സ്വപ്‌നവീടിനെക്കുറിച്ചു പറയുമ്പോഴും ചിലവിന്റെ കാര്യത്തില്‍ കൃത്യമായ ധാരണയുള്ളവരാണ് മിക്കയാളുകളും. ചിലവു കൂടുമ്പോള്‍ മാത്രമേ സൗകര്യങ്ങളും കൂടൂ എന്നു ചിന്തിക്കുന്നവരും കുറവല്ല. ബജറ്റിനുള്ളില്‍ നിന്നുകൊണ്ടു തന്നെ സൗകര്യങ്ങളില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത വീടാണ് തിരുവനന്തപുരത്തെ കടക്കാവൂരിലുള്ള കുഴിയില്‍ എന്ന വീട്.
1400 ചതുരശ്ര അടിയില്‍ ഇരുനിലയായി നിര്‍മിച്ച വീടിനായി പതിനെട്ടു ലക്ഷം രൂപയാണ് ചിലവായത്. നടരാജന്റെ ഉടമസ്ഥതയിലുള്ള വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത് എസ്ഡിസി ആര്‍ക്കിടെക്ട്‌സിലെ വൈശാഖ് ആണ്.
ചുരുങ്ങിയ ചിലവില്‍ നല്ല ഡിസൈനിലുള്ള വീട് വെക്കുക എന്നതായിരുന്നു നേരിട്ട പ്രധാന വെല്ലുവിളിയെന്ന് വൈശാഖ് പറയുന്നു. ഫുള്‍ വിന്‍ഡോകളാണ് വീടിന്റെ പ്രത്യേകത. പ്ലോട്ടിലുള്ള മരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് ലാന്‍ഡ്‌സ്‌കേപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ആറുസെന്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. മൂന്ന് ബെഡ്‌റൂം, ഡൈനിങ് ഹാള്‍, കിച്ചണ്‍, പൂജാമുറി ബാല്‍ക്കണി, ലിവിങ് സ്‌പേസ് തുടങ്ങിയവയാണ് വീട്ടിലുള്ളത്. കണ്ടംപററി സ്റ്റൈലില്‍ വ്യത്യസ്ത വലിപ്പത്തിലുള്ള ബോക്‌സുകളുടെ രൂപത്തിലാണ് എലിവേഷന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഓപ്പണ്‍ കണ്‍സപ്റ്റില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ചെറിയ സിറ്റ്ഔട്ട് കടന്നെത്തുന്നത് ഡ്രോയിങ് റൂമിലേക്കാണ്. അതിനോടു ചേര്‍ന്ന് പൂജാമുറി, കോര്‍ട്ട് യാര്‍ഡ് എന്നിവ കാണാം. ശേഷം ഡൈനിങ് ഹാളിലേക്കും അടുക്കളയിലേക്കും പ്രവേശനം. ഡൈനിങ് ഹാളിന്റെ ഇടതുവശത്ത് ഒരു ബെഡ്‌റൂം നല്‍കിയിട്ടുണ്ട്.
വ്യത്യസ്ത ലെവലുകളിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുമ്പുണ്ടായിരുന്ന വീട്ടിലെ ഒരു മുറി അതേപടി നിലനിര്‍ത്തിയാണ് പുതിയ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കോര്‍ട്ട് യാര്‍ഡിന് അടുത്തായാണ് സ്റ്റെയര്‍കെയ്‌സ് സ്ഥിതി ചെയ്യുന്നത്. ഉപയോഗ ശൂന്യമായ മരം ക്രോക്കറി യൂണിറ്റിലും സിറ്റിങ് സ്‌പേസിലും സ്റ്റെയര്‍കെയ്‌സിലുമെല്ലാം നല്‍കി ഉപയോഗപ്രദമാക്കിയിട്ടുണ്ട്.
ആദ്യത്തെ നിലയെ രണ്ട് ലെവലായിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്റ്റെയര്‍കെയ്‌സ് കടന്നെത്തുന്നത് ഒരു ഫാമിലി ലിവിങ് ഏരിയയിലേക്കാണ്. ഇവിടെ നിന്നും സ്റ്റെപ്പുകള്‍ കടന്നെത്തുന്നത് ഒന്നാം നിലയുടെ അടുത്ത ലെവലിലേക്കാണ്. ഇവിടെ ബെഡ്‌റൂമും ബാല്‍ക്കണിയുമാണുള്ളത്.
ജനലുകളെല്ലാം വലിയതായതുകൊണ്ട് ധാരാളം വായുവും വെളിച്ചവും ലഭിക്കും.അമിത ആഡംബരങ്ങളൊന്നുമില്ലാതെ ലളിതമായാണ് വീട്ടിലെ കിടപ്പുമുറികള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അത്യാവശ്യം വേണ്ട ലൈറ്റുകള്‍ മാത്രമാണ് വീട്ടില്‍ ഉപയോഗിച്ചത്, ഇതും ചെലവു കുറച്ചു.
പ്ലാസ്റ്ററിങ് കുറച്ചതും സിമന്റ് ബ്ലോക്‌സ് ഉപയോഗിച്ചതും പെയിന്റിങ് കുറച്ചതും ചുരുങ്ങിയ ചെലവിലുള്ള ടൈലുകള്‍ ഉപയോഗിച്ചതുമൊക്കെ ചെലവ് നന്നായി ചുരുക്കിയ ഘടകങ്ങളാണെന്ന് ഡിസൈനര്‍ പറയുന്നു.
Content Highlights: budget home in 18 lakhs my home