കീശ പൊള്ളാതെ, ചൂട് ഒട്ടും വലയ്ക്കാതെ, ഭംഗിയിലും സൗകര്യങ്ങളിലും അഡ്ജസ്റ്റുമെന്റുകളില്ലാതെ ഒരു വീടൊരുക്കിയാലോ? ആഹാ... എന്തു മനോഹരമായ നടക്കാത്ത സ്വപ്നമെന്നു പറയാൻ വരട്ടെ. മയ്യനാട്ടെ പ്രണവമെന്ന വീടു കണ്ടാൽ ഈ സംശയം മാറിക്കിട്ടും.

പ്രവാസിയായ അരവിന്ദ് രാമചന്ദ്രന്റെയും സർക്കാരുദ്യോഗസ്ഥയായ ആര്യയുടെയും ഈ വീടിന് തന്റെ ആശയങ്ങൾ കൊണ്ട് പുതിയ മാനങ്ങൾ തീർത്തത് ടി.കെ.എം. എൻജിനീയറിങ്‌ കോളേജിലെ ആർക്കിടെക്ചർ വിഭാഗം തലവൻ കൂടിയായ ഡോ. ദിലി എ.എസാണ്.

സ്ഥലവും വിഭവങ്ങളും പാഴാക്കരുതെന്നു വിളിച്ചു പറയുകയാണ് പ്രണവം. നിർമാണ സാമഗ്രികളുടെ, പ്രത്യേകിച്ച് കോൺക്രീറ്റിന്റെ ഉപയോഗത്തിൽ പരമാവധി മിതത്വം പാലിച്ചാണ് 2700 ചതുരശ്രയടി വലുപ്പമുള്ള ഒറ്റനില വീടൊരുക്കിയത്. നാല് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള വീടിന് സാധാരണ ചെലവിൽ കൂടുതൽ ആയില്ലെന്നതും ശ്രദ്ധേയം.  ഇതിനു മുൻപും കൂൾ ഹോം ആശയം കൊണ്ടു ശ്രദ്ധയാർജിച്ച ദിലി പ്രണവത്തെക്കുറിച്ച് സംസാരിക്കുന്നു.

മിനിമം കോൺക്രീറ്റ്

കോൺക്രീറ്റിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. അതും ബോധപൂർവമെടുത്ത തീരുമാനം തന്നെ. സിമന്റ് കൂടാതെ മണൽ, പാറ, കളിമണ്ണ്, വെള്ളം എന്നീ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം.

സൗകര്യങ്ങളിലോ ഭംഗിയിലോ ഒന്നും വിട്ടുവീഴ്ച ചെയ്യാതെയാണ് ഇവിടെ ‘മിനിമലിസം’ പ്രാവർത്തികമാക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. എത്രയും കൂടുതൽ കോൺക്രീറ്റ് ഉപയോഗിക്കുന്നുവോ വീടിന്റെ ഉറപ്പും ഈടും അത്രയും കൂടും എന്ന ധാരണയാണ് ഭൂരിഭാഗം ആളുകൾക്കുമുള്ളത്. ചെലവു കുറഞ്ഞ വീടിനെപ്പറ്റി ചിന്തിക്കുമ്പോഴും കോൺക്രീറ്റ്‌ ഉപേക്ഷിക്കാൻ മടി കാണിക്കുന്നതും അതുകൊണ്ടാണ്. അറിഞ്ഞോ അറിയാതെയോ ആളുകളുടെ മനസ്സിൽ ഉറച്ചു പോയ മുൻധാരണകൾ തിരുത്താനുള്ള ശ്രമം കൂടിയാണ് ഈ വീട്.

മേൽക്കൂരയുടെ സ്ലാബ്, കോളം, ബീം, പാരപ്പെറ്റ് എന്നിവയെല്ലാം അത്യാവശ്യത്തിനു മാത്രമേ നൽകിയിട്ടുള്ളു. കാർ പോർച്ച്, സിറ്റൗട്ട്, പിന്നിലെ വരാന്ത, ഡൈനിങ്ങിനോട് ചേർന്നുള്ള ഡെക്ക് സ്പേസ് എന്നിവിടങ്ങളിലൊന്നും മേൽക്കൂര വാർത്തിട്ടില്ല.

മാത്രമല്ല, ഇവിടങ്ങളിൽ ഭിത്തിയും കഴിവതും ഒഴിവാക്കി. അതുവഴി പ്ലാസ്റ്ററിങ്ങിന്‌ വേണ്ടി വരുന്ന മണലും സിമന്റും നല്ലൊരു പങ്ക് ലാഭിക്കാനായി.

മേൽക്കൂര വാർക്കാത്ത ഇടങ്ങളിലെല്ലാം ജിപ്സം ബോർഡിന്റെ ഫോൾസ് സീലിങ് നൽകി മുകളിൽ ‘ഗ്ലാസ് വൂൾ’ ഷീറ്റ് വിരിച്ചിട്ടുണ്ട്. ചൂട് ഉള്ളിലേക്കു കടക്കുന്നത് തടയാനാണ് ഗ്ലാസ് വൂൾ വിരിച്ചത്.

സിംപിളാണ് മേൽക്കൂര, ബട്ട് പവർഫുൾ

പരമ്പരാഗത ശൈലിയിലുള്ള വീടുകളുടേതിനു സമാനമാണ് ഇവിടത്തെ മേൽക്കൂര. ഒന്നാംനിലയ്ക്കു മുകളിൽ സ്റ്റീൽ ട്രസ് നൽകി അതിൽ സിമന്റ് ബോർഡ് പിടിപ്പിച്ചശേഷം അതിനുമുകളിൽ ഷിംഗിൾസ് വിരിച്ചാണ് മേൽക്കൂര തയാറാക്കിയത്.

pranavam, roof
പ്രണവത്തിന്റെ പ്രത്യേകം രൂപകല്പന ചെയ്ത മേല്‍ക്കൂര

 

ട്രോപ്പിക്കൽ കാലാവസ്ഥയിലെ മഴയെയും ചൂടിനെയും ഒരുപോലെ പ്രതിരോധിക്കാനാകുമെന്നതാണ് ഈ രീതിയിലുള്ള മേൽക്കൂരയുടെ മെച്ചം. മുപ്പതുവർഷം വാറന്റിയുള്ള ഷിംഗിൾസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ ഈടിന്റെ കാര്യത്തിൽ വീട്ടുകാർക്ക് ഒട്ടും ഉത്കണ്ഠയില്ല.

2,000 ചതുരശ്രയടി എക്സ്ട്രാ

കോൺക്രീറ്റ് ടെറസിനും മുകളിലെ ലൈറ്റ്‌ വെയ്റ്റ് റൂഫിനും ഇടയിലായി 2000 ചതുരശ്രയടി സ്ഥലം അധികമായി ലഭിച്ചു എന്നതാണ് ഡൊമിനന്റ് റൂഫ് ഡിസൈൻകൊണ്ടുള്ള പ്രധാന നേട്ടം.

പഴയ വീടുകളിലെ തട്ടിൻപുറം പോലെ ബഹു വിധ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന ‘മൾട്ടി ഫങ്ഷ്നൽ സ്പേസ്’ ആയി ഇവിടം ഉപയോഗപ്പെടുത്താം.

വാട്ടർ ടാങ്ക്, തുണി ഉണങ്ങാനും തേയ്ക്കാനുമുള്ള സൗകര്യം, കുട്ടികൾക്ക് ടേബിൾ ടെന്നീസ് കളിക്കാനുള്ള സ്ഥലം തുടങ്ങിയവയൊക്കെ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. എന്തെങ്കിലും ചടങ്ങുകൾ നടക്കുമ്പോൾ ഇവിടം പാർട്ടി ഏരിയ ആയും പ്രയോജനപ്പെടുത്താം. കൂടുതൽ അതിഥികൾ എത്തിയാൽ കിടക്കാനുള്ള സൗകര്യവുമൊരുക്കാം.

വെളിച്ചം ഇഷ്ടം പോലെ

ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായതിനാൽ സൂര്യപ്രകാശം അധികം കടക്കാത്ത രീതിയിലുള്ള ചെറിയ ജനാലകളാണ് വീടിന്.  ചൂട് അരിച്ചു മാറ്റി വെളിച്ചം മാത്രം വീട്ടിനുള്ളിലേക്ക് കടത്തി വിടുന്ന ടെക്നിക്കാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്.

ട്രസ് റൂഫിൽ നൽകിയിരിക്കുന്ന വെന്റിലേഷനിലൂടെ സൂര്യപ്രകാശം ടെറസിൽ തട്ടിയ ശേഷം പ്രത്യേകമായി ഒരുക്കിയ ഫോൾസ് സീലിങ്ങിൽ തട്ടി പ്രതിഫലിച്ച് ഡബിൾ ഹൈറ്റിലുള്ള സ്റ്റെയർ ഏരിയയുടെ ചുമരിന്റെ മുകൾ ഭാഗത്ത് നൽകിയിരിക്കുന്ന വലിയ ജനാലകളിലൂടെ വീടിനുള്ളിലെത്തുകയാണ് ചെയ്യുന്നത്.

ഗൃഹനിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളുമായി സഹകരിക്കുമ്പോൾ ഒരു ആർക്കിടെക്ടിന്റെ ജോലി വീട് രൂപകല്പന ചെയ്യുക മാത്രമല്ല അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും അവരെ ബോധവത്‌കരിക്കുകയും കൂടിയാണെന്നും ദിലി പറഞ്ഞു വയ്ക്കുന്നു.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlight: budget home plan of Dr. A.S. Dili