കല്ലുംമ്പുറത്ത് തറവാടെന്നു പറയുന്നതിനേക്കാള്‍ മിഥുനത്തിലെ സേതുമാധവന്റെ വീടെന്നു പറയുമ്പോഴായിരിക്കും മലയാളികള്‍ കോഴിക്കോട് എലത്തൂരിലുള്ള ഈ തറവാട് മനസിലാകുക. ഈ വീടിന്റെ പടിപ്പുര കടന്നാണ് സേതുമാധവന്റെ കൈ പിടിച്ച് സുലു എത്തിയത്..പിന്നീടങ്ങോട്ട് അവരുടെ പിണക്കങ്ങള്‍ക്കും പരിഭവങ്ങള്‍ക്കുമൊക്കെ സാക്ഷിയായത് ഈ വീടാണ്.. ഒടുവില്‍ ജഗതി അവതരിപ്പിച്ച സുഗതന്റെ ആവശ്യപ്രകാരം ചേര്‍ക്കോടന്‍ സ്വാമി ആവാഹിച്ച തേങ്ങയുടയ്ക്കുന്നതും ഈ വീട്ടില്‍ വെച്ചുതന്നെയാണ്. അതെ പറഞ്ഞുവരുന്നത് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മിഥുനം എന്ന സിനിമയില്‍ സേതുമാധവന്റെ വീടായ കല്ലും പുറത്ത് തറവാടിനെ പറ്റിയാണ്.
കുറഞ്ഞത് 150 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ വീടെന്ന് വീട്ടിലെ ഇപ്പോഴത്തെ താമസക്കാരനായ ഷിഖില്‍ പറയുന്നു. ഷിഖിലിന്റെ ഉള്‍പ്പെടെയുള്ള രണ്ടു കുടുംബമാണ് ഈ വീട്ടില്‍ ഇപ്പോഴുള്ളത്. ഷിഖിലിന്റെ മുതുമുത്തശ്ശന് പണികഴിപ്പിച്ചതാണ് ഈ തറവാട്. അച്ച്യുതന്‍ ആശാരിയാണ് വീട് പണിയാന്‍ നേതൃത്വം നല്‍കിയത്.
പരമ്പാരഗത കേരള വാസ്തുവിദ്യ അനുസരിച്ച് പണികഴിപ്പിച്ച വീട്ടിലേയ്ക്ക് ആദ്യമെത്തുന്ന ആരെയും ആകര്‍ഷിക്കുന്നത് വിശാലമായ നീളന്‍ വരാന്തയാണ്. ഈ വരാന്തയിലിരുന്നാണ് സര്‍ഗം എന്ന ചിത്രത്തിലെ തങ്കമണി പൈയ്ക്കളെ മേയ്ച്ചും കളിച്ചും ചിരിച്ചും എന്നു പാടുന്നത്. ചിത്രത്തില്‍ ഹരിദാസിന്റെ (വിനീതിന്റെ) വീടായി അഭിനയിക്കുന്നതും കല്ലാംമ്പുറത്ത് തറവാടാണ്.
വീടിന്റെ നിര്‍മാണത്തില്‍ ഭൂരിഭാഗവും ഉപയോഗിച്ചിരിക്കുന്നത് തേക്കാണ്. ഇതില്‍ ഒറ്റത്തടിയില്‍ തീര്‍ത്തിരിക്കുന്ന ചാരുപടി ആശാരിപ്പണിയുടെ വൈദഗ്ദ്ധ്യം വിളിച്ചോതുന്നു. വീടിന്റെ മുകള്‍ നിലയിലേക്കുള്ള പിരിയന്‍ ഗോവണിയും അതിന്റെ കൈപ്പടിയും കൈപ്പടിയിലെ കൊത്തുപണികളും മിഷീന് സാങ്കേതിക വിദ്യയുടെ കാലഘട്ടത്തില്‍ നിന്നും നോക്കുമ്പോള്‍ കൈപ്പണിയുടെ അത്ഭുതങ്ങളാണ്. കൂറ്റന്‍ തടികൊണ്ട് തീര്‍ത്ത വാതിലുകള്‍ തുറക്കാന്‍ ഒരാള്‍ക്ക് കഴിഞ്ഞെന്നുവരില്ല.

നിലത്ത് തറയോടുകള്‍ പാകിയിരിക്കുന്നു മച്ച് തടികള്‍ ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീടിനെ പഴമയൊട്ടും ചോരാതെ ഷിഖില്‍ അടക്കമുള്ള കുടുംബക്കാര് അതേപോലെ നിലനിര്‍ത്തിയിരിക്കുന്നു. ഏത് ചൂടിനെയും തോല്പിക്കുന്ന കുളിര്മയുള്ള അകത്തളം ആര്‍ക്കിടെക്ച്ചര്‍ വിസ്മയമാണ്.
മുകളിലും താഴെയുമായി നാലു കിടപ്പുമുറികളാണ് വീടിനുള്ളില്‍ ഉള്ളത്. വീടിനുള്ളില്‍ ഉപയോഗിക്കുന്ന ഫര്‍ണിച്ചറുകള്‍ക്കും 150 വര്‍ഷത്തെ പഴക്കം കാണും. പത്തായവും കട്ടിലും ചെറിയ മേശയും ഡ്രസിങ്ങ് ടേബിളും അടക്കമുള്ളവയ്ക്ക് നൂറ്റാണ്ടുകളുടെ തന്നെ പഴക്കം ഉണ്ട്. അടുക്കളയില്‍ നില്‍ക്കുന്നവര്‍ക്ക് വരാന്തയിലാരാണെന്ന് പുറത്തിറങ്ങി നോക്കാതെ തന്നെയറിയാനും പ്രത്യേക ക്രമീകരണം ചെയ്താണ് അച്യുതനാശാരി വീട് പണിതിരിക്കുന്നത്.
വീടിനോട് ചേര്‍ന്നു തന്നെയാണ് കളപ്പുരയുള്ളത്. ഈ കളപ്പുരയിയാണ് മിഥുനത്തില് ജഗതി ശ്രീകുമാറിന്റെ വീടായി ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ റുപ്പിയില്‍ പൃഥിരാജിന്റെ വീടായും വെള്ളിത്തിരയിലെത്തുന്നത് കല്ലുംമ്പുറത്ത് തറവാടാണ്. അനഘ എന്ന ചിത്രമാണ് ഇവിടെ വെച്ച് ആദ്യം ചിത്രീകരിക്കുന്നത്. ഇപ്പോള്‍ കായങ്കുളം കൊച്ചുണ്ണി എന്ന സീരിയലിന്റെ രണ്ടാം ഭാഗമാണ് വീട്ടില്‍ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്.


