ലക്ഷങ്ങള്‍ ഗൃഹനിര്‍മാണ രംഗത്ത് സര്‍വ്വസാധാരണമാകുന്ന കാലത്ത് വെറും അഞ്ച് ലക്ഷം രൂപ ചിലവില്‍ ഒരു വീട് പണിതെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കും അവിശ്വസനീയത തോന്നാം. അതെ ലക്ഷങ്ങളുടെ കടക്കെണി വരുത്തിവയ്ക്കാതെ വളരെ സുഗമമായി ആര്‍ക്കും നിര്‍മിക്കാവുന്ന വീട്.
അഞ്ച് ലക്ഷം രൂപയല്ലേ.. തട്ടികൂട്ട് പരിപാടിയാകും ഈ വീടെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ തെറ്റി. കവിത പോലെ ഒരു വീട്.. കണ്ടമ്പററി യുഗത്തില്‍, കോണ്‍ക്രീറ്റ് ശില്‍പ്പങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നമുക്ക് ഈ വീടൊരു അത്ഭുതമാകും... മനസിനെ കുളിരണിയിക്കും, ഈ വീട്ടില്‍ താമസിക്കണമെന്നു തോന്നും.
തൃശ്ശൂര്‍ ജില്ലയിലെ പടിയൂര്‍ പോത്താനി സ്വദേശിയായ സന്ദീപ് പോത്താനിയാണ് ഈ വീട് രൂപകല്‍പ്പന ചെയ്തത്. ഗൃഹനാഥന്‍ കൂടിയായ സന്ദീപ് സ്വന്തമായി വീട് നിര്‍മിച്ചപ്പോള്‍ അത് കേരളത്തിന്റെ ഭൂപ്രകൃതിയ്ക്ക് ഒത്തിണങ്ങുന്നതാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. സന്ദീപിന്റെ മനസിലെ ഇഷ്ടങ്ങള്‍ ഈ വീട്ടില്‍ അതേ പോലെ കാണാന്‍.
900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട്ടില്‍ രണ്ട് കിടപ്പുമുറികള്‍, രണ്ട് ബാത്ത് റൂം, ഒരു ഹാള്‍, എന്നിവയാണുള്ളത്. ഹാളിനുള്ളില്‍ മറ്റൊരു ഓപ്പണ്‍ കിച്ചണ്‍ കൂടി ക്രമീകരിച്ചിട്ടുണ്ട്. വീടിന്റെ മൂന്ന് ഭാഗത്തുമുള്ള നീളന്‍ വരാന്തയാണ് ഈ വീടിന്റെ മുഖ്യ ആകര്‍ഷണം.
3 അടി പൊക്കത്തില്‍ കരിങ്കല്ല് ഉപയോഗിച്ച് തറകെട്ടി ഫൗണ്ടേഷനും ബേസ്‌മെന്റും ചെയ്തിട്ടുണ്ട്. ഇഷ്ടികയും ഹോളോബ്രിക്‌സുമാണ് ചുമര്‍ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എട്ടുവണ്ണത്തില്‍ ഉള്ളു പൊള്ളയായ നിര്‍മ്മിതി മാതൃകയിലാണ് ചുവരുകള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്.
മേല്‍ക്കൂരയ്ക്ക് ഓട് ഉപയോഗിച്ചപ്പോള്‍, ഫ്‌ളോറിങ്ങിന് തറയോടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വീടിനുള്ളില്‍ തണുപ്പ് നിലനിര്‍ത്തുന്നതില്‍ ഇവയ്ക്ക് വലിയ പങ്കുണ്ട്.
ചെലവു കുറയ്ക്കാനായി പരമാവധി പഴയ സാധനങ്ങള്‍ വീണ്ടും ഉപയോഗിച്ചാണ് വീടിന്റെ നിര്‍മാണം. ഇന്റീരിയര്‍ നിര്‍മാണവും ചിലവ് ചുരുക്കിയാണ്. മുളയും കയറുമൊക്കെയാണ് വീടിന്റെ ഇന്റീരിയര്‍ മോടിപിടിപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്നത്.
പ്രൊജക്ട് ഡിസൈന്‍: സന്ദീപ് പോത്താനി ph: 9745043009
Content Highlight: 5 lakhs Low budget home in kerala