വാതിലിനു പകരം താര്‍പായയും നെറ്റ് കൊണ്ടുള്ള മറയും.. പായലും പൂപ്പലും പിടിച്ച തേക്കാത്ത ഇഷ്ടിക ചുമര്‍.. ചെളിപിടിച്ചു കിടക്കുന്ന ഹോളോബ്രിക്‌സ് പടവുകള്‍.. സുരക്ഷിത ഭവനത്തിന്റെ യാതൊരു ചിഹ്നങ്ങളുമില്ലാത്തൊരു വീട്. ഒരൊറ്റ സിനിമ കൊണ്ട് പലരുടെയും ഹൃദയത്തിലിടം നേടിയ ആ വീട് പക്ഷേ യഥാര്‍ഥത്തില്‍ ഉള്ളതല്ല മറിച്ച് സിനിമയ്ക്കു വേണ്ടി സൃഷ്ടിച്ചെടുത്തതാണ്.
പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ അടച്ചുറപ്പില്ലാത്ത വീട് സിനിമ കഴിഞ്ഞിറങ്ങുമ്പോഴും പലരുടെയും ഉള്ളില്‍ നിന്നിറങ്ങിപ്പോയിരുന്നില്ല. നാലു സഹോദരന്മാര്‍ കഴിഞ്ഞിരുന്ന ആ വീടും അതിന്റെ ചുറ്റുപാടുമൊക്കെ കാണുന്നവര്‍ക്ക് സിനിമയ്ക്കു വേണ്ടി ഉണ്ടാക്കിയ വീടാണ് അതെന്നു കേള്‍ക്കുമ്പോള്‍ അത്ഭുതമാണ്, കാരണം അത്രത്തോളം സൂക്ഷ്മമായാണ് വീട്ടിലെ പൊട്ടും പൊടിയും വരെ സെറ്റ് ചെയ്തിരിക്കുന്നത്.
കായല്‍ തീരത്തെ വീടു കണ്ടാല്‍ പഴക്കം ചെന്നൊരു വീടാണെന്നേ പറയൂ. എന്നാല്‍ അവിടുത്തെ ചുവരുകളില്‍ കാണുന്ന പായല്‍ പോലും സൃഷ്ടിച്ചെടുത്തതാണെന്നാണ് അണിയറക്കാര്‍ പറയുന്നത്. പള്ളിത്തോട്ടിലെ ആ വീട് കഥക്കു വേണ്ടി സെറ്റ് ഇടുകയായിരുന്നുവെന്നാണ് കലാസംവിധായകനായ ജ്യോതിഷ് ശങ്കര്‍ പറയുന്നത്.

സമീപ പ്രദേശങ്ങളിലുള്ള പല വീടുകളുടെയും ഇന്റീരിയറിന്റെ ചിത്രങ്ങളും മറ്റും ശേഖരിച്ച് അവയില്‍ പലതും പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ജ്യോതിഷ് പറയുന്നു. അവിടെയുള്ള ചില വീടുകളില്‍ ഉപയോഗിച്ച ടിവിയും ഫര്‍ണിച്ചറും ബെഡ്ഷീറ്റും കൊതുകുവലകളുമൊക്കെയാണ് കുമ്പളങ്ങി വീട്ടിലും ഉപയോഗിച്ചത്.
ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ നവാഗതനായ മധു സി നാരായണന്‍ ആണ് കുമ്പളങ്ങി നൈറ്റ്‌സ് സംവിധാനം ചെയ്തത്. നസ്രിയയും ഫഹദും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Photos Courtesy: facebook/Bhavana Studios
Content Highlights: kumbalangi nights movie home cine home celebrity home