മാതൃഭൂമി സ്ഥാപക പത്രാധിപസമിതി അംഗമായിരുന്ന ടി.പി.സി. കിടാവ് എന്നറിയപ്പെട്ടിരുന്ന ടി.പി. ചന്തുക്കുട്ടി കിടാവിന്റെ വസതിയാണ് തയ്യില്‍. രാജഭരണകാലത്ത് സാമൂതിരിയില്‍ നിന്ന് അധികാരാവകാശം ലഭിച്ച തൊണ്ടിപുനത്തില്‍ കുടുംബത്തിന്റെ പൈതൃകത്തുടര്‍ച്ചയാണ് ഈ തറവാടിന്റെത്. സാമൂതിരി കൈമാറിയ അധികാരചിഹ്നമായ വാള്‍ 350 വര്‍ഷത്തിനിപ്പുറവും ഇവിടെ ഭദ്രമായി സൂക്ഷിക്കുന്നു. 

1923ല്‍ മാതൃഭൂമി പ്രസിദ്ധീകരണം തുടങ്ങുമ്പോള്‍ കെ.പി. കേശവമേനോന്റെ നേതൃത്വത്തിലുള്ള പത്രാധിപസമിതയില്‍ പി. രാമുണ്ണിമേനോന്‍, കെ.വി. കുഞ്ഞുണ്ണിമേനോന്‍, കോഴിപ്പുറത്തു മാധവമേനോന്‍, ടി.പി. ചന്തുക്കിടാവ് എന്നിങ്ങനെ നാലുപേരാണുണ്ടായിരുന്നത്. മാതൃഭൂമിയുടെ ആദ്യലക്കം അച്ചടിച്ചശേഷം നവജാത ശിശുവിനെയെന്നപോല്‍ അതുമായി പുലര്‍ച്ചെ ടി.പി.സി. കിടാവിനൊപ്പം വീട്ടിലേക്ക് മടങ്ങിയത് കേശവമേനോന്‍ 'കഴിഞ്ഞകാല'ത്തില്‍ വിവരിക്കുന്നുണ്ട്.

1934ല്‍ മഹാത്മാഗാന്ധി മാതൃഭൂമി ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ കിടാവിനൊപ്പം പത്നി ഇ.സി. പാര്‍വതിഅമ്മയും പങ്കെടുത്തിരുന്നു. അവരില്‍നിന്ന് ആ സന്ദര്‍ശനവിശേഷം നേരില്‍ കേള്‍ക്കാന്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ തയ്യില്‍ത്തറവാട്ടില്‍ പിന്നീട് വരുകയുണ്ടായി. 

Thayyil
പള്ളിക്കര തയ്യില്‍ തറവാട്, ടി.പി.സി. കിടാവ്‌

കേരളഗാന്ധിയെന്ന് വിശ്രുതനായ കെ. കേളപ്പന്‍, ടി.പി.സി. കിടാവിന്റെ സഹോദരീ ഭര്‍ത്താവായിരുന്നു. കാമരാജും പനമ്പള്ളി ഗോവിന്ദമേനോനും സി.കെ.ജി.യും ഉള്‍?െപ്പടെയുള്ള സമുന്നത കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം വീട്ടിലെത്തി ചര്‍ച്ചയും സംവാദങ്ങളുമായി ചെലവിട്ടശേഷം ഊണുകഴിഞ്ഞ് മടങ്ങുന്നതിന്റെ ഓര്‍മ കിടാവിന്റെ മകന്‍ ഇ.സി. വാസുദേവന്‍ പങ്കുവെച്ചു. കെ.പി. കേശവമേനോന്‍, എന്‍.വി. കൃഷ്ണവാരിയര്‍, എന്‍. കൃഷ്ണന്‍നായര്‍, കുട്ടികൃഷ്ണമാരാര്‍, മാധവനാര്‍, സഞ്ജയന്‍, ഉമ്മര്‍ബാഫഖിതങ്ങള്‍, വി.എം. നായര്‍, എ.വി. കുട്ടിമാളുഅമ്മ, സി.എച്ച്. കുഞ്ഞപ്പ, കെ.എ. ദാമോദരമേനോന്‍, കോഴിപ്പുറത്ത് മാധവമേനോന്‍, എം.ടി. വാസുദേവന്‍നായര്‍...  തയ്യില്‍തറവാടിന്റെ ആതിഥ്യംസ്വീകരിച്ച സൗഹൃദക്കൂട്ടായ്മയിലെ പ്രമുഖരുടെ നിര ഇനിയുമേറെ നീളും. 

തയ്യില്‍ വീട് ഈ സന്ദര്‍ശനസ്മൃതികള്‍ രേഖപ്പെടുത്തിയ ചിത്രക്കൂടുകള്‍ വീടിന്റെ ഉമ്മറച്ചുമരിനെ അലങ്കരിക്കുന്നു.'അരങ്ങ്കാണാത്ത നടനില്‍' തിക്കോടിയന്‍, ടി.പി.സി. കിടാവിന്റെ എന്തുംകൊള്ളുന്ന ജൂബയെക്കുറിച്ചു പറയുന്നുണ്ട്. മാതൃഭൂമിയിലേക്ക് പോകാന്‍ കിടാവ് രാവിലെ ആറരയ്ക്ക് തിക്കോടി റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ തിക്കോടിയനും മറ്റും അവിടെ കാത്ത് നില്‍പ്പുണ്ടാവും. പത്രത്തിലേക്കും ആഴ്ചപ്പതിപ്പിലേക്കുമുള്ള അവരുടെ രചനകള്‍ കിടാവിന് കൈമാറും. അങ്ങനെ കിടാവിന്റെ ജൂബയുടെ കീശയില്‍നിന്നും അവ പിന്നീട് പത്രത്താളിലൂടെ വെളിച്ചംകാണും. 

ശാസ്ത്രസംബന്ധിയായ ഒട്ടേറെ ലേഖനങ്ങള്‍ ടി.പി.സി. കിടാവിന്റെതായുണ്ട്. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുന്നത് യാഥാര്‍ഥ്യമാകും മുന്‍പേ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സാധ്യതകളും ചര്‍ച്ച ചെയ്യുന്ന അദ്ദേഹത്തിന്റെ ലേഖനം ശ്രദ്ധേയമായിരുന്നു. എവറസ്റ്റ് കീഴടക്കിയ ടെന്‍സിങ്ങിനെക്കുറിച്ചുള്ള രചന, എട്ടാം ക്ലാസ് മലയാളം ഉപപാഠപുസ്തകമായി മുന്‍പ് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. ടി.പി.സി. കിടാവിന്റെ മൂത്തമകനും മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടറുമായിരുന്ന ഇ.സി. മാധവന്‍നമ്പ്യാരുടെ കുടുംബമാണ് ഇപ്പോള്‍ തയ്യില്‍ വീട്ടിലെ താമസക്കാര്‍. 

100വര്‍ഷം പഴക്കമുള്ള വീട് അതേപോലെത്തന്നെ ഈ രണ്ടാംതലമുറ സംരക്ഷിക്കുന്നു. ഈയിടെ പുറത്തിറങ്ങിയ 'തീവണ്ടി' സിനിമയില്‍ നായികയുടെ വീടായി 'തയ്യില്‍' വെള്ളിത്തിരയിലുമെത്തി.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: 100 years old thayyil house