''വീടു വെക്കുന്ന കാര്യം ആലോചിച്ചപ്പോള്‍ തന്നെ അത് ഒറ്റനിലയായിരിക്കുമെന്ന് ഉറപ്പിച്ചിരുന്നു. ചിലവു കുറച്ച് എന്നാല്‍ ഭംഗിയൊട്ടും ചോരാത്ത വീടായിരുന്നു ലക്ഷ്യം.'' ഇരുപത്തിയാറു ലക്ഷം മാത്രം മുടക്കി വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ബിബിന്‍ ഭാസ്‌കര്‍. കോലഞ്ചേരി കടയിരിപ്പില്‍ ബിബിന്‍ ഉയര്‍ത്തിയ വീട് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ലളിതമാണ്.
1600സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീട് പതിനാല് സെന്റിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. പത്തുമാസത്തിനുള്ളില്‍ തന്നെ വീടു കെട്ടിപ്പൊക്കാനായെന്നു പറയുന്നു ബിബിന്‍. മൂന്നു ബെഡ്റൂം ആണ് വീട്ടിലുള്ളത്. അതില്‍ രണ്ടെണ്ണം ബാത് അറ്റാച്ച്ഡ് ആണ്. സിറ്റൗട്ടില്‍ നിന്നു കയറിച്ചെല്ലുന്ന ഡ്രോയിങ് റൂമിന്റെ ഇടതുവശത്താണ് ഒരു ബെഡ്റൂം ഉള്ളത്. വലതുവശത്തായി അറ്റാച്ച്ഡ് ബാത്റൂം ഉള്ള ബെഡ്റൂമും ഉണ്ട്. ഡ്രോയിങ് റൂമില്‍ നിന്നു തന്നെ കയറിച്ചെല്ലാന്‍ പാകത്തില്‍ മറ്റൊരു ബാത് അറ്റാച്ച്ഡ് ബെഡ്റൂമും കാണാം. ഡ്രോയിങ് റൂമില്‍ നിന്നു വലതുവശത്തേക്ക് ഡൈനിങ് ഏരിയയും അവിടെ നിന്നും കയറിച്ചെല്ലുന്നത് കിച്ചണിലേക്കുമാണ്. കിച്ചണിന്റെ വലതുവശത്തായി വര്‍ക്ക് ഏരിയയും അതിനപ്പുറത്തായി ടോയ്ലറ്റും കാണാം
കജാരിയ ഡബിള്‍ ചാര്‍ജ്ഡ് പോളിഷ്ഡ് ടൈല്‍ ആണ് നിലത്തു പാകിയിരിക്കുന്നത്. കടുത്ത നിറങ്ങളുടെ അതിഭാവുകത്വമില്ലാതെ വൈറ്റ് & ഗ്രേ നിറത്തിലുള്ള പെയിന്റ് വീടിന്റെ ലാളിത്യം കൂട്ടുന്നു.
ഒരു നിലയില്‍ മതി വീടെന്നു തീരുമാനിച്ചതിനു പിന്നില്‍ ചിലവു മാത്രമല്ല, രണ്ടാംനില കെട്ടിയാലും പലരും അതുപയോഗിക്കുന്നില്ലെന്ന യാഥാര്‍ഥ്യം കൂടിയുണ്ടെന്നും ബിബിന്‍ പറയുന്നു. മെറ്റീരിയല്‍സ് എല്ലാം എടുത്തുകൊടുത്തു കോണ്‍ട്രാക്റ്റ് ആയാണ് പണികഴിപ്പിച്ചത്. വുഡ് വര്‍ക്ക് എല്ലാം നാട്ടിലുള്ളവരെ തന്നെയാണ് ഏല്‍പ്പിച്ചത്. പ്ലോട്ടില്‍ നിന്നുതന്നെ ആവശ്യത്തിനു തടികിട്ടിയിരുന്നു, ബാക്കി കുറച്ചു വാങ്ങുകയും ചെയ്തു.- ബിബിന്‍ പറയുന്നു.
ഇന്റീരിയര്‍ ഡിസൈനിങ് ചെയ്തതും ബിബിനും ഭാര്യയും ചേര്‍ന്നാണ്. തങ്ങള്‍ക്കിഷ്ടമാകുന്നവ സിലക്ട് ചെയ്ത് ഓണ്‍ലൈന്‍ പര്‍ച്ചേസിലൂടെയാണ് ഇന്റീരിയര്‍ ഡിസൈനിങ്ങിനു വേണ്ട ഭൂരിഭാഗവും തിരഞ്ഞെടുത്തത്. അതുവഴി ചിലവ് ഏറെ കുറയ്ക്കാന്‍ കഴിഞ്ഞുവെന്നു പറയുന്നു ബിബിന്‍. ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കുമ്പോഴും ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പിനേഷനു പ്രാധാന്യം നല്‍കി.
ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ബിബിന്റെ ഭാര്യ നിഷ ടാക്സ് കണ്‍സല്‍ട്ടന്റ് ഓഫീസിലാണ് ജോലി ചെയ്യുന്നത്. എല്‍കെജിയില്‍ പഠിക്കുന്ന ഇനികയാണ് മകള്‍.
Content highlights: Budget home