പാലക്കാട് ജില്ലയില്‍ അനവധി പ്രസിദ്ധര്‍ക്ക് ജന്മം നല്‍കിയ ഒറ്റപ്പാലത്ത് പാലാട്ട് റോഡിലാണ് വള്ളുവനാട്ടിലെ പ്രസിദ്ധ നായര്‍ തറവാടായ കയറാട്ട് തറവാട് സ്ഥിതി ചെയ്യുന്നത്. കയറാട്ട് തറവാടിന്റെ മൂലസ്ഥാനം പനമണ്ണയില്‍ ഉള്ള കയറാട്ട് വീടാണ്. ഒറ്റപ്പാലത്തിന്റെ വളര്‍ച്ചയില്‍ വല്ലിയൊരു പങ്കു വഹിച്ച തറവാടുകളാണ് ഒറ്റപ്പാലത്തുള്ള കയറാട്ട് വീടും, പനമണ്ണയിലുള്ള കയറാട്ട് വീടും. നമുക്കിന്ന് ഒറ്റപ്പാലത്തുള്ള കയറാട്ട് വീടിന്റെ ചരിത്രത്തിലൂടെ സഞ്ചരിക്കാം . മറ്റൊരിക്കല്‍ ഞാന്‍ ചൊല്ലീടാം പനമണ്ണ കയറാട്ട് വീടിന്‍ ചരിത്രം .

സുപ്രസിദ്ധ അഭിഭാഷകന്‍ ആയിരുന്ന പനമണ്ണ കയറാട്ട് തറവാട്ടിലെ ഗോപാലന്‍ നായര്‍ , തന്റെ പത്‌നി കൂടല്ലൂര്‍ പാറക്കുളങ്ങര തറവാട്ടില്‍ അമ്മു അമ്മയ്ക്കും മക്കള്‍ക്കുമായും പണി കഴിച്ച വീടാണ് ഒറ്റപ്പാലം പാലാട്ട് റോഡില്‍ ഉള്ള കയറാട്ട് തറവാട്. ഇവിടുള്ള പരമ്പര പാറക്കുളങ്ങര തറവാട്ടിലെ (ഇവിടുള്ളവരുടെ ഇനീഷ്യല്‍ ആണ്)ആണെങ്കിലും വീടിന് കയറാട്ട്  എന്ന പേര്‍ തന്നെ തുടരുകയായിരുന്നു.കുമാര മേനോന്‍, പദ്മനാഭന്‍ മേനോന്‍, മല്ലികാര്‍ജ്ജുനന്‍ മേനോന്‍, നരേന്ദ്ര മേനോന്‍, പാര്‍വ്വതി മേനോന്‍, ഭാരതി ഉണ്ണി, മീന രാമചന്ദ്രന്‍ മേനോന്‍ ,  ശകുന്തള മേനോന്‍( ഇള മേനോന്‍ എന്നറിയപ്പെടുന്ന )എന്നിങ്ങനെ എട്ടു മക്കളായിരുന്നു ഈ ദമ്പതികള്‍ക്ക്. അന്താരാഷ്ട്ര കോടതിയിലെ ആദ്യത്തെ ചീഫ് പ്രോസിക്യൂട്ടര്‍ ജനറലും സുപ്രീം കോടതിയിലെ ആദ്യത്തെ മലയാളി ജഡ്ജിയുമായിരുന്നു ജസ്റ്റിസ് പാറക്കുളങ്ങര ശ്രീ ഗോവിന്ദമേനോന്‍ അദ്ദേഹത്തിന്റെ മരുമകളാണ് അമ്മു അമ്മ .

ഇവര്‍ ജന്മി പരമ്പരയായിരുന്നു. പനമണ്ണയിലും അനങ്ങന്‍ മലയുടെ  താഴ്വാരങ്ങളിലും ആയി ധാരാളം കൃഷി ഭൂമി ഇവര്‍ക്കുണ്ടായിരുന്നു. പനമണ്ണ കയറാട്ട് തറവാട്ടില്‍ ഉള്ളവര്‍ക്കും കൂടല്ലൂര്‍ പാറക്കുളങ്ങര തറവാട്ടില്‍ ഉള്ളവര്‍ക്കും അടുത്തുള്ള വിദ്യാഭാസ സ്ഥാപനങ്ങള്‍ ഒറ്റപ്പാലത്തായതിനാല്‍ ഇവര്‍ രണ്ട് കുടുംബങ്ങളും ഒറ്റപ്പാലം കയറാട്ട് തറവാട്ടില്‍  അവിടുത്തെ അംഗങ്ങള്‍ ഒപ്പം കൂട്ടുകുടുംബം പോലെ  കഴിഞ്ഞിരുന്നു.

Kayarattu

ഏകദേശം എഴുപതോളം വര്‍ഷം പഴക്കം വരുന്ന പഴയ തറവാടാണ് കയറാട്ട് വീട്. കയറാട്ട് എന്ന നെയിം ബോര്‍ഡ് പതിച്ച മതില്‍ കടന്ന് ഉള്ളിലേക്ക് ചെല്ലുമ്പോള്‍ കാണാം ആഢ്യത്വം വിളിച്ചോതി തലയുയര്‍ത്തി നില്‍ക്കുന്ന കയറാട്ട് തറവാട്. വീടിന് തണലേകാനായി വെണ്‍കൊറ്റക്കുട നിവര്‍ത്തി നില്‍ക്കുന്ന തണല്‍മരം വീടിന് മുന്‍പില്‍ കാണാം നമുക്ക്. മൂന്ന് നിലകളിലായി തലയുയര്‍ത്തി നില്‍ക്കുന്നു കയറാട്ട് വീട്. താഴത്തെ നിലയില്‍ രണ്ട് കിടപ്പ് മുറികളും ഒരു മച്ചും ഒരു ഡ്രോയിംഗ് റൂമും ഒരു ചെറിയ ഉമ്മറവും മനോഹരമായ തൂണുകള്‍ ഉള്ള വല്ലിയ പൂമുഖവും ഒരു ഓഫീസ് മുറിയും ഊണ്‍ തളവും വല്ലിയ അടുക്കളയും സ്റ്റോര്‍ റൂമും കൊട്ടത്തളവും മനോഹരമായ തട്ടോട് കൂടിയ വല്ലിയ ഇടനാഴിയും ഉണ്ട്.

രണ്ടാമത്തെ നിലയില്‍ നാല് മുറികളും കലവറയായി ഉപയോഗിക്കുന്ന മച്ചും ഇടനാഴിയും വരാന്തയും ഉണ്ട്. മൂന്നാമത്തെ നിലയില്‍ വല്ലിയ തളവും ഇടനാഴിയും  ഉണ്ട്. വീടിന്റെ രണ്ട് ഭാഗത്തും മനോഹരമായ വല്ലിയ വാതിലുകള്‍ കാണാം. എല്ലാം മുറികളിലും ഓവറകളുണ്ട്. അത് പോലെ മുറികള്‍കെല്ലാം ഒരു കേടുപാടും വരാത്ത തട്ടുകള്‍ ആണുള്ളത്. വീടിന്റെ ഉള്ളിലേക്ക് കയറിയാല്‍ തന്നെ ഒരു കുളിര്‍മ്മയാണ്. പഴമയുടെ സുഗന്ധം നമ്മെ വേറെ ഒരു ലോകത്തേക്ക് ചെന്നെത്തിക്കും.

മനോഹരമായ കോണികളും കാറ്റോട്ടം നല്‍കുന്ന ജനലുകളും സപ്രമഞ്ചകട്ടിലും എല്ലാം തറവാട്ടിന് മിഴിവേകുന്നു. ധാരാളം പുരാവസ്തുക്കള്‍ മനോഹരമായി ഒതുക്കി വച്ചിട്ടുണ്ടിവിടെ. എപ്പോഴും സുഗന്ധം പൊഴിക്കുന്ന ഏകദേശം 200 വര്‍ഷം പഴക്കം ഉള്ള കര്‍പ്പൂര മരത്താല്‍ നിര്‍മ്മിച്ച പെട്ടി എന്നെ അദ്ഭുതപ്പെടുത്തി. പണ്ട് കാലത്ത് മുണ്ടുകള്‍ അതിലായിരുന്നുവത്രെ സൂക്ഷിച്ചിരുന്നത്. തറവാടിനോട് ചേര്‍ന്ന് ഒരു ഔട്ട് ഹൗസും ഒരു കിണറും ഉണ്ട്. ഒരു തറവാട് എങ്ങനെ കാത്തുസൂക്ഷിച്ച്, ഒതുക്കി വയ്ക്കണമൊ അങ്ങനെ തന്നെ മനോഹരമായി കാത്തു സൂക്ഷിച്ചിട്ടുണ്ട് ഗൃഹനാഥയായ  ഇളബാലചന്ദ്രന്‍ എന്നറിയപ്പെടുന്ന ശകുന്തള മേനോന്‍.

കൊടിക്കുന്നത്ത് ഭഗവതിയാണ് ഇവരുടെ പരദേവത. പനമണ്ണ ശങ്കരനാരായണ സ്വാമിക്കും തുല്ല്യ പ്രാധാന്യമുണ്ട്. തറവാട്ടിലെ മച്ചില്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ കാലാകാലങ്ങള്‍ക്കുള്ള പൂജകള്‍ ചെയ്ത് മൂര്‍ത്തികളെ ഭൂമിയില്‍ സ്ഥാപിച്ചതിനാല്‍ മച്ചില്‍ പൂജകള്‍ ചെയ്യേണ്ട ആവശ്യമില്ല .കഥകളി , നൃത്തം, കലാസാഹിത്യ വിഷയങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിച്ചിരുന്നു കയറാട്ട് തറവാട്ടുകാര്‍ . ഇന്നും കഥകളിയോട് ഒരു പ്രത്യേക പ്രിയമുണ്ട് ഇവര്‍ക്ക് .

Kayarattu

ഒറ്റപ്പാലത്ത് ഇന്ന് കാണുന്ന വികസനങ്ങള്‍ക്കും  പേരും പെരുമയ്ക്കും സാമൂഹികമായ ഉയര്‍ച്ചയ്ക്കും ഇവിടുത്തെ അനവധി തറവാട്ടുകാര്‍ തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. അതില്‍ ഒരു പങ്ക് കയറാട്ട് തറവാട്ടുകാര്‍ക്കും ഉണ്ട്. സുപ്രസിദ്ധ അഭിഭാഷകനായിരുന്ന കയറാട്ട് ഗോപാലന്‍ നായര്‍ അദ്ദേഹം ഒറ്റപ്പാലം കോടതിയിലെ പ്രസിദ്ധനായ അഭിഭാഷകനായിരുന്നു. സമൂഹത്തിന് ഉതകുന്ന അനവധി കാര്യങ്ങള്‍ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.

പാവങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ മുതല്‍ പ്രശ്‌നങ്ങളുമായി  തന്നെ കാണാന്‍ വരുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കാണാന്‍ വരെ അദ്ദേഹം മുന്നിട്ടിറങ്ങുമായിരുന്നു. ഒറ്റപ്പാലത്തെ പൗരപ്രമുഖനായിരുന്നു ഇദ്ദേഹം. ജനസമ്മതി നേടിയ വ്യക്തിത്വം. എല്ലാ രാഷ്ട്രീയക്കാരുമായും വളരെ അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു കയറാട്ട് ഗോപാലന്‍ നായര്‍ അദ്ദേഹം. ഒറ്റപ്പാലത്തെ പ്രസിദ്ധ ശിവക്ഷേത്രമായ  വേങ്ങേരി ശിവക്ഷേത്രം ഇദ്ദേഹമാണ് പുനരുദ്ധാരണത്തിനു മുന്‍ കൈ എടുത്തത്. ഒറ്റപ്പലാത്തിന്റെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള  വ്യക്തിയാണ് കയറാട്ട് ഗോപാലന്‍ നായര്‍ .

Kayarattu

കയറാട്ട് ഗോപാലന്‍ നായര്‍ അദ്ദേഹത്തിന്റെ പുത്രനായ അഡ്വ. പി.ടി. നരേന്ദ്ര മേനോന്‍ അവര്‍കള്‍, കവിയും  എഴുത്തുകാരനും ഒറ്റപ്പാലത്തെ പൗരപ്രമുഖനായ പ്രസിദ്ധനായ അഭിഭാഷകന്‍ കൂടിയുമാണ്. കയറാട്ട് ഗോപാലന്‍ നായര്‍ അദ്ദേഹത്തിന്റെ ഇളയ മകള്‍ ആയ ഇള മേനോന്‍ എന്ന വിളിപ്പേരുള്ള ശകുന്തള മേനോന്‍ നല്ലൊരു മധുബാനി പെയിന്റിംഗ് കലാകാരിയും കഥകളി നൃത്തം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വം കൂടിയാണ്. കയറാട്ട് തറവാട്ടില്‍  ചെന്നാല്‍ ചുമരുകള്‍ക്ക് അലങ്കാരമായി ഈ ചിത്രകാരിയുടെ അതിമനോഹരമായ കലാസൃഷ്ടികള്‍ നമുക്ക് കാണാന്‍ കഴിയും.

ഇവരുടെ എല്ലാം സഹോദരിയും നല്ലൊരു എഴുത്തുകാരിയും കലാസാഹിത്യ രംഗത്ത്  മുന്‍പന്തിയിലുണ്ടായിരുന്ന പാര്‍വ്വതി മേനോന്‍ അകാലത്തില്‍ പൊഴിഞ്ഞു പോയപ്പോള്‍ നഷ്ടമായത് ഒരു നല്ല കലാകാരിയെ കൂടിയാണ്. ഇപ്പോള്‍ തറവാട്ടില്‍ താമസിക്കുന്ന  ഇള മേനോന്റെ  മകനും ജൊഹന്നാസ്ബര്‍ഗ്ഗില്‍ ബാര്‍ക്ക്‌ലേസ് ബാങ്കില്‍ സീനിയര്‍ മാനേജര്‍ ആയ കൃഷ്ണന്‍ മേനോന്‍, ഇളാ മേനോന്റെ മകളും ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ സീനിയര്‍ വൈസ് പ്രസിഡണ്ടുമായ ലക്ഷ്മി മേനോന്‍, ലക്ഷ്മി മേനോന്റെ മകനും പ്രസിദ്ധ സിനിമാട്ടോഗ്രാഫര്‍ ആയ സന്തോഷ് ശിവന്റെ അസിസ്റ്റന്റുമായ അനിരുദ്ധ് മേനോന്‍ എന്നിവര്‍ തറവാട്ടിലെ ഈ കാലഘട്ടത്തെ ഉയര്‍ന്ന് വരുന്ന നക്ഷതങ്ങള്‍ ആണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍  ആദ്യമായി പൈലറ്റുമാരായ അഛനും മകനും ഒരുമിച്ചു പ്ലെയിന്‍ ലാന്റ് ചെയ്ത്  പ്രസിദ്ധി നേടിയ രാമചന്ദ്രന്‍ അദ്ദേഹവും മകന്‍  ശേഖര്‍ രാമചന്ദ്രനും കയറാട്ട് ഗോപാലന്‍ മേനോന്‍ അദ്ദേഹത്തിന്റെ മകളായ  മീന രാമചന്ദ്രന്‍ അവര്‍കളുടെ ഭര്‍ത്താവും മകനുമാണ്.

Kayarattu

മലയാള സിനിമാലോകത്തിന്റെ ഇഷ്ടപ്പെട്ട ലോക്കേഷന്‍ ആണ് കയറാട്ട് തറവാട്. സാദരം എന്ന സിനിമയാണിവിടെ ആദ്യം ഷൂട്ട് ചെയ്തത്. നാട്ടുരാജാവ്, ചന്ദ്രോത്സവം, മാടമ്പി, കീര്‍ത്തിചക്ര, കര്‍മ്മയോദ്ധ, മിഴിരണ്ടിലും, ഡയമണ്ട് നെക്ലസ്സ് തുടങ്ങി അനവധി സിനിമകള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. കയറാട്ട് തറവാട് വളരെ ഭംഗിയായി കാത്തുസൂക്ഷിക്കുന്ന ഇളാ ആന്റിയ്ക്ക് എന്റെ കൂപ്പ് കൈ. അത് പോലെ തറവാട് ചുറ്റിക്കാണിച്ചു തന്നതിനും ഒരുപാട് വിവരങ്ങള്‍ പങ്ക് വച്ചതിനും, രുചികരമായ ഉച്ചയൂണ്‍ നല്‍കിയതിനും ,ഊഷ്മളമായ വരവേല്‍പ്പിനും, ഒട്ടും അന്യത്വം തോന്നാത്ത സ്‌നേഹം നിറഞ്ഞ പെരുമാറ്റത്തിനും,ഇളാ ആന്റിയ്ക്ക് ന്റെ സ്‌നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. എല്ലാത്തിനുമുപരി കയറാട്ട് തറവാട്ടിലേക്ക് എനിക്ക് പ്രവേശനം സാധ്യമാക്കി തന്ന പാര്‍വ്വതി ഓപ്പോള്‍ക്കും ന്റെ നന്ദി. 

Content Highlights: