മലയാള സിനിമയുടെ ഐശ്വര്യമാണ് ഈ വീട്. താരങ്ങളോളം  കാഴ്ച്ചക്കാരുടെ മനസ്സില്‍ കയറിക്കൂടിയ ചുരുക്കം ചില വീടുകളിലൊന്ന്. വരിക്കാശ്ശേരി മനയെന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓടിയെത്തുന്ന ചില ചിത്രങ്ങളുമുണ്ട്. ദേവാസുരവും ചന്ദ്രോത്സവവും ആറാം തമ്പുരാനും നരസിംഹവും തൂവല്‍ക്കൊട്ടാരവും തൊട്ട് ഒരുപടി ചിത്രങ്ങളുണ്ട് ആ പട്ടികയില്‍. ഇപ്പോഴിതാ പുറത്തിറങ്ങാനിരിക്കുന്ന ജയസൂര്യ ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗത്തിലും പ്രധാന ലൊക്കേഷന്‍ വരിക്കാശ്ശേരി മന തന്നെ.

ട്രെയിലര്‍ തുടങ്ങുന്നതു തന്നെ വരിക്കാശ്ശേരി മനയില്‍ നിന്നാണ്. പ്രേതവും നിഗൂഡതയുമൊക്കെ നിറഞ്ഞ കാഴ്ച്ച വിസ്മയമാണ് വരിക്കാശ്ശേരി മനയിലൂടെ പ്രേതം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നതെന്ന് ട്രെയിലറില്‍ നിന്നു വ്യക്തമാണ്. 

പാലക്കാട് നിന്നും 35 കിലോമീറ്റര്‍ അകലെയാണ് മലയാള സിനിമയുടെ ഈ ഇഷ്ട ലൊക്കേഷന്‍ സ്ഥിതി ചെയ്യുന്നത്. പ്രധാന വാതില്‍ തുറന്ന് അകത്തേക്ക് കയറുന്നത് വിശാലമായ നടുമുറ്റത്തിലേക്കാണ്. പത്തേക്കര്‍ ഭൂമിയിലാണ് മനയും പരിസരവും സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍  രാജഭരണകാലത്ത് നാടുവാഴികളുടെ കിരീടധാരണം നടത്തിയിരുന്നത് ഈ മനയില്‍വെച്ചായിരുന്നു. 

Mana
Photo: Mathrubhumi Archives

പൂര്‍ണമായും വെട്ടുകല്ലിലാണ് മന നിര്‍മിച്ചിരിക്കുന്നത്. മൂന്നുനിലകളിലുള്ള മനയുടെ ഒന്നാംനിലയില്‍ നാല് കിടപ്പുമുറികളും രണ്ട് ഹാളുകളും ക്രമീകരിച്ചിരിക്കുന്നു. ഇതേ മാതൃകയിലാണ് രണ്ടാം നിലയും കിടപ്പുമുറികളും ക്രമീകരിച്ചിരിക്കുന്നത്. 

നടുമുറ്റമുറ്റത്തോട് ചേര്‍ന്ന വടക്കിനി,  തെക്കിനി, പടിഞ്ഞാറ്റിനി, കിഴക്കിനി എന്നിവയുണ്ട്.  കിഴക്കിനിയാണ് ഡൈനിങ്ങ് ഹാളായി ഉപയോഗിക്കുന്നത്. ഹോമം, ഉണ്ണികളുടെ ഉപനയനം, വിവാഹം തുടങ്ങി ആചാരപരമായ ചടങ്ങുകള്‍ നടത്തുന്നത് വടക്കിനിയില്‍ വെച്ചാണ്.

സ്ത്രീകള്‍ ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു മുറിയും ഉണ്ട്. ഇതിന് മേലടുക്കള എന്നാണ് വിളിക്കുന്നത്. മേലടുക്കളയ്ക്ക് പുറമെ വടക്കടുക്കള, കിഴക്കടുക്കള എന്നിങ്ങനെ സ്ത്രീകള്‍ക്ക് ഉപയോഗിക്കാനായി മറ്റു രണ്ട് അടുക്കള കൂടിയുണ്ട്. കൂടാതെ തേവാരപ്പുരയും സ്ത്രീകള്‍ മാത്രം ഉപയോഗിക്കുന്നതാണ്. 

നാലുകെട്ടും  വിശാലമായ കുളവും രണ്ട് പത്തായപ്പുരകളും  ഉള്ള മനയുടെ വളപ്പില്‍ ഒരു കൊച്ചു ശ്രീകൃഷ്ണ ക്ഷേത്രവും ഉണ്ട്. വെളനേഴി ജാതവേദന്‍ നമ്പൂതിരിയാണ് വാസ്തുശാസ്ത്രപ്രകാരം മന രൂപകല്‍പ്പന ചെയ്തത്. 

പ്രശസ്തമായ മനയുടെ  അതിലും പ്രശസ്തമായ പൂമുഖം രൂപകല്‍പ്പന ചെയ്തത് കൃഷ്ണന്‍ നമ്പൂതിരിയാണ് മരം ഉപയോഗിച്ച് കടഞ്ഞെടുത്ത തൂണുകളാണ് ഈ പൂമുഖത്തിന്റെ പ്രത്യേകത.  പൂമുഖത്തിന് മുകളിലായി തുറസായ ടെറസും ഉണ്ട്. 

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Content Highlights: varikkasseri mana in movies