നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും പുതിയ വെബ് സീരീസുകളിലൊന്നായ ദ ഇറെഗുലേഴ്‌സ് ശ്രദ്ധനേടുന്നു. ആര്‍തര്‍ കോനാന്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസ് കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഷെര്‍ലക് ഹോംസും ഡോക്ടര്‍ വാട്സണും ഒരു കൂട്ടം യുവാക്കളുമാണ് കേന്ദ്രകഥാപാത്രങ്ങള്‍.

ലണ്ടനിലെ തെരുവുകളില്‍ നിന്ന് കൊച്ചു കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നു. വിക്ടോറിയന്‍ ലണ്ടനിലെ തെരുവില്‍ താമസിക്കുന്ന ഒരു കൂട്ടം യുവാക്കളെ അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടര്‍ വാട്‌സണ്‍ ജോലിക്കെടുക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സീരീസിന്റെ പ്രമേയം. കുട്ടികളുടെ തിരോധാനത്തില്‍ അതീന്ദ്രിയ ശക്തികള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ? ആരാണ് ഇതിനെല്ലാം പിറകില്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങൾ വെബ് സീരീസിലുണ്ട്. 

ഹെൻ​റി ലോയ്ഡ് ഹ്യൂ‌സാണ് ഷെര്‍ലക് ഹോംസിനെ അവതരിപ്പിക്കുന്നത്. റോയ്‌സ് പിറ്റേഴ്‌സണ്‍ വാട്സണായി എത്തുന്നു. ക്ലാര്‍ക്ക് പീറ്റേഴ്‌സ്, തടേയ ഗ്രഹാം, ഡാര്‍സി ഷോ, ജോജോ മക്കാറി, മക്കല്‍ ഡേവിഡ്, ഹാരിസണ്‍ ഓസ്റ്റര്‍ ഫീല്‍ഡ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 

മാര്‍ച്ച് 26 നാണ് സീരീസ് സംപ്രേഷണം തുടങ്ങിയത്. ടോം ബിഡ്​വെല്ലിന്റെ ആശയത്തില്‍ ഡ്രാമ റിപ്പബ്ലിക്കാണ് നിര്‍മാണം. 

Content Highlights: The Irregulars web series on Netflix, Dr Watson, Sherlock Holmes, crime drama series