ഭൂമി തിരഞ്ഞെടുത്ത് വാസയോഗ്യമായ ഗൃഹനിര്‍മാണത്തിന്  വാസ്തു ശാസ്ത്രത്തില്‍  കൃത്യമായ ഒരു രീതിയും ക്രമവും പറയുന്നുണ്ട്.  ഇവയില്‍ ഏറ്റവും പ്രധാന്യം ആരംഭിക്കുന്നതിനും പ്രവേശിക്കുന്നതിനും ആണ്. മുമ്പാണെങ്കില്‍ അത് ഇപ്രകാരമാണ്. 

 1. ഭൂമി സ്വീകരിക്കല്‍
 2. ശിലാസ്ഥാപനം (കല്ലിടല്‍)
 3. പാദുകം വെപ്പ്
 4. കട്ടിള വെപ്പ്
 5. ഉത്തരം വെപ്പ്
 6. ഗൃഹപ്രവേശന വിധി

 എന്നാല്‍ ഇന്ന് ഗൃഹനിര്‍മാണക്രമത്തിന് കാലോചിതമായ  ചില മാറ്റങ്ങള്‍ ആവശ്യമാണ് എന്ന് തോന്നുന്നു. അത് ഇപ്രകാരം ആകാം.

 1. ഭൂമി സ്വീകരിക്കല്‍
 2.  പ്ലാന്‍  തയാറാക്കല്‍ 
 3. സ്ഥാന നിര്‍ണയം
 4. ശിലാസ്ഥാപനം ( കല്ലിടല്‍)
 5.  കട്ടിള വെയ്പ്പ് 
 6.  വാര്‍പ്പ് (പ്രധാന)
 7.  വാസ്തുബലി +  പഞ്ചശീര സ്ഥാപനം
 8. ഗൃഹപ്രവേശനം

മേല്‍പ്പറഞ്ഞ കര്‍മ്മങ്ങളെ  കേരളത്തിലെ  പ്രകൃതിക്കനുയോജ്യമായി അല്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് ക്രമമായി ചെയ്യാനും സാധിക്കുന്നതാണ്. 

മലയാള മാസാരംഭമായ മേടം മാസത്തിന് മുന്‍പായി അതായത് ഏപ്രില്‍-14 വിഷുവിന് മുന്‍പായി  ഭൂമി തിരഞ്ഞെടുക്കലും ഭൂമിയുടെ ദിശയ്ക്കും കിടപ്പിനും  അനുയോജ്യമായ വിധത്തില്‍  ഗൃഹനാന്റെയും ഗൃഹനാഥയുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് പ്ലാന്‍ തയാറാക്കലും, പൂര്‍ത്തീകരിക്കുക.

അപ്രകാരമായാല്‍ സ്ഥാന നിര്‍ണയവും ശിലാസ്ഥാപനവും (കല്ലിടല്‍)  മേടമാസത്തില്‍  ചെയ്യാവുന്നതാണ്.   മേടമാസത്തില്‍  ശിലാസ്ഥാപനത്തിന് ശേഷമുള്ള സമയവും  ഇടവമാസം പകുതിവരെയുള്ള സമയവും എടുത്ത് അസ്ഥിവാരത്തിന്റെയും (ഫൗണ്ടേഷന്‍) തറയുടെയും (ബേസ്‌മെന്റ് ) പണി പൂര്‍ത്തീകരിച്ചാല്‍ പിന്നീടുള്ള  ഇടവപ്പാതി മഴകൊണ്ട് തറക്ക് ഉറപ്പുണ്ടതാകാന്‍ തല്ലതാണ്. 

ശേഷമുള്ള ഭിത്തിയുടെ പണിക്കും വാര്‍പ്പ് വരെയുള്ള മറ്റ് പണികള്‍ക്കും ഉള്ള ആവശ്യ സാധന സാമഗ്രികള്‍ ശേഖരിക്കല്‍ കന്നിമാസത്തില്‍ ചെയ്താല്‍ തുലാമാസത്തില്‍ അതായത് ഒക്ടോബര്‍ 15നോട് അനുബന്ധിച്ച് കട്ടിളവെയ്പ്പ് നടത്തി  ഭിത്തിപ്പണി ആരംഭിക്കുകയും ഡിസംബര്‍ 15 ന് മുമ്പായി അതായത് വൃശ്ചികമാസത്തില്‍ തന്നെ  പ്രധാന വാര്‍പ്പ്  നടത്താന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ ധനമാസം കഴിഞ്ഞ് മകരമാസത്തില്‍  ജനുവരി 15 കഴിഞ്ഞ് പ്രധാന വാര്‍പ്പ് നടത്തുകയോ ചെയ്യാവുന്നതാണ്.

ഇപ്രകാരം തുടര്‍ന്നാല്‍ കുംഭം,മീനം മാസങ്ങളില്‍ ശേഷിക്കുന്ന പണികള്‍  തീര്‍ത്ത് മേടമാസത്തില്‍ ഗൃഹപ്രവേശന വിധി നടത്താവുന്നതാണ്. ഗൃഹപ്രവേശനത്തിന്  മുമ്പുള്ള ദിവസങ്ങളില്‍ സന്ധ്യകഴിഞ്ഞ് വാസ്തുബലിയും പഞ്ചശീരാസ്ഥാപനവും നടത്തേണ്ടത് അനിവാര്യമാണ്.