സാങ്കല്പികമാണെങ്കിലും സത്യമാണോ മിഥ്യയാണോ എന്നൊന്നും ഉറപ്പില്ലെങ്കിലും പ്രേതകഥകള്‍ക്ക് ഇന്നും ആരാധകരേറെയാണ്. പ്രേതസിനിമകള്‍ കാണാനുള്ള തള്ളിക്കയറ്റം തന്നെ അതിനുദാഹരണമാണ്. പേടിപ്പിച്ച ഇംഗ്ലീഷ് സിനിമകളില്‍ മുന്‍പന്തിയിലാണ് കോണ്ജുറിങ്ങിന്റെ സ്ഥാനം. കോണ്ജുറിങ്ങും അതിനു പിന്നാലെയിറങ്ങിയ സീരീസുകളുമൊക്കെ തരംഗമായിരുന്നു. പുതിയ വിശേഷം കോണ്‍ജുറിങ് സിനിമയ്ക്ക് ആസ്പദമായ വീടാണ്. ആര്‍ണോള്‍ഡ് എസ്റ്റേറ്റ് എന്ന ഈ വീട് സ്വന്തമാക്കിയ ദമ്പതികള്‍ പങ്കുവച്ച അനുഭവങ്ങളാണ് ചര്‍ച്ചയാകുന്നത്.

കോറി, ജെന്നിഫര്‍ ഹെയ്ന്‍സെന്‍ ദമ്പതികളാണ് റോഡ് ഐലന്‍ഡിലെ ഹാരിസ്വില്ലയിലെ പ്രസിദ്ധമായ വീട് സ്വന്തമാക്കിയത്. പാരാനോര്‍മല്‍ ആക്റ്റിവിറ്റി(അസാധാരണ സംഭവങ്ങള്‍) കളോട് ആദ്യം മുതലേ തല്പരരായിരുന്നു തങ്ങളെന്നും അതാണ് ഈ വീട് വാങ്ങാന്‍ പ്രേരിപ്പിച്ചതെന്നും ഇരുവരും പറയുന്നു. പെറന്‍ കുടുംബത്തിന് നേരിട്ട അസാധാരണ സംഭവങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞു തന്നെയാണ് വീട് വാങ്ങാന്‍ തീരുമാനിച്ചതും ജൂണ്‍ 21ന് വീട്ടിലേക്ക് താമസം മാറിയതും.
പകല്‍ മുഴുവന്‍ വീട്ടിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ രാത്രിയാകുമ്പോള്‍ അസാധാരണമായെന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്നു കാതോര്‍ത്തിരിക്കുകയാണ് ഇരുവരും. അത്തരം സന്ദര്‍ഭങ്ങളിലാണ് വാതിലുകള്‍ തനിയെ അടയുന്നതായും കാലടികള്‍ കേള്‍ക്കുന്നതായും അവ്യക്തമായ ശബ്ദങ്ങള്‍ കേള്ക്കുന്നതായുമൊക്കെ അനുഭവപ്പെട്ടതെന്ന് ദമ്പതികള്‍ പറയുന്നു. തങ്ങളുടെ സാന്നിധ്യത്തില്‍ റൊക്കോര്‍ഡ് ചെയ്യുമ്പോള്‍ യാതൊന്നും സംഭവിക്കാറില്ലെങ്കിലും അസാന്നിധ്യത്തില്‍ ചെയ്യുന്ന റെക്കോര്‍ഡുകളില്‍ അവ്യക്തമായ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.

1971 മതല്‍ 1980 വരെ അഞ്ചു പെണ്മക്കളോടൊപ്പം താമസിച്ച പെറന്‍ കുടുംബത്തിലെ അനുഭവങ്ങളാണ് കോണ്‍ജുറിങ് സിനിമയ്ക്ക് പ്രചോദനമായത്. റോഗര്‍, കരോലിന് മക്കളായ ആന്‍ഡ്രിയ, ക്രിസ്റ്റിന്, നാന്‍സി, ഏപ്രില്‍, സിന്‍ഡി എന്നിവരുടെ അനുഭവങ്ങളാണ് കോണ്‍ജുറിങ് സിനിമയ്ക്ക് ആധാരമായത്.
വീട്ടില്‍ വച്ചിരുന്ന സാധനങ്ങള്‍ അപ്രത്യക്ഷമാകുന്നുവെന്നും ആരുമില്ലാത്ത മുറികളില്‍ നിന്ന് ശബ്ദങ്ങള്‍ പുറപ്പെടുന്നുവെന്നും വാതിലുകള്‍ തുറക്കാന്‍ കഴിയാതിരിക്കുകയും തനിയെ ശബ്ദത്തില്‍ അടയുകയുമൊക്കെ ചെയ്യുന്നുവെന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്നുമൊക്കെയായിരുന്നു പെറന്‍ കുടുംബത്തിന്റെ പരാതികള്‍. തുടര്‍ന്ന് വീടിന്റെ മുന്‍കാല ചരിത്രം അന്വേഷിച്ചതോടെ ആര്‍ണോള്‍ഡ് എസ്റ്റേറ്റില്‍ എട്ടോളം തലമുറകള്‍ കഴിഞ്ഞിട്ടുണ്ടെന്നും അവരെല്ലാം സമാന അനുഭവം നേരിട്ടിട്ടുണ്ടെന്നും വ്യക്തമായി.
വീട്ടിലെ അസാധാരണ സംഭവങ്ങള്‍ പരമാവധി ശേഖരിക്കുക എന്നതാണ് തങ്ങളുടെ ഇപ്പോഴത്തെ പ്രധാന ഉദ്യമമെന്ന് കോറിയും ജെന്നിഫറും പറയുന്നു. അധികം വൈകാതെ വിനോദ സഞ്ചാരികള്‍ക്കായി വീട് തുറന്നു കൊടുക്കാനും ഇരുവരും പദ്ധതിയിടുന്നുണ്ട്.
Content Highlights: couple bought a house that inspired conjuring movie