ബോളിവുഡില്‍ ഹിറ്റായ പല ചിത്രങ്ങളിലും താരങ്ങളുടെ യഥാര്‍ഥ വീടുകള്‍ തന്നെ ലൊക്കേഷനുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷാരൂഖിന്റെയും സല്‍മാന്‍ ഖാന്റെയുമൊക്കെ വീടുകള്‍ പല സിനിമകളിലും മിന്നിമറഞ്ഞിട്ടുണ്ട്. നിര്‍മാതാക്കള്‍ ചിലവു കുറയ്ക്കുന്നതിന്റെ ഭാഗമായും ആരാധകര്‍ക്കു കൗതുകത്തിനുമൊക്കെ വേണ്ടി ചേര്‍ക്കുന്നതാകാം. എന്തായാലും ബോളിവുഡിലെ ചില സിനിമകളിലെ വീടുകള്‍ താരങ്ങളുടെ യഥാര്‍ഥ വീടുകള്‍ തന്നെയോ അതല്ലെങ്കില്‍ അതുപോലെ തന്നെ റീക്രിയേറ്റ് ചെയ്തവയോ ആണ്. ബോളിവുഡ് സിനിമകളില്‍ ഇടംനേടിയ ചില വീട്ടുവിശേഷങ്ങള്‍ അറിയാം.
കി ആന്‍ഡ് കാ
അര്‍ജുന്‍ കപൂറും കരീന കപൂറും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച കി ആന്‍ഡ് കാ എന്ന ചിത്രത്തിലും ബോളിവുഡിലെ ഒരു താരരാജാവിന്റെ വീട് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നു വാര്‍ത്തയായിരുന്നു. ബിഗ്ബി അമിതാഭ് ബച്ചന്റെ വീടാണതെന്നാണ് പറഞ്ഞിരുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്ന ജയ ബച്ചനും അമിതാഭ് ബച്ചനും താരങ്ങളായി തന്നെയാണ് അഭിനയിക്കുന്നത്. അര്‍ജുന്‍ കപൂറിനെ വീട്ടിലേക്ക് ക്ഷണിക്കുന്ന രംഗത്തില്‍ കാണുന്ന വീടിന്റെ അകത്തളം ബച്ചന്റേതു പോലെ റീക്രിയേറ്റ് ചെയ്യുകയായിരുന്നുവത്രേ.
ബോംബെ ടാക്കീസ്
ബോംബെ ടാക്കീസ് എന്ന ചിത്രത്തില്‍ റാണി മുഖര്‍ജിയും രണ്‍ദീപ് ഹൂഡയും പ്രധാന കഥാപാത്രങ്ങളായ അജീബ് ദാസ്താന്‍ ഹേ യേ യില്‍ കാണുന്ന വീട് ബോളിവുഡിലെ സംവിധായകനും നിര്‍മാതാവും നടനുമൊക്കെയായ കരണ്‍ ജോഹറിന്റേതാണ് . നാലു ചിത്രങ്ങളുടെ സമാഹാരമായ ബോംബെ ടാക്കീസിലെ അജീബ് ദാസ്താന്‍ ഹേ യെയുടെ സംവിധായകനും കരണ്‍ ജോഹര്‍ തന്നെയാണ്. ചിലവു ചുരുക്കലിന്റെ ഭാഗമായാകാം ചിത്രത്തില്‍ തന്റെ വീടു തന്നെ ഉപയോഗിച്ചത്.
ഫാന്‍
ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണ് ഫാന്‍. സൂപ്പര്‍ സ്റ്റാര്‍ ആര്യനായും അദ്ദേഹത്തിന്റെ ആരാധകനായ ഗൗരവായുമാണ് ചിത്രത്തില്‍ ഷാരൂഖ് വേഷമിടുന്നത്. ഇതില്‍ ആര്യനെ കാണാന്‍ ഗൗരവ് കാത്തുനില്‍ക്കുന്ന പ്രധാനകവാടം ഷാരൂഖിന്റെ തന്നെ വീടായ മന്നത്തിന്റേതാണ് എന്നാണ് പറയപ്പെടുന്നത്.
സഞ്ജു
ബോളിവുഡിലെ വിവാദങ്ങളുടെ ഇഷ്ട തോഴനായ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രണ്‍ബീര്‍ കപൂര്‍ നായകനായ സഞ്ജുവിലും താരവീട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സഞ്ജയ് ദത്തിന്റെ ഇംപീരിയല്‍ ഹൈറ്റ്‌സ് എന്ന വീട് രണ്ടോ അതിലധികമോ രംഗങ്ങളിലാണ് കാണിക്കുന്നത്.
വീര്‍ സാറാ
ഷാരൂഖ് ഖാനും പ്രീതി സിന്റയും തകര്‍ത്തഭിനയിച്ച് പ്രണയികളുടെ മനസ്സ് കീഴടക്കിയ വീര്‍ സാറയിലും ഒരു താരത്തിന്റെ വീട് കാണാം. ചിത്രത്തില്‍ സാറയായി അഭിനയിക്കുന്ന പ്രീതി സിന്റയുടെ കുടുംബവീടായി കാണിക്കുന്നത് നടന്‍ സെയ്ഫ് അലി ഖാന്റെ ഹരിയാനയിലെ പട്ടൗഡി പാലസ് ആണ്. ചിത്രത്തിലെ 'ഹം തോ ഭായ് ജേസെ ഹേ' എന്ന ഗാനരംഗത്തിനിടെ പട്ടൗഡി പാലസിന്റെ വ്യക്തമായ ദൃശ്യങ്ങളും കാണാം.
Content Highlights: movies were shoot in bollywood celebrities real home