ല്ലൊരു പ്ലോട്ട് ലഭിച്ചു കഴിഞ്ഞാൽ പിന്നെ സ്വപ്നത്തിലുള്ള വീട് ഡിസൈൻ ചെയ്യുന്നതിനെക്കുറിച്ചാവും മിക്കവരുടെയും ചിന്ത. എന്നാൽ വീട് ഡിസൈൻ ചെയ്യുമ്പോൾ‌ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനമാണ് വീട്ടിൽ താമസിക്കുന്നവരുടെ ഉയരത്തിനും ശാരീരിക പ്രത്യേകതകൾക്കും അനുസരിച്ച് വീടൊരുക്കൽ. ഇത്തരത്തിൽ വീട്ടിൽ താമസിക്കുന്നവർക്ക് സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നതിനെ എർ​ഗണോമിക് ഡിസൈൻ എന്നാണ് വിശേഷിപ്പിക്കുന്നത്. വളരെ നിസ്സാരമെന്നു തോന്നിക്കാവുന്ന  ചില തീരുമാനങ്ങൾ എങ്ങിനെ നമുക്ക് സൗകര്യങ്ങളും ചിലപ്പോൾ ബുദ്ധിമുട്ടുകളും  ഉണ്ടാക്കും എന്ന് വിലയിരുത്താം.

ഗോവണി പടികൾക്കു 15  മുതൽ 17 സെന്റിമീറ്റർ വരെ കയറ്റം വെച്ച് കാണാറുണ്ട്. ഇതിന് മുകളിലോ താഴെയോ പോയാൽ ഒരു ശരാശരി മനുഷ്യൻ ബുദ്ധിമുട്ടും. പഴയ വീടുകളിലെ ഗോവണികളിൽ  കൂടുതൽ ഉണ്ടായിരുന്നെങ്കിലും അവക്ക് 8 മുതൽ 10 പടികളെ ഉണ്ടായിരുന്നുള്ളു. ഇന്നത്തെ വീടുകളുടെ സീലിംഗ് ഉയരങ്ങൾക്ക് ആനുപാതികമായി കൂടുതൽ എണ്ണം വേണ്ടി വരും എന്നതിനാൽ അവ ബുദ്ധിമുട്ട് ഉണ്ടാക്കും.

ഗോവണികളുടെ കീഴിൽ ഉപയോഗ ശൂന്യമായ ഇടങ്ങൾ  ടോയ്‌ലറ്റ്, സ്റ്റോർ എന്നിവയായി  ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടത് ആ വീട്ടിൽ കഴിയുന്ന ആളുകളുടെ ഉയരമാണ്. വീട്ടിൽ ഉള്ള ആളുകളുടെ ഉയരത്തിൽ 6 ഇഞ്ചെങ്കിലും കൂടുതൽ ഏതു വാതിൽ കട്ടിളകൾക്കും വേണം. ഇത് പോലെ തന്നെ ഹാൻഡ്‌റൈലിന്റെ വീതി തീരുമാനിക്കുന്നതും നമ്മുടെ കയ്യിന്റെ അളവ് കണക്കെടുത്തില്ലെങ്കിൽ, പ്രായമുള്ളവർ പിടിച്ചിറങ്ങാനും കയറാനും വിഷമിക്കും.

ഇനി സാധാരണ വാതിൽ കട്ടിളകളെ കുറിച്ച് പറയാം. ഇന്ന് 8 അടി ഉയരത്തിൽ ലിന്റൽ തീർക്കുന്നത് കണ്ടു തുടങ്ങിയിട്ടുണ്ട്. അവ മുറികളുടെ ഉയരം കൂട്ടി കാണിക്കാൻ വളരെ നല്ലതാണ്. എന്നാൽ ഈ കതകുകൾ അടച്ചു വെക്കാൻ ടവർ ബോൾട് സാധാരണ കൊടുക്കുന്നതു പോലെ 6,8 ഇഞ്ചിൽ നിർത്തരുത്. 12  മുതൽ 15 ഇഞ്ച് വരെ നീളം ഉള്ളവ കടകളിൽ ലഭ്യമാണ്. ഇവ ഉപയോഗിച്ചില്ലെങ്കിൽ വീട്ടുകാർക്ക് കതക് അടക്കാൻ കഴിയാതെ വരും.

സ്വിച്ചുകളും ലൈറ്റ് ഫൈറ്റിങ്ങുമെല്ലാം ഇതുപോലെ ഉയരം കണക്കാക്കി വേണം തീരുമാനിക്കാൻ. പതിവ് സ്വിച്ചുകൾക്കു പ്രത്യേകശ്രദ്ധ കൊടുക്കുന്ന അതെ സൂക്ഷ്മത മെയിൻ സ്വിച്ച്, ഡിസ്ട്രിബ്യൂഷൻ ബോർഡ്, ഇവയ്ക്കും നൽകണം. ഇവയെല്ലാം സൗകര്യാർത്ഥം ഉപയോഗിക്കാൻ പല വീടുകളിലും ബുദ്ധിമുട്ടാറുണ്ട്.

അടുക്കളയിലെ സ്ലാബിന്റെ ഉയരം അവിടെ ഉപയോഗിക്കുന്ന ആളുടെ ഉയരം വെച്ച് ഇന്ന് അഡ്ജസ്റ്റ് ചെയ്യാൻ മോഡുലാർ ഫിറ്റിങ്ങുകൾ സൗകര്യം തരുന്നു. ഇവയിൽ ഓവൻ, ഡിഷ്‌വാഷർ എന്നിവ വെക്കാൻ പ്ലാൻ ഉണ്ടെങ്കിൽ, അവയുടെ കൃത്യം അളവ് എടുത്തു തന്നെ സ്ളാബ് തയ്യാറാക്കുക.

വർക് അറ്റ് ഹോം സൗകര്യങ്ങൾ ഇന്ന് വീടുകളിൽ സാധാരണമായി തുടങ്ങി. വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്ന കസേര, ടേബിൾ എന്നിവ കൃത്യ അളവുകൾ അല്ലെങ്കിൽ നിങ്ങൾക്ക് നടുവേദന വരെ ഉണ്ടാകാം.

പ്രായമുള്ളവർ അഥവാ വികലാംഗർ വീട്ടിൽ ഉണ്ടെങ്കിൽ അവർക്കു സൗകര്യമുള്ള ഉയരങ്ങളിൽ ഹാൻഡ്‌റൈൽ, പിടികൾ, നടക്കാൻ സൗകര്യമുളള റഫ് ടൈലുകൾ, ഇവ വളരെ നന്നായിരിക്കും. വീട്ടിൽ ഫർണിച്ചർ‌ ഇടുന്നതു വളരെ ശ്രദ്ധയിൽ വേണം. നടന്നു പോകുമ്പോൾ കാൽ തട്ടി വഴി മുടക്ക് ഇല്ലാതെ ശ്രദ്ധിക്കുക. വാതിലുകളുടെ നേരെ വെക്കുന്ന ഫർണിച്ചറുകൾക്ക് കൂർത്ത അറ്റങ്ങൾ ഉണ്ടാക്കാതിരിക്കുക. കാഴ്ചയെ തെറ്റിക്കും വിധം കണ്ണാടികൾ ഉപയോഗിക്കാതിരിക്കുക, ഇവയെല്ലാം പ്രധാനമാണ്.

ഈ പറഞ്ഞ ഓരോ കാര്യവും വീട്ടിൽ ഉള്ള ആളുകളുടെ ഉയരത്തിനും അളവുകളും  ഒത്തു തന്നെ ഡിസൈൻ ചെയ്യേണ്ടതാണ്. കയ്യെത്തും ദൂരത്തു സൗകര്യങ്ങളും, ബുദ്ധിമുട്ടുകൾ മുന്നിൽ കണ്ട് അവ പരിഹരിക്കുന്ന ഡിസൈൻ തത്വങ്ങളുമാണ് എർഗണോമിക് ഡിസൈനിന്റെ അടിസ്ഥാനം

Content Highlights: ergonomic home decor, ergonomic house design, home design ideas,home design kerala