സ്വന്തമായൊരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അന്വേഷിച്ചു വരുമ്പോൾ ഉണ്ടാക്കി വെച്ച ഒരു വീട് വാങ്ങണോ അതോ ഒരു പ്ലോട്ട് എടുത്തു സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്ക് ഉതകുന്ന ഒരു വീട് പണിയണോ എന്നത് ഒരു വലിയ ചോദ്യചിഹ്നമാണ്. പലപ്പോഴും സമയവും സാഹചര്യങ്ങളും ഒത്തു വന്നാൽ ഈ രണ്ടാം രീതി ഭുരിഭാ​ഗം പേർക്കും താൽപര്യവുമാണ്.

പക്ഷെ, കേരളം പോലുള്ള സംസ്ഥാനത്തിൽ ഭൂമിയുടെ തീ പൊള്ളുന്ന വിലക്കിടയിൽ, നമുക്ക് ഇഷ്ടപ്പെടുന്ന ഒരു പ്ലോട്ട് കിട്ടാൻ എന്നും ബുദ്ധിമുട്ടാണ്. മാത്രമല്ല വാസ്തുപരമായ നിയമങ്ങൾ, വെള്ളം ഇവയെല്ലാം നോക്കുമ്പോൾ, താല്പര്യം ഉള്ള പല സ്ഥലങ്ങളും നമുക്ക് ഉപേക്ഷിക്കേണ്ട അവസ്ഥയും ഉണ്ടാവും. പ്ലോട്ട് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

സ്ഥലം വാങ്ങുന്നതിനു മുമ്പ്, നിങ്ങൾ സ്വന്തം ഉപയോഗത്തിനാണോ അതോ ഒരു നിക്ഷേപത്തിനു വേണ്ടിയാണോ വീട് പണിയുന്നത് എന്ന് തീരുമാനിക്കുക. കാരണം രണ്ട് അവസ്ഥയിലും താൽപര്യങ്ങൾ വളരെ വ്യത്യസ്ഥമായിരിക്കും. സ്വന്തം ഉപയോ​​ഗത്തിനുള്ള വീടാണെങ്കിൽ നിങ്ങളുടെ ജോലി സ്ഥലത്തിനും മറ്റു പ്രവർത്തനങ്ങൾക്കും എളുപ്പത്തിൽ എത്തിപ്പെടാൻ സൗകര്യമുള്ള ഇടത്തായിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ ബസ് അല്ലെങ്കിൽ ട്രെയിൻ വഴിയാണ് ജോലിക്ക് യാത്ര ചെയ്യുന്നത് എങ്കിൽ, അതും കണക്കാക്കണം. 

സ്ക്വയർ പ്ലോട്ട് എന്നൊരു പ്രയോഗം നമ്മുടെ നാട്ടിൽ വളരെ അധികം കേൾക്കാറുണ്ട്. പ്ലോട്ട് കൃത്യം സ്ക്വയർ ആവണം എന്നില്ല. മൂന്നും അഞ്ചും സെന്റ് പ്ലോട്ട് വാങ്ങുമ്പോൾ ഇത് കാരണം മാത്രം ഒഴിവാക്കേണ്ട ആവശ്യം ഇല്ല. പ്ലോട്ടിന്റെ ചെറിയ കോണുകളിൽ സെപ്റ്റിക്  ടാങ്ക്, മഴ വെള്ള ടാങ്ക്, പാർക്കിംഗ് എന്നിവ ഇന്ന് വളരെ ഭംഗിയായി ഡിസൈൻ ചെയ്‌തെടുക്കുന്ന വീടുകൾ ധാരാളം കാണാറുണ്ട്.

ഭൂമിയുടെ ആധാര പ്രകാരം ഏതു 'തരം' ആണെന്ന് സൂചിപ്പിച്ചിരിക്കുന്നത് എന്ന് ശ്രദ്ധിക്കുക. കാഴ്ചയിൽ പറമ്പ്  ആണെങ്കിലും കേരളത്തിൽ ഇന്നും പല പ്ലോട്ടുകൾ വയൽ, പുഞ്ച,പ്ലാന്റേഷൻ തരങ്ങളിൽ ആണ്. ഇവമൂലം ഭൂമി തരം മാറ്റി പണി തുടങ്ങാൻ അനാവശ്യ സമയവും ചിലവും ഉണ്ടാകും.

കേരളത്തിൽ റോഡിനു തൊട്ടു നിൽക്കുന്ന പ്ലോട്ടുകളിൽ വീട് വെക്കുന്ന താല്പര്യം കൂടുതലായി കാണാറുണ്ട്. എന്നാൽ വാങ്ങുന്ന പ്ലോട്ടിന് മുന്നിലുള്ള റോഡ് മാസ്റ്റർ പ്ലാൻ പ്രകാരം വൈഡനിങ് പ്രൊപോസൽ ഉണ്ടോ എന്ന് ടൗൺ പ്ലാനിംഗ് ഓഫീസിൽ അന്വേഷിച്ച് ഉറപ്പുവരുത്തുക. ഇത് ചെയ്യാത്ത പക്ഷം പ്ലോട്ട് വാങ്ങിയതിന് ശേഷം ബിൽഡിങ് പെർമിറ്റ് നൽകിയെന്ന് വരില്ല.

നമ്മുടെ നാട്ടിൽ ഉള്ളതുപോലെയുള്ള കയറ്റിറക്കങ്ങൾ ഉള്ള ഭൂമിയിൽ വീട് പണി ചെയ്യാൻ ചില ബുദ്ധിമുട്ടുകൾ കാണാറുണ്ട്. ചെരുവുകളിൽ വീട് വെക്കാനുള്ള ചെലവ് മാത്രമല്ല ഒന്നോ രണ്ടോ ദിശയിൽ റീറ്റെയ്‌നിങ് ചുമരുകൾ തീർക്കേണ്ടി വരാം. ഇവ വീടിന്റെ മൊത്ത ബജറ്റിൽ ചേർക്കാൻ മറക്കരുത്.

അവസാനമായി വീടിനുള്ള പ്ലോട്ടിന്റെ ആധാരം പ്രകാരം ഉള്ള സ്ഥലം അവിടെ കൃത്യമായി അളവ് വെച്ച് വേണം കച്ചവടം ഉറപ്പിക്കാൻ. ചെലവ് മാത്രമല്ല ബിൽഡിംഗ് പെർമിറ്റിനും ഈ അളവുകൾ വളരെ കൃത്യം ആയിരിക്കണം. ഇന്ന് ഡിജിറ്റൽ പ്ലാൻ സബ്മിഷനിലൂടെയെല്ലാം കൃത്യമായ കണക്കുകൾ ഉറപ്പു വരുത്താറുണ്ട്.

മുകളിൽ‌ പറഞ്ഞതെല്ലാം ഒരു വീട് വെക്കുന്ന ഏതൊരാളും  ശ്രദ്ധിക്കേണ്ട ചില നിർദ്ദേശങ്ങൾ മാത്രമാണ്. ഇന്ന് രണ്ടും മൂന്നും സെന്റിൽ വരെ ഭംഗിയായ വീടുകൾ വെച്ച് താമസം ആക്കുന്നവർ ഉണ്ട്. ചിന്തി ച്ചു തീരുമാനം എടുത്താൽ ഭാവിയെക്കുറിച്ചുള്ള പ്ലാനിംഗ് സുഗമമാകും. 

Content Highlights: buying plot, Tips for buying a plot, Residential Plots, my home tips, home tips, Architecture News,  Architecture Design