വീട് വെക്കാൻ തീരുമാനിച്ചാൽ, കുറെ ചോദ്യങ്ങളും സംശയങ്ങളും ഉണ്ടാകും. ഒരു പ്ലോട്ട് തിരഞ്ഞെടുക്കുന്നത് മുതൽ വീടിനുള്ളിൽ ഉദ്ദേശിക്കുന്ന സൗകര്യങ്ങൾ, മുറികൾ ഇവയെ കുറിച്ച് എല്ലാം നാം വ്യാകുലരാണ്.

ഒരു വീട് എന്നത് നാം മനസ്സിൽ സൂക്ഷിച്ചു വെച്ച അഭിലാഷങ്ങളുടെ ഒരു പ്രതിഫലനം ആണ്. അഞ്ചു വർഷത്തേക്കെങ്കിലും മുന്നിൽ കണ്ടു വേണം വീടിന്റെ ആവശ്യങ്ങളുടെ പട്ടിക തയ്യാറാക്കാൻ. അതായത് വീട്ടിൽ ഇന്ന് താമസിക്കുന്ന അംഗങ്ങളെ മാത്രമല്ല വരാൻ പോകുന്ന വർഷങ്ങളിൽ അവയ്ക്കുണ്ടാകാൻ പോകുന്ന മാറ്റങ്ങളും മുന്നിൽ കാണുക. ഇന്നത്തെ സൗകര്യങ്ങൾ മാത്രമല്ല പിന്നീട് വാങ്ങാൻ പോകുന്ന വാഷിങ് മെഷീൻ മുതൽ വാർഡ് റോബ് വരെ മുന്നിൽ കാണണം. 

ഏറ്റവും മുഖ്യമായ ചോദ്യം എത്ര ബെഡ്‌റൂം വേണമെന്നാണ്. എന്നാൽ ഈ ചോദ്യത്തിനുത്തരം വളരെ ആലോചിച്ച് എടുക്കേണ്ടതാണ്. പല വീടുകളിലും മക്കൾക്ക് വേണ്ടി ഉണ്ടാക്കുന്ന ബെഡ്റൂമുകൾ ഉപയോഗിക്കാതെ കിടക്കുന്നതു കാണാറുണ്ട്. കാരണം അവർ പഠന ശേഷം ജോലി ആവശ്യങ്ങൾക്ക് വേണ്ടി മറ്റു പട്ടണങ്ങളിലേക്ക് താമസം മാറിയിട്ടുണ്ടാകും. വർഷത്തിൽ ഒരാഴ്ച താമസം ഉള്ള അവർക്കു വേണ്ടി മുറികൾ മാറ്റി വെക്കേണ്ട ആവശ്യം  ഉണ്ടോ എന്ന് തീരുമാനമെടുക്കേണ്ടത് അവനവൻ തന്നെയാണ്.

സമൂഹം പ്രതീക്ഷിക്കുന്ന ഒരു വീടല്ല, വീട്ടുകാർക്ക് സൗകര്യപ്രദമായൊരു വീടാണ് മുഖ്യം. അത് ഭംഗിയായി  വില കുറഞ്ഞു പണിതെടുക്കണം. ലിവിങ് റൂമുകളുടെ കാര്യത്തിൽ തന്നെ നമുക്ക് പല അഭിപ്രായങ്ങളും ഉണ്ട്. അതിഥികളെ സ്വീകരിക്കുന്ന ഇടമാണിത്. ഇവിടെ വൃത്തിയായി ഇരിക്കണമെന്നു മാത്രമല്ല, വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം വിശ്രമിക്കാനും സാധിക്കണം. വസ്തുക്കൾ ധാരാളം തിങ്ങി നിറയാതെ ലളിതമായി ലിവിങ് റൂം ഒരുക്കുന്നതാണ് എപ്പോഴും നല്ലത്. ചില വർഷങ്ങൾക്കു ശേഷം അമിത ചെലവില്ലാതെ നവീകരിക്കാനും ഇതെളുപ്പമാക്കും

റൂമുകളുടെ അളവുകളുടെ കാര്യത്തിലും ശ്രദ്ധ വേണം. 14 അടി വ്യാപ്തം ഉള്ള ബെഡ്‌റൂമുകളിൽ പോലും സ്ഥലം തികയാത്ത രീതിയിൽ ഫർണിച്ചർ നിറഞ്ഞു കാണാറുണ്ട്. അതാതു മുറികളിൽ വെക്കാൻ ഉദ്ദേശിക്കുന്ന ഫർണിച്ചർ കൂടെ പ്ലാനിൽ വരച്ചു നോക്കി വേണം വിസ്തൃതി നിശ്ചയിക്കാൻ. കബോർഡുകൾ , വാതിലുകൾ എന്നിവ തുറന്നുവെച്ചാലും നടക്കാനുള്ള മതിയായ സ്ഥലമുണ്ടെന്ന് ഉറപ്പുവരുത്തണം.

മറ്റൊരു പ്രധാനപ്പെട്ട സംശയം അടുക്കളകളിൽ ആണ്. അവിടെ ഭക്ഷണം പാകം ചെയ്യാൻ ഉള്ള വസ്തുക്കൾ, അടുപ്പ്, സിങ്ക് ഇവയെല്ലാം ആർക്കിറ്റെക്ട്‌ ഡിസൈൻ ചെയ്യുമ്പോൾ 'kitchen  triangle' എന്നൊരു ആശയം അവതരിപ്പിക്കാറുണ്ട്. അതായത് ഉപയോഗിക്കുമ്പോൾ ഈ സൗകര്യങ്ങൾ എല്ലാം ഒരു ത്രികോണത്തിന്റെ ശീർഷകം ആയി പ്ലാനിങ് ചെയ്‌താൽ വളരെ സൗകര്യം ആയിരിക്കും.

വീടിനുള്ളിൽ പ്രാർത്ഥന മുറികൾ വേണമെങ്കിൽ അവയുടെ ദിക്കുകൾ പ്രത്യേകം ശ്രദ്ധിക്കുക. മാത്രമല്ല ഇവ ലിവിങ് റൂം പോലുള്ള പുറമെ നിന്നുള്ളവർക്കു കാഴ്ച ഉള്ള സ്ഥലങ്ങൾ പൊതുവെ ഒഴിവാക്കാം.

മുറികൾക്കും വാസ്തു നിയമങ്ങൾ പ്രകാരം വേണം എന്ന് പറയുന്നതിനോട് അഭിപ്രായം പലതാണ്. വീട് ഭൂമിയിൽ  ഇരിക്കുമ്പോൾ ഉണ്ടാകുന്ന ചുറ്റുവട്ടം ആണ് ഈ നിയമങ്ങളുടെ കാമ്പ്. ഊർജ്ജം കാറ്റിന്റെയും വെളിച്ചത്തിന്റെയും ഭാവത്തിൽ നമ്മുടെ വീടിനു ചുറ്റും ഉണ്ട്. ഇവയുടെ നിയന്ത്രണമാണ് വീടിന്റെ സമാധാനം എന്നത് കൊണ്ട് അഭിപ്രായങ്ങൾ ആരായുമ്പോൾ ഇത് പ്രത്യേകം  ശ്രദ്ധിക്കുക.

നമ്മുടെ നാട്ടിലെ മഴ കാരണം തുണി അലക്കി പുറത്തിടുന്നത് എല്ലാ കാലവും സാധ്യമല്ല. അതിനാൽ മുകളിൽ ടെറസ് ഭാഗം പിന്നീട് ഷീറ്റ് ഇടുന്ന ഒരു പ്രവണത ഇവിടെ ഉണ്ട്. പുറം വശങ്ങൾ അടച്ചിടാത്ത മേൽക്കൂര മാത്രം ഉള്ള ഒരു യൂട്ടിലിറ്റി റൂം ഇന്ന് പലരും ഡിസൈനിൽ തന്നെ ചെയ്തു കാണുന്നുണ്ട്. 

വീടിനുള്ള ചെലവ് കണക്കു കൂട്ടുമ്പോൾ സ്ട്രക്ച്ചർ മുതൽ ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ, ഇസ്തിരി മേശ മുതൽ എല്ലാ ഫർണിച്ചറും കണക്കിൽ എടുക്കണം. വീട് പണി തീരുന്നതു സ്ട്രക്ച്ചർ  തീർന്നാൽ മാത്രമല്ല അവയുടെ ചുറ്റു വട്ടവും സംപ്, ടാങ്ക്, ഗേറ്റ്, കോമ്പൗണ്ട് വോൾ, ഇവയെല്ലാം തീർന്നു കഴിഞ്ഞാൽ മാത്രമാണ്. ഓരോന്നും ചെലവ് മനസ്സിൽ വെച്ച് നല്ല പോലെ മുൻകൂട്ടി കണ്ടാൽ അധിക ചിലവിൽ നിന്ന് രക്ഷപ്പെടാം, ഭംഗിയായിയും തീർക്കാം.

Content Highlights: low cost housing ideas, vasthu veedu plan, house plan design, architips, low cost house plan design, low cost house design in kerala