''ഇതാ, ഈ ചാരുപടിയിലെ അഴികള്‍ക്കിടയിലൂടെ നോക്കിയാണ് 'അദ്വൈത'ത്തിലെ ജയറാമിന്റെ നായിക അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടുനീ... എന്ന ഗാനം പാടി അഭിനയിച്ചത്. ദാ, ആ കാണുന്ന കിണറ്റിന്‍കരയില്‍ പാത്രംതേയ്ക്കുമ്പോഴാണ് 'നാടോടിക്കാറ്റി'ലെ അമ്മയായ ശാന്താദേവിയെ കാണാന്‍ മകന്‍ ദാസനെന്ന മോഹന്‍ലാല്‍ എത്തുന്നത്''-ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ഗോവിന്ദപുരം വളയനാട്ടെ കോഴിപ്പറമ്പത്ത് ഇല്ലത്തെ പത്മനാഭന്‍ മൂസത് ആവേശത്തോടെയാണ് ഓടിനടന്ന് എല്ലാം ചുണ്ടിക്കാട്ടിത്തരുന്നത്.

വളയനാട് ദേവീക്ഷേത്രത്തിന്റെ ഏതാനും മീറ്ററുകള്‍ക്കപ്പുറം തലയുയര്‍ത്തിനില്‍ക്കുന്ന ഈ ഇല്ലത്തിന് തിരക്കേറിയ ഷൂട്ടിങ് കാലം ഗൃഹാതുരത നുരയുന്ന ഓര്‍മകളാണ്. സിനിമാഷൂട്ടിങ്ങുകള്‍ ഓര്‍മമാത്രമാണെങ്കിലും ഇല്ലം ഇപ്പോഴും സൂപ്പര്‍ഹിറ്റാണ്. ചിത്രീകരണത്തിന് അനുവാദം ചോദിച്ച് സിനിമക്കാര്‍ ഇപ്പോഴും വരുന്നുണ്ട്. പക്ഷേ, കൊടുക്കേണ്ടെന്ന തീരുമാനത്തിലാണ് തങ്ങളെന്ന് മൂസത് പറയുന്നു.

''ഈനാട്, പഞ്ചാഗ്‌നി, അനുഭൂതി, ശ്രദ്ധ, പാഥേയം, കമ്മീഷണര്‍, ആവനാഴി തുടങ്ങി 15-ലേറെ ചിത്രങ്ങളില്‍ ഈ ഇല്ലം 'മികച്ചവേഷങ്ങള്‍' ചെയ്തിട്ടുണ്ട്. ഐ.വി.ശശി സിനിമകളാണ് ഇവിടെ ഏറെയും ചിത്രീകരിച്ചിട്ടുള്ളത്. അനുഭൂതിയുടെ ചിത്രീകരണം ഏതാണ്ട് മുഴുവനായിത്തന്നെ ഇവിടെയായിരുന്നു. സിനിമയില്‍ നായികയായ ഖുശ്ബുവിന്റെ തറവാടുവീടായിരുന്നു ഇത്. സുരേഷ്ഗോപി, വാണി വിശ്വനാഥ്, എം.ആര്‍.ഗോപകുമാര്‍, കാവേരി, ജഗദീഷ് തുടങ്ങിയവരൊക്കെ അന്ന് ഷൂട്ടിങ്ങിന്റെ ഭാഗമായി അന്ന് എത്തിയിരുന്നു. അനുഭൂതിയിലെ കൈകൊട്ടിക്കളിയും പാട്ടുമൊക്കെയുള്ള രംഗം ഈ മുറ്റത്തുവെച്ചാണ് ചിത്രീകരിച്ചതെന്ന് മൂസ്സത് പറയുന്നു. ''ഇല്ലത്തെ ചാരുപടി ഇഷ്ടപ്പെട്ട് മോഹന്‍ലാല്‍ അതിന്റെ നിര്‍മാണവിദ്യകളൊക്കെ ചോദിച്ചുമനസ്സിലാക്കി. ലാല്‍ തന്റെ വീട്ടില്‍ ഇതുപോലൊന്ന് നിര്‍മിക്കാന്‍ ശ്രമിച്ചതായി ഞാന്‍ പിന്നീടറിഞ്ഞു.''

'ഈനാട്' എന്ന സിനിമയോടെയാണ് ഈ ഇല്ലം മലയാളസിനിമയുടെ ഭാഗമായത്. ബാലന്‍ കെ. നായര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഒളിയിടമായിരുന്നു ഇവിടം. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ ഇല്ലത്തിന്റെ ഷൂട്ടിങ്രാശിയും തെളിഞ്ഞു. ഐ.വി. ശശിക്കും ഇല്ലം ഇഷ്ടപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഒട്ടേറെ ഹിറ്റുചിത്രങ്ങളില്‍ ഇല്ലം അനിവാര്യസാന്നിധ്യമായി. ആവനാഴിയില്‍ സീമയുടെ വീടായാണ് ഇല്ലത്തെ മാറ്റിയെടുത്തത്. ക്യാപ്റ്റന്‍രാജുവിന്റെ കഥാപാത്രമായ ശോഭ്രാജ് ഒളിച്ചുകഴിയുന്നത് ഇവിടെയായിരുന്നു. പഞ്ചാഗ്‌നിയിലെത്തുമ്പോഴേക്കും ചിത്രത്തിന്റെ വിവിധ ഫ്രെയിമുകളില്‍ ഇല്ലത്തിന് ഒരു അപൂര്‍വഭംഗിതന്നെ കൈവന്നതായി കാണം. 'പാഥേയ'ത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ജ്യേഷ്ഠന്‍ കുളിച്ചിരുന്ന കുളം ഇപ്പോഴും മൂസതും കുടുംബവും നിലനിര്‍ത്തിയിട്ടുണ്ട്.

ഇല്ലത്തിന് മുന്നില്‍ പോലീസിനെയും പട്ടാളത്തെയുമൊക്കെക്കണ്ട് അമ്പരന്നവരുണ്ട്.അതൊക്കെ ഷൂട്ടിങ്ങിനുവേണ്ടിമാത്രമായിരുന്നുവെന്ന് മൂസ്സത് പറയുന്നു. 36 സെന്റില്‍ നീണ്ടുകിടക്കുന്ന ഇല്ലത്തിന്റെ ഉള്‍വശത്ത് പൗരാണികതയുടെയും ആധുനികതയുടെയും സങ്കലനകാഴ്ചകള്‍ കാണാം. വിശാലമായ പൂമുഖത്തുനിന്ന് നോക്കുമ്പോള്‍ത്തന്നെ ഒട്ടേറെ ദീപങ്ങളുടെ പ്രോജ്ജ്വലക്കാഴ്ചയില്‍ കുളിച്ചുനില്‍ക്കുന്ന പൂജാമുറി കാണാം. ശ്രീകൃഷ്ണനും കരിയാത്തനുമാണ് പ്രതിഷ്ഠ. അഭീഷ്ടകാര്യങ്ങള്‍ സാധിച്ചുകിട്ടാനായി നടത്തുന്ന ശാക്തേയപൂജ ഇല്ലത്തിന്റെ മറ്റൊരു സവിശേഷതയാണ്. മുകളിലും താഴെയുമായി 15 മുറികളുണ്ടിവിടെ. മൂന്നുവര്‍ഷംമുമ്പ് മൂസതിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ച് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പൂമുഖത്ത് ചില അഴിച്ചുപണികളും മറ്റുമാണ് പ്രധാനമായും നടത്തിയത്. രണ്ട് നടുമുറ്റങ്ങളില്‍ ഒന്ന് പൊളിച്ചുമാറ്റി.

മറന്നിട്ടില്ല ഇപ്പോഴും ആ ഷൂട്ടിംങ് ദിനങ്ങള്‍, സംവിധായകന്‍ ഹരിഹരന്‍ പറയുന്നു

''എന്റെ 'പഞ്ചാഗ്‌നി' മാത്രമാണ് അവിടെ ചിത്രീകരിച്ചത്. എങ്കിലും ചിത്രത്തിലെ സുപ്രധാന രംഗങ്ങള്‍ക്ക് വേദിയായ ഇല്ലം ഇപ്പോഴും ഇഷ്ടലൊക്കേഷനുകളിലൊന്നാണ്.

നായകകഥാപാത്രമായ റഷീദായി വേഷമിട്ട മോഹന്‍ലാല്‍ ആദ്യമായി ഗീതയെ കാണാനെത്തുന്നതും സുഖമില്ലാതെ കിടക്കുന്ന നായികയുടെ അമ്മയുടെ മരണവും ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത് ഇവിടെയാണ്. ദേവന്‍, നാദിയാമൊയ്തു, ലക്ഷ്മികൃഷ്ണമൂര്‍ത്തി, തിലകന്‍ തുടങ്ങിയവരൊക്കെ ഇവിടെ ചിത്രീകരണത്തില്‍ പങ്കെടുത്തിരുന്നു.

കഥയ്ക്കുപറ്റിയ ലൊക്കേഷന്‍ അന്വേഷിച്ചുനടക്കവെ നടന്‍ ആര്‍.കെ. നായരാണ് ഈ ഇല്ലത്തെക്കുറിച്ച് പറഞ്ഞുതന്നത്. എം.ടി.ക്കും ലൊക്കേഷന്‍ ഏറെ ഇഷ്ടമായിരുന്നുവെന്ന് ഹരിഹരന്‍ പറയുന്നു.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlight: Valayanadu Kozhipparambath illam, popular shooting location