക്രട്ടറിമാരുടെ ഔദ്യോഗികവസതിയായിരുന്നു പാര്‍ക്ക്‌വ്യൂ. ഇന്തോ-യൂറോപ്യന്‍ ശൈലിയില്‍ നിര്‍മിച്ചതാണ് ഈ കെട്ടിടം. ഈ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്ന് നോക്കിയാല്‍ മ്യൂസിയം വളപ്പിലെ പൂന്തോട്ടവും കെട്ടിടങ്ങളും മറ്റും കാണാമായിരുന്നു. ഇതിനാലാണ് കെട്ടിടത്തിന് പാര്‍ക്ക്വ്യൂ എന്ന് പേര് നല്‍കിയത്.

കേരളത്തിന്റെ നാടന്‍കലാരൂപങ്ങള്‍, കല്ലിലും വെള്ളിയിലും വെങ്കലത്തിലും നിര്‍മിച്ചിട്ടുള്ള ശില്പങ്ങള്‍, അക്കാലത്ത് വേട്ടയാടാന്‍ ഉപയോഗിച്ചിരുന്ന കന്മഴു, വിവിധകാലഘട്ടങ്ങളിലെ സംഗീത ഉപകരണങ്ങള്‍, ക്ഷേത്രകലയുടെ ഭാഗമായ ചുമര്‍ ചിത്രങ്ങള്‍ ഇങ്ങനെ നീണ്ടുപോകുന്നു കേരളം ചരിത്ര പൈതൃക മ്യൂസിയത്തിലെ പ്രദര്‍ശനവസ്തുക്കള്‍. മ്യൂസിയത്തിലെത്തുന്നവര്‍ക്ക് കിയോക്‌സുകളിലൂടെയും ഡിസ്പ്ലേ ബോര്‍ഡുകളിലൂടെയും വീഡിയോയിലൂടെയും ഇവിടത്തെ എല്ലാ പ്രദര്‍ശനവസ്തുക്കളുടെയും വിശദാംശങ്ങള്‍ അറിയാനാവും.

museum

ഓലമേഞ്ഞ നാലുകെട്ടിന്റെ മാതൃക

ടിപ്പുവിന്റെ പീരങ്കികളും കൊച്ചി രാജാവിന്റെ കുതിരവണ്ടിയും

മ്യൂസിയത്തിലെ പ്രവേശനകവാടത്തിന്റെ രണ്ടറ്റത്തുമായി 250 വര്‍ഷം പഴക്കമുള്ള രണ്ട് പീരങ്കികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ പെരുന്തട്ടയിലെ ശിവക്ഷേത്രവളപ്പില്‍ നിന്നാണ് ഇവ കിട്ടിയത്. ക്ഷേത്രത്തില്‍ ജ്യോതിഷപ്രശ്‌നം നടത്തിയപ്പോഴാണ് ക്ഷേത്രവളപ്പില്‍ ആളെക്കൊല്ലുന്ന രണ്ട് ഉപകരണങ്ങള്‍ ഉള്ളതായി ജ്യോതിഷി പറഞ്ഞത്. ഇതേത്തുടര്‍ന്ന് ക്ഷേത്രവളപ്പ് വെട്ടിക്കിളച്ചപ്പോഴാണ് പീരങ്കികള്‍ കിട്ടിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ ടിപ്പുസുല്‍ത്താന്റെ പടയോട്ടകാലത്ത് ഉപയോഗിച്ചിരുന്ന പീരങ്കികളാണെന്ന് കണ്ടെത്തിയത്. ഇത് പിന്നീട് പൈതൃക മ്യൂസിയത്തിന് കൈമാറുകയുമായിരുന്നു. പീരങ്കികള്‍ക്ക് നടുവിലായാണ് കൊച്ചി രാജാവിന്റെ കുതിരവണ്ടി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

museum
പഴയ അടുക്കള

നന്നങ്ങാടിയും കന്‍മഴുവും

ഉറ്റവരുടെ ശവശരീരങ്ങള്‍ ദഹിപ്പിച്ചശേഷം ചാരവും അവരുടെ ആഭരണങ്ങളുമടക്കമുള്ള വസ്തുക്കള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് നന്നങ്ങാടികളിലാണ് സൂക്ഷിച്ചിരുന്നതെന്ന് ചരിത്രരേഖകള്‍ പറയുന്നു. മണ്ണില്‍ നിര്‍മിച്ച നന്നങ്ങാടികള്‍ കുഴിച്ചിട്ടശേഷം അവയുടെ പുറത്ത് തിരിച്ചറിയാനായി ശിലകളും സ്ഥാപിച്ചിരുന്നു. കൊല്ലം ജില്ലയിലെ മങ്ങാട്ട് നിന്ന് കിട്ടിയ ഇത്തരത്തിലുള്ള നന്നങ്ങാടികള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് പൈതൃക മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍ പിള്ള പറഞ്ഞു. നെടുമങ്ങാട് കുഞ്ചം ഭാഗത്തുനിന്ന് കണ്ടെത്തിയ ഇരുമ്പ് ആയുധങ്ങള്‍ക്ക് 3000 വര്‍ഷത്തെ പഴക്കമുണ്ട്. ഇവയും ഇവിടെ പ്രദര്‍ശനത്തിനുണ്ട്.

museum
നന്നങ്ങാടി, കന്‍മഴു

ചെപ്പേടുകള്‍

തെക്കന്‍ ബ്രഹ്മി ലിപിയില്‍ രേഖപ്പെടുത്തിയ എടയ്ക്കല്‍ ഗുഹയിലെ രണ്ടാംനൂറ്റാണ്ടിലെ ശിലാലിഖിതങ്ങളാണ് കേരളത്തിന്റെ ചരിത്രകാലഘട്ടത്തിലെ ഏറ്റവും പഴക്കമുള്ള രേഖകള്‍. ഒമ്പതാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും ഇത്തരം രേഖകള്‍ തയ്യാറാക്കിയിരുന്നത് കല്ലിലോ ചെമ്പുതകിടിലോ ആണ്. കൊട്ടാരക്കരയ്ക്കു സമീപത്തുള്ള തിരുവെളുന്നൂരിലെ ചെപ്പേടുകളും ഇവിടെ പ്രദര്‍ശത്തിനുണ്ട്. പനയോലയിലും ചെമ്പിലും എഴുതിയ നിരവധി ചെപ്പേടുകളാണ് ഇവിടെ പ്രദര്‍ശനത്തിലുള്ളത്.

museum
ഇരുമ്പ് ഉപകരണങ്ങളും ആഭരണങ്ങളും

നാണയങ്ങള്‍

തിരുവിതാംകൂറില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരുകാശ്, നാലുകാശ്, എട്ടുകാശ്, രണ്ട് ചക്രം, അറയ്ക്കല്‍ രാജവംശം പുറത്തിറക്കിയ നാണയങ്ങളും ഇവിടെയുണ്ട്. തൃശ്ശൂരിലെ ഇയ്യാല്‍ എന്ന സ്ഥലത്തുനിന്നു കിട്ടിയ റോമന്‍ നാണയങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

museum
ശിലാലിഖിതങ്ങള്‍

ദിവാന്റെ ആയുധങ്ങള്‍

ദിവാന്‍ ടി.മാധവറാവു ഉപയോഗിച്ചിരുന്ന വിവിധതരം ആയുധങ്ങള്‍, വിവിധതരം പാത്രങ്ങള്‍, ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ചിരുന്ന കത്തിയും മുള്ളും തുടങ്ങിയവയും ഗാലറിയില്‍ പ്രദര്‍ശനത്തിനുണ്ട്. ഇതുകൂടാതെ ഇവിടെ സപ്രമഞ്ച കട്ടില്‍, പഴയകാലത്തെ അടുക്കള, ഓലക്കെട്ടിടം, ഉറികള്‍, പാത്രങ്ങള്‍ തുടങ്ങിയവയുമുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രദര്‍ശനം. കുട്ടികള്‍ക്ക് 10 രൂപയും മുതിര്‍ന്നവര്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: Museum of History and Heritage Trivandrum