ഒറ്റപ്പാലം: നിത്യഹരിതനായകന്‍ പ്രേംനസീര്‍ അഭിനയിച്ച 'പടയോട്ടം' സിനിമ ഷൂട്ട് ചെയ്യാനായി ഒറ്റപ്പാലം കണ്ണിയംപുറം പാറേക്കാട്ട് മന വിട്ടുനല്‍കുമ്പോള്‍ പി.എം. നാരായണന്‍നമ്പൂതിരിയുടെ അവേശത്തിന് അതിരില്ലായിരുന്നു. വെള്ളിത്തിരയില്‍ മാത്രം കണ്ട നിത്യഹരിത നായകനെ നേരില്‍ കാണണമെന്നുമാത്രമേ മന വിട്ടുനല്‍കുമ്പോള്‍ നാരായണന്‍നമ്പൂതിരി ആലോചിച്ചുള്ളൂ.

അങ്ങനെ 1981-ല്‍ മധുവും മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം നവോദയ അപ്പച്ചന്‍ നിര്‍മിച്ച 'പടയോട്ട'ത്തിനായി പാറേക്കാട്ട് മനയിലെത്തി. 70 എം.എം. ഫിലിം ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍സിനിമയായി പടയോട്ടം വിലയിരുത്തുമ്പോള്‍ അതിന്റെ പ്രശസ്തിയില്‍ ഈ മനയ്ക്കും ചെറുതല്ലാത്ത പങ്കുണ്ട്. പിന്നീട് ശ്രീകൃഷ്ണപ്പരുന്ത്, കടത്തനാടന്‍ അമ്പാടി, പട്ടാഭിഷേകം തുടങ്ങി പതിനഞ്ചോളം മലയാളസിനിമകളിലെ ആഢ്യത്വമുള്ള താറവാട്ടുവീടായി പാറേക്കാട്ടുമന. 400 വര്‍ഷത്തിലേറെ പഴക്കമുണ്ട് പറേക്കാട്ടുമനക്കെന്നാണ് നിലവിലെ തലമുറയിലുള്ളവര്‍ പറയുന്നത്. ഏകദേശം ഏഴ് തലമുറയ്ക്ക് പിന്നിലുള്ളവരാണ് എട്ടുകെട്ടായ ഈ മനയുണ്ടാക്കിയത്. നൂറ്റാണ്ടുകളായി കണ്ണിയംപുറം കിള്ളിക്കാവ് പൂരം തുടങ്ങുന്നത് ഈ മനയുടെ മുറ്റത്തുനിന്നാണ്.

മൂന്ന് നിലയുള്ള മനയുടെ ഇരുവശത്തും വിശാലമായി നീണ്ടുകിടക്കുന്ന വരാന്തയിലാണ് പ്രൗഢിയത്രയും. വരാന്തയോടുചേര്‍ന്ന് തണുപ്പുനിറഞ്ഞ ഒരു പൂമുഖവും ഇവിടുണ്ട്. വരാന്തയില്‍നിന്ന് നേരെ വലിയ നടുമുറ്റത്തേക്കൊരു ഇടനാഴി.

നടുമുറ്റത്തിന് ചുറ്റും തെക്കിനി, വടക്കിനി, കിഴക്കിനി എന്നീ ഭാഗങ്ങള്‍. ആ നടുമുറ്റത്തുനിന്ന് പുറത്തുകൊണ്ടുപോകാന്‍ സാധിക്കാത്തത്ര വലിയ ഒരു വെളിച്ചണ്ണ ഭരണിയിരിപ്പുണ്ട്. അതിനും മനയോളംതന്നെ പഴക്കമുണ്ട്. നടുമുറ്റത്തിന്റെ ഒരുവശത്ത് മച്ചാണ്. തൊട്ടടുത്ത ഇടനാഴിയിലൂടെ നേരെ നടന്നാല്‍ പണ്ടത്തെ അന്തര്‍ജനങ്ങളുടെ അന്തഃപുരങ്ങളിലെത്തും. സ്ത്രീകള്‍ അടച്ചുപൂട്ടിയിരുന്ന അവരുടെ ലോകമായ ഇവിടെയുമുണ്ട് ഒരു ചെറിയ നടുമുറ്റം.

ഒപ്പം മഴനനയാതെ മുറ്റത്തുള്ള കുളപ്പുരയിലെത്താന്‍ ഒരു ഇടനാഴിയും വാതിലും. കുളപ്പുരയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേറെവേറെ കടവുകള്‍. ഏകദേശം തകര്‍ന്ന അവസ്ഥയിലാണ് കുളപ്പുരയിപ്പോള്‍. മനയിലെ ആറാമത്തെയും ഏഴാമത്തെയും തലമുറയിലെ മൂന്ന് കുടുംബങ്ങളാണ് ഇപ്പോള്‍ ഇവിടെ താമസം. പി.എം. നാരായണന്‍നമ്പൂതിരിയും മധുസൂദനന്‍നമ്പൂതിരിയും ഋഷികേശ് നമ്പൂതിരിയുമാണ് താമസക്കാര്‍. വള്ളുവനാടന്‍ മനകളുടെ പ്രൗഢി അതുപോലെ കാത്തുസൂക്ഷിക്കയാണിവര്‍.