കാണികളുടെ മനസ്സു നിറയ്ക്കുകയും നിര്‍മാതാവിന് തന്റെ മുടക്കുമുതലിനേക്കാള്‍ അധികം തിരിച്ചു നല്‍കുകയും ചെയ്യുന്ന സിനിമകള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടുമെന്നതില്‍ സംശയമില്ല. ഇത്തരം മഹത്തായ ഓരോ വിജയത്തിനു പിന്നിലും മുന്‍കൂട്ടി എഴുതിത്തയ്യാറാക്കിയ ഒരു സ്‌ക്രിപ്റ്റുണ്ടാകും. തെറ്റുകള്‍ വരാനുള്ള സാധ്യതകള്‍ അവിടെ വളരെക്കുറവാണ്. ഇതുപോലെ തന്നെയാണ് വീട് നിര്‍മാണത്തിന്റെ കാര്യത്തിലും. കൃത്യമായ ഒരു പ്ലാനിങ്ങും ബജറ്റിങ്ങും നിങ്ങള്‍ക്ക് മികച്ച റിസല്‍ട്ടുണ്ടാക്കി തരുന്നു. ഇക്കാരണം കൊണ്ടാണ് ബജറ്റ് ഹോമുകള്‍ മലയാളിക്ക് പ്രിയപ്പെട്ടതായി മാറുന്നത്. ചെലവുചുരുക്കുക എന്നതുകൊണ്ട് സൗകര്യങ്ങള്‍ വേണ്ടെന്നു വെക്കുക എന്നര്‍ഥമില്ല. മറിച്ച് സ്വന്തം ബജറ്റിന് അനുസരിച്ച് അതിനൊത്ത മൂല്യമുള്ള ഒരു സ്വപ്നഗൃഹം എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്ന് ഗൃഹനിര്‍മാണ രംഗത്ത് കേരളത്തിലൂടനീളം സേവനങ്ങള്‍ നല്‍കിവരുന്ന ഷൈന്‍ ബില്‍ഡേഴ്സ് കണ്‍സല്‍ട്ടന്‍സി ഉടമയും സ്ട്രക്ചറല്‍ എഞ്ചനീയറുമായ ഡോ. ഷൈന്‍ സി. ചിന്നന്‍ സംസാരിക്കുന്നു. 

കാലാവസ്ഥയ്ക്കനുസരിച്ചുള്ള തയ്യാറെടുപ്പ്, പ്ലാനിങ്, മികച്ച പ്രോജക്ട് മാനേജ്മെന്റ്, ഗൃഹനിര്‍മാണ വസ്തുതകളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളുടെ ഗൃഹനിര്‍മാണത്തെ സുഗമമാക്കുന്നു. മികച്ച സൗകര്യങ്ങളെല്ലാം വേണമെന്ന് ആഗ്രഹിക്കുകയും ഭംഗിയുടെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാതിരിക്കുകയും എന്നാല്‍ പണച്ചെലവ് നിയന്ത്രണത്തിലാക്കുകയും ചെയ്യുക എന്നതാണ് ഗൃഹനിര്‍മാണ കാര്യത്തില്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍. ബജറ്റിങ് എന്ന ഒറ്റ ആശയംകൊണ്ടുതന്നെ നമുക്ക് ഈ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുകയും വീട് സ്വന്തമാക്കാനും സാധിക്കും. ബജറ്റിങ് പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് പ്രോജക്ട് മാനേജ്മെന്റ്. സമയത്തെ സമര്‍ഥമായി ഉപയോഗിച്ച് എങ്ങനെ ചിലവ് ചുരുക്കാം എന്നതാണ് ഈ ഘട്ടം കൊണ്ട് നമ്മള്‍ മനസ്സിലാക്കുന്നത്. 

ഇന്റര്‍നെറ്റ് സെര്‍ച്ച് ചെയ്തുകിട്ടുന്ന എലമെന്റുകള്‍ പുറംമോടിക്കു വേണ്ടി മാത്രം വീടുകളില്‍ പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ തുടര്‍ച്ചയായി ആറുമാസവും മഴ പെയ്യുന്ന കേരളത്തിന് അത്തരം എലമെന്റുകള്‍ യോജിച്ചതാണോ എന്ന് ആരും ചിന്തിക്കാറില്ല. പക്ഷേ കാലാവസ്ഥ അനുസരിച്ചുള്ള തയ്യാറെടുപ്പ് നമ്മുടെ അനാവശ്യ ചെലവുകളെ ഒരുപരിധിവരെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഭാവിയില്‍ വന്നേക്കാവുന്ന ആവശ്യങ്ങളും സൗകര്യങ്ങളും മുന്‍കൂട്ടി കണ്ടുവേണം വീടൊരുക്കാന്‍. വീട്ടിലെ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ കൃത്യമായി അറിഞ്ഞതിനുശേഷം മാത്രം പ്ലാന്‍ തയ്യാറാക്കാന്‍ തുടങ്ങാം. പ്ലാന്‍ വരയ്ക്കുമ്പോള്‍ തന്നെ ഒരിഞ്ചുസ്ഥലം പാഴാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അമിതമായ ചെലവുകള്‍ വരുന്നത് പ്ലാനില്‍ പിന്നെയും പിന്നെയും മാറ്റങ്ങള്‍ കൊണ്ടുവരുമ്പോഴാണ്. മുറികളുടെ വലിപ്പം കുറയ്ക്കുന്നതുകൊണ്ട് ചെലവില്‍ വലിയ വ്യത്യാസം വരാനിടയില്ല. മറിച്ച് മുറികളുടെ എണ്ണം കുറച്ച് ചെലവ് കുറയ്ക്കാം.

shine
ഡോ. ഷൈന്‍ സി ചിന്നന്‍

ലഭ്യത കൂടുതലും വിലക്കുറവും നോക്കി നിര്‍മാണ സാമഗ്രികള്‍ വാങ്ങിക്കാം. വീടിന്റെ പാദുകം പണിയാനായി കരിങ്കല്ലോ ചെങ്കല്ലോ ഉപയോഗിക്കാം. ഇഷ്ടികയോ വെട്ടുകല്ലോ ഉപയോഗിച്ച് ഭിത്തി നിര്‍മിക്കാം. മരത്തിന്റെ കനം പരമാവധി കുറച്ച് പാനലിങ് ചെയ്താല്‍ കനം കൂടുതല്‍ തോന്നിക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യാം. 

ബജറ്റിങ് ഏറ്റവും അത്യാവശ്യമായ ഘട്ടമാണ് കോണ്‍ക്രീറ്റിങ്. വീടുപണിയിലെ ഏറ്റവും ഭീമമായ നഷ്ടം സംഭവിക്കുന്നത് കോണ്‍ക്രീറ്റിങ്ങിലാണ്. കോണ്‍ക്രീറ്റിന്റെ കനവും അതുപയോഗിക്കുന്ന കമ്പിയുടെ വലിപ്പവും നീളവും ഒരു എന്‍ജിനീയറെക്കൊണ്ട് ഡിസൈന്‍ വര്‍ക്ക് ചെയ്താല്‍ കോണ്‍ക്രീറ്റിങ് ലാഭകരമാക്കാം, 

കൊത്തുപണികളോടു കൂടിയ വലിയ വാതിലുകള്‍ നമ്മുടെ വീടിനെ മോടിപിടിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ഏറ്റവും ചെലവേറിയ പണിയും ഇതുതന്നെയാണ്. മരത്തിന്റെ ഡോറുകള്‍ക്കു പകരം ബ്രാന്റഡ് റെഡിമെയ്ഡ് ഡോറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇത്തരം ഡോറുകള്‍ക്ക് സാധാരണ മരഡോറിനേക്കാള്‍ നാലിലൊന്നു ചെലവു മാത്രമേ ഉള്ളു. കബോഡുകള്‍, മോഡുലാര്‍ കിച്ചണ്‍ സെറ്റ് എന്നിവയ്ക്കായി ഫെറോ സിമന്റ് സ്ലാബുകള്‍ ഉപയോഗിക്കാം. ദീര്‍ഘനാള്‍ ഈടു നില്‍ക്കുന്നതോടൊപ്പം ചെലവും വളരെ കുറവാണ്. ബജറ്റ് ഹോമുകളില്‍ പ്രധാനപ്പെട്ട മറ്റൊരു ആശയമാണ് വുഡ് സീസണിങ്. സീസണ്‍ ചെയ്‌തെടുത്ത മരഉരുപ്പടികള്‍ സീസണ്‍ ചെയ്യാത്തവയേക്കാള്‍ കൂടുതല്‍ ഈടുനില്‍ക്കുന്നു. വിലകൂടിയ വലിയ മരങ്ങള്‍ക്കു പുറകെ പോകാതെ സീസണ്‍ ചെയ്ത വിലകുറഞ്ഞ മരം ഉപയോഗിച്ച് അധികചെലവ് നിയന്ത്രിക്കാം. നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായ മാവുകള്‍ വുഡ് സീസണിങ്ങിന് വിധേയമാക്കിയാല്‍ തേക്ക് മരത്തിന്റെ ഫിനിഷിങ് ലഭിക്കും. ഭംഗി നഷ്ടമാകാതെ പണം ലാഭിക്കാം. 

പുഴ മണലില്ലെങ്കില്‍ വീടുപണി നിന്നുപോകുമെന്ന അവസ്ഥയാണ് പലപ്പോഴും കാണാറുള്ളത്. എന്നാല്‍ ഈ മണലിന് എത്രത്തോളം ഗുണമേന്‍മയുണ്ടെന്ന് നമ്മളില്‍ പലരും ചിന്തിക്കാറില്ല. എത്രവിലകൊടുത്തും പുഴമണല്‍ ഉപയോഗിക്കുന്ന രീതിമാറ്റി മാനുഫാക്ചറിങ് സാന്‍ഡ് പരീക്ഷിച്ചു നോക്കൂ. ചെലവുകുറയ്ക്കാനുള്ള മറ്റൊരു മികച്ച ആശയമാണ് എം സാന്‍ഡ്. 

വയറിങ്ങിനു മുമ്പ് മികച്ചൊരു വയറിങ് ഡയഗ്രം കൈയില്‍ സൂക്ഷിക്കുക. ഇതുവഴി വയറ് ഒരുപാട് ലാഭിക്കാന്‍ സാധിക്കും. പോയിന്റുകള്‍ തമ്മിലുള്ള നീളംകുറച്ച് എളുപ്പവഴിയിലൂടെ വയറുകള്‍ കൊണ്ടുപോകുന്നത് മികച്ച ലാഭം ഉണ്ടാക്കിത്തരുന്നു. 

വീടു വെക്കുമ്പോള്‍ ഏറ്റവുമധികം പണച്ചെലവു വരുന്നത് ഫ്‌ളോറിങ്ങിനാണ്. ഇതിനായി സാധനങ്ങള്‍ വാങ്ങുന്നതിനു മുമ്പുതന്നെ മാര്‍ക്കറ്റില്‍ നന്നായൊന്നു കറങ്ങി വില താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. 

ഹോള്‍സെയില്‍ വിലയില്‍ സാധനങ്ങള്‍ വാങ്ങാന്‍ അവസരം കിട്ടുകയാണെങ്കില്‍ വീടുപണിയില്‍ ഏറ്റവും ലാഭമുണ്ടാക്കാവുന്ന ഘട്ടമാണിത്. ഗ്രാനൈറ്റ്, മാര്‍ബിള്‍ എന്നിവ വാങ്ങുമ്പോള്‍ വലിപ്പം കൂടിയവ വാങ്ങാന്‍ ശ്രദ്ധിക്കുക. ഒപ്പംതന്നെ മുറിയുടെ വലിപ്പവും പരിഗണിക്കണം. ബോര്‍ഡര്‍ വര്‍ക്കുകള്‍, അരിക് മോള്‍ഡ് ചെയ്‌തെടുക്കുന്ന വര്‍ക്കുകള്‍ എന്നിവയ്ക്ക് താരതമ്യേന പണച്ചെലവേറും. 

മുകളില്‍ പറഞ്ഞ ഇത്തരം കാര്യങ്ങള്‍ വളരെ വ്യക്തതയോടെയും പ്ലാനിങ്ങോടെയും ചെയ്‌തെടുത്താല്‍ വീടുപണി വിചാരിച്ച ബജറ്റില്‍ ഒതുക്കാം. 

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Content Highlights: things to know before building a house