ല്ലാ അത്യാവശ്യ സൗകര്യങ്ങളോടും കൂടി ഏഴുലക്ഷം രൂപയ്ക്ക് ഇരുനില വീട്. കേട്ടിട്ട് വിശ്വസിക്കാനാവുന്നില്ലേ. സംഗതി സത്യമാണ്. കായംകുളത്തിനടുത്ത് എരുവയിലാണ് ഈ വീടുള്ളത്.

നിര്‍മാണത്തൊഴിലാളിയായിരുന്ന ശിവനാണ് വീടിന്റെ ഉടമസ്ഥന്‍. ശിവന്റെയും കുടുംബത്തിന്റെയും ആഗ്രഹത്തിനനുസരിച്ച് വീട് ഡിസൈന്‍ ചെയ്തത് ഫ്രീലാന്‍സ് ആര്‍ക്കിടെക്റ്റായ നന്ദു കൃഷ്ണന്‍ ആണ്. 

580 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീര്‍ണം. രണ്ടു കിടപ്പുമുറികളാണ് ഈ വീടിനുള്ളത്. ഇത് കൂടാതെ സിറ്റൗട്ട്, ലിവിങ് ഏരിയ, ഒരു കോമണ്‍ ടോയിലറ്റ്, കിച്ചണ്‍ കം ഡൈനിങ് ഏരിയ, വര്‍ക്ക് ഏരിയ എന്നിവയാണ് ഇവിടെയുള്ളത്. 

budget home

താഴത്തെ നിലയില്‍ ഒരു കിടപ്പുമുറിയും ടോയിലറ്റും കിച്ചന്‍, ഡൈനിങ്, ലിവിങ്, വര്‍ക്ക് ഏരിയകളാണ് ഉള്ളത്. മുകളില്‍ ഒരു കിടപ്പുമുറിയും. 
ഏകദേശം 7 മാസങ്ങള്‍ക്കൊണ്ടാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് ആര്‍ക്കിടെക്റ്റ് നന്ദു പറഞ്ഞു. 

2020 നവംബറിലാണ് വീട് നിര്‍മാണം തുടങ്ങിയത്. 2021 ജൂണില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി പാലുകാച്ചല്‍ ചടങ്ങ് നടത്തി. വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലമായതിനാല്‍ നിലം മണ്ണിട്ട് പൊക്കിയശേഷമാണ് തറ കെട്ടിയത്. ഗ്രൗണ്ട് ഫ്‌ളോറിലെ സിറ്റൗട്ട്, ടോയിലറ്റ്, ബെഡ്‌റൂം എന്നിവ വരുന്ന ഭാഗം മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. മേല്‍ക്കൂര വരുന്ന ബാക്കി ഭാഗങ്ങളിലെല്ലാം സ്‌ക്വയര്‍ ട്യൂബ് കൊണ്ട് ഫ്രെയിം നല്‍കി ഓട് പാകുകയാണ് ചെയ്തത്. കോണ്‍ക്രീറ്റ് ഇന്റര്‍ലോക്ക് ബ്രിക്‌സാണ് വീടിന്റെ നിര്‍മാണത്തിന് മുഴുവനായും ഉപയോഗിച്ചത്. ഫസ്റ്റ് ഫ്‌ളോറിലെ കിടപ്പുമുറിയുടെ ഭിത്തി സിമന്റ്-ഫൈബര്‍ ബോര്‍ഡ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ടെറാ കോട്ട് റൂഫിങ് ടൈല്‍സ് ആണ് നിര്‍മാണത്തിന് മുഴുവനും ഉപയോഗിച്ചത്. പഴയൊരു വീട് പൊളിച്ചപ്പോള്‍ കിട്ടിയ ഓട് ആണിത്.

ഫസ്റ്റ് ഫ്‌ളോറിലേക്കുള്ള സ്‌റ്റെയര്‍ കേസ് സ്‌ക്വയര്‍ ട്യൂബില്‍ അക്വേഷ വുഡ് വെച്ച് പാനല്‍ ചെയ്തതാണ്. സിറ്റൗട്ട്, കിച്ചണ്‍ സ്ലാബ് എന്നിവയ്ക്ക് ഗ്രാനൈറ്റ് നല്‍കി. വീടിന്റെ തറയില്‍ സാധാരണയുള്ള ഫ്‌ളോര്‍ ടൈല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. സ്‌ക്വയര്‍ ട്യൂബ് ഉപയോഗിച്ച് അലൂമിനിയം ഫാബ്രിക്കേഷനിലാണ് വീടിന്റെ ജനലുകള്‍ നിര്‍മിച്ചിരിക്കുന്നത്. വീടിന്റ പ്രധാന വാതിലും അടുക്കളയിലെ വാതിലും മഹാഗണി ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ബെഡ് റൂമുകളിലും ടോയിലറ്റിലും പി.വി.സി. ഡോറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ്ങ് ഏരിയയിൽ ഭിത്തിയിൽ ഹാങ് ചെയ്യുന്ന മേശയും ഇരിപ്പിടവും സെറ്റ് ചെയ്തിട്ടുണ്ട്. 

staircase

ഇരുനില വീട് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. അതിനാല്‍, വീടിനെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോഴേ ഇരുനിലവീട് എന്നതായിരുന്നു മുന്നോട്ട് വെച്ച ആശയം. ആ രീതിയിലാണ് വീട് ഡിസൈന്‍ ചെയ്തത്. പുറമെ നിന്നു നോക്കുമ്പോള്‍ ചെറിയ വീടാണെന്ന് തോന്നുമെങ്കിലും ഇരുനില വീടെന്ന സാധാരണക്കാരന്റെ സ്വപ്‌നത്തിന് കൂട്ടുനില്‍ക്കാന്‍ കഴിഞ്ഞു-നന്ദു കൃഷ്ണന്‍ പറഞ്ഞു.

കായംകുളത്ത് പ്രവര്‍ത്തിക്കുന്ന സ്വപ്‌ന ജൂവല്ലറി ആന്‍ഡ് ടെക്‌സ്റ്റൈല്‍സ് തങ്ങളുടെ കാരുണ്യപ്രവര്‍ത്തികളുടെ ഭാഗമായി നിര്‍മിച്ചു നല്‍കിയതാണ് ഈ വീട്.

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content highlights: new home bulit in two floors, budget home design, spending 7 lakh ruppees only