വീടിന്റെ അകത്തളത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരണം, അതിനുള്ള ആശയങ്ങളും ഉണ്ട് എന്നാണെങ്കിൽ നിങ്ങൾക്കും ഒരു ഇന്റീരിയർ ഡിസൈനറാകാം. ഒന്നോ രണ്ടോ മുറികൾ നല്ല രീതിയിൽ ചെയ്തു തീർക്കാൻ പലപ്പോഴും ഒരു ആർക്കിടെക്ടിനെ വിളിക്കാനോ അല്ലെങ്കിൽ കോൺട്രാക്ട് കൊടുക്കാനോ നമ്മുടെ ബജറ്റ് അനുവദിക്കുന്നുണ്ടാവില്ല. ഈ സാഹചര്യത്തിൽ അവനവന്റെ  താൽപര്യത്തിൽ ഒരു ഇന്റീരിയർ ചെയ്യാവുന്നതാണ്. ഡിസൈനറെ വെക്കാതെ സ്വന്തം വീട്ടിലെ ഇന്റീരിയറൊരുക്കാൻ സ്വീകരിക്കേണ്ട ചില മാർ​ഗങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.

സ്റ്റൈൽ തിരിച്ചറിയണം

എന്താണ് എന്റെ സ്റ്റൈൽ? ഈ ഒരു ചോദ്യം വളരെ പ്രധാനമാണ്. നിങ്ങളുടെ കയ്യിൽ ഇന്നുള്ള വസ്തുക്കൾ - ആ പഴയ കബോർഡിൽ സൂക്ഷിച്ചു വച്ച ചില പഴഞ്ചൻ പാത്രങ്ങൾ; പിന്നീട് എന്തോ ചെയ്യാൻ ഉദ്ദേശിച്ചു എടുത്തു വെച്ച ആ തുണിക്കഷ്ണങ്ങൾ; ഏറ്റവും ഇഷ്ടപെട്ട ആ മോഡേൺ ക്ലോക്ക്; സോഫയുടെ മുകളിൽ എന്നും ഇരിക്കുന്ന ആ പോർസലീൻ പാത്രം.... ഇവയെല്ലാം 'നിങ്ങളുടെ സ്റ്റൈൽ' തീരുമാനിക്കാൻ ഉപയുക്തമാകും. നിങ്ങളുടെ സന്തോഷം ആണ് നിങ്ങളുടെ സ്റ്റൈൽ .. നിങ്ങളുടെ സ്റ്റൈൽ ആണ് നിങ്ങളുടെ മാനസികാവസ്ഥ. അതനുസരിച്ച് തുടക്കം മുതലേ പ്ലാൻ ചെയ്യാം.

ആവശ്യങ്ങൾ എന്തൊക്കെ?

മനസ്സിലുള്ള പുതിയ ആ​ഗ്രഹങ്ങൾ നിറവേറ്റാനാണ് നിലവിലുള്ള ഡിസൈനിൽ മാറ്റം വരുത്താൻ ശ്രമിക്കാറുള്ളത്. അത് എന്താണെന്ന് എഴുതി വെക്കുക. ലിവിങ് റൂമിൽ രണ്ടു സീറ്റ് കൂടുതൽ വേണം എന്നോ, ഡൈനിങ്ങ് റൂമിൽ വെളിച്ചം മാറണം എന്നോ, ബെഡ്‌റൂമിൽ കൂടുതൽ കബോർഡ് വേണം എന്നോ, ഇങ്ങനെ എന്തെങ്കിലും ആയിരിക്കും അവ. അത് നിങ്ങൾ തന്നെ കണ്ടുപിടിക്കുകയും എഴുതി വെക്കുകയും വേണം. മാത്രമല്ല, നിലവിൽ ആ മുറിയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും തടസ്സമില്ലാതെ പോവുകയും വേണം. എന്തിനെല്ലാം ആ മുറി ഉപയോഗിക്കുന്നു എന്നതും എഴുതി വെക്കുക.  ഇന്റീരിയർ ചെയ്തു തീർന്നാൽ ഈ കാര്യങ്ങൾ എല്ലാം തൃപ്തികരമായി ചെയ്യാം എന്ന് ഇടയ്ക്കിടയ്ക്ക് നാം ഉറപ്പു വരുത്തണം.

അളവുകൾ എടുക്കുക 

ഇവിടെ ആണ് പലപ്പോളും ഒരു സഹായം വേണ്ടി വരുന്നത്. പല വീടുകളിലും തയ്യൽ ടേപ്പ് ഉണ്ടാകും. മുറിയുടെ നീളവും വീതിയും അളക്കുക. [ട്രെയിനിങ് ഇല്ലാത്തവർക്ക് ഒരു പ്ലാൻ വരയ്ക്കാൻ എളുപ്പം പറയാം. ഒരു പേപ്പറിൽ ഒരു ദീർഘചതുരം (rectangle)വരക്കുക. എടുത്ത അളവുകൾ നീളവും വീതിയും ആയി രണ്ടു ഭാഗങ്ങളിൽ എഴുതുക. നിങ്ങൾ  മുറിയുടെ സീലിംഗ് ഫാനിൽ നിന്ന് താഴേക്കു നോക്കുന്നതായി കരുതുക. എവിടെ വാതിൽ വരുന്നു, അവിടെ മറ്റൊരു കളർ പേന കൊണ്ട് ഈ  ദീർഘചതുരം മുറിക്കുക. അത് പോലെ ജനാലകളും. നിങ്ങളുടെ ആദ്യ പ്ലാൻ തയ്യാർ.]
മുറിയിൽ ഇപ്പോൾ ഉള്ള ഫർണിച്ചറും വരച്ചെടുക്കണം. വരച്ചെടുത്ത ഒരു പ്ലാൻ നിങ്ങളുടെ ഇന്റീരിയർ നന്നാവാൻ വളരെ പ്രധാനമാണ്.

മാറ്റങ്ങൾ തീരുമാനിക്കുക

ഇനി നമുക്ക് ഡിസൈൻ തുടങ്ങാം. നേരത്തെ എഴുതി വെച്ച ആ ആവശ്യങ്ങളുടെ ലിസ്റ്റ് വീണ്ടും പരിശോധിക്കുക. ചുമരുകൾ ഒഴികെ മാറ്റി സ്ഥാപിക്കാൻ പറ്റിയ എല്ലാ ഫർണിച്ചറും മാറി ചിന്തിക്കുക. താല്പര്യമില്ലാത്ത സോഫ, കസേരകൾ, മേശകൾ ഇവ ഒഴിവാക്കാൻ  മടിക്കരുത്. ഈ അവസ്ഥയിൽ  ആണ്  വരച്ചു വെച്ച  പ്ലാൻ ഉപകാരപ്പെടുന്നത്.  നാലോ അഞ്ചോ ഫോട്ടോകോപ്പി എടുത്തു അതിൽ മാറി മാറി വരച്ചു നോക്കുക. ഓരോ മാറ്റത്തിലും മുറിക്കുള്ളിൽ സൗകര്യങ്ങൾക്ക് വ്യത്യാസങ്ങൾ ഉണ്ടാക്കുന്നത് നിങ്ങൾ കണ്ടു തുടങ്ങും. ആവശ്യങ്ങളുടെ ലിസ്റ്റ് വീണ്ടും പരിശോധിക്കുക. ഡിസൈൻ ആവർത്തിക്കുക.

പ്ലാനിൽ നിങ്ങളുടെ സ്റ്റൈൽ കൊണ്ടുവരിക

തീരുമാനിച്ചെടുത്ത ഫർണിച്ചർ ക്രമീകരണം ആദ്യ പടിയാണെങ്കിൽ, അവയുടെ കവറുകൾ, കുഷ്യൻ, ചുമരുകളുടെ പെയിന്റ്, നിലത്തിലെ ടൈൽ, കർട്ടൻ, ചുവരിലെ ഫ്രെയിം ചെയ്ത ചിത്രങ്ങൾ ഇവയെല്ലാം ഇന്റീരിയർ വളരെ വ്യത്യസ്തമാക്കും. ആദ്യ പടിയിൽ കണ്ടു വെച്ച നിങ്ങളുടെ സ്റ്റൈൽ ഉപയോഗിക്കുന്നത് ഈ സമയം ആണ്. അതിനു വേണ്ടി ഉള്ള പുതിയ വസ്തുക്കൾ വല്ലതും വേണമെങ്കിൽ, അവ ഒരു ലിസ്റ്റ് ആയി വെക്കുക.

മാർക്കറ്റ് സന്ദർശിക്കുക

കയ്യിൽ ഉള്ളതല്ലാത്ത സാമഗ്രികൾ വാങ്ങാൻനുള്ള ലിസ്റ്റ് തയ്യാറാക്കി മാർക്കറ്റ് സന്ദർശിക്കലാണ് അടുത്തപടി. ഇന്ന് എല്ലാ ഷോറൂമുകളിലും വളരെ സഹായകമായി കാര്യങ്ങൾ പറഞ്ഞു തരാൻ ആളുകളും ഉണ്ട്. ഒന്നോ രണ്ടോ ദിവസത്തെ മാർക്കറ്റ് സന്ദർശത്തിനു ശേഷം ഒരു ഫൈനൽ പ്ലാൻ തയ്യാറാക്കുക. കാരണം മാർക്കറ്റിൽ നിങ്ങൾ പല പുതിയ കാര്യങ്ങളും കാണും. അവ കൃത്യതയോടു കൂടി പ്ലാനിൽ വീണ്ടും കൊണ്ടുവന്നില്ലെങ്കിൽ നിങ്ങൾക്ക് തെറ്റുകൾ ധാരാളം വരും. മറക്കരുത് !! ആവശ്യങ്ങളുടെ ലിസ്റ്റ് വീണ്ടും പരിശോധിക്കുക. എല്ലാം മുന്നിൽ കണ്ടു എന്ന് ഉറപ്പു വരുത്തുക.  പുതിയ ഒരു ലിസ്റ്റ് തയ്യാറാക്കി വെക്കുക.

പണികൾ എടുക്കുക/ എടുപ്പിക്കുക 

ഈ രീതിയിൽ ഇന്റീരിയറിൽ എന്തെല്ലാം മാറ്റം വരുത്തണം എന്ന് തീരുമാനിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഇത് സ്വന്തം ചെയ്തെടുക്കാൻ സാധിക്കും. വളരെ ചെറിയ ആവശ്യങ്ങൾക്കായി, ആശാരി, പെയ്ന്റർ, പ്ലംബർ, ഇലക്ട്രീഷ്യൻ എന്നിവരെ ആവശ്യമനുസരിച്ചു വിളിച്ചാൽ മതിയാകും. 

Content Highlights: interior decorating tips, room decoration low cost, interior design ideas, interior design ideas india