മുംബൈ: താണ്ഡവ് വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദം പുകയുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് മുംബൈയിലെത്തി. ആമസോണ്‍ പ്രൈം മേധാവി അപര്‍ണ പുരോഹിത്, സംവിധായകന്‍ അലി അബ്ബാസ് സഫര്‍, നിര്‍മാതാവ് ഹിമാന്‍ഷു കിഷന്‍ മെഹ്‌റ, തിരക്കഥാകൃത്ത് ഗൗരവ് സൊളാങ്കി എന്നിവരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് യു.പി പോലീസ് മുംബൈയിലെത്തിയത്. 

വെബ് സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ ഉത്തര്‍പ്രദേശില്‍ കേസെടുത്തിട്ടുണ്ട്. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്റ്റേഷനിലെ തന്നെ എസ്ഐയുടെ പരാതിയിലാണ് കേസ്. മതസ്പര്‍ധ ഉണ്ടാക്കി, ആരാധനാലയത്തെ അപകീര്‍ത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി എഫ്.ഐ.ആറിന്റെ പതിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ വികാരത്തെ തൊട്ടുകളിക്കാന്‍ ശ്രമിക്കാന്‍ അത് പൊറുക്കില്ല- എന്നാണ് ത്രിപാഠി ഇതോടൊപ്പം കുറിച്ചത്. മധ്യപ്രദേശ് സര്‍ക്കാറും വെബ് സീരീസിനെതിരേ പരാതി നല്‍കി. ആര്‍ക്കും മറ്റുള്ളവരുടെ വിശ്വാസങ്ങളെ മുറിപ്പെടുത്താനുള്ള അധികാരമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ പറഞ്ഞു.

ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപിച്ച് രാഷട്രീയ നേതാക്കളുള്‍പ്പെടെ ഒട്ടനവധിയാളുകളാണ് താണ്ഡവിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെയാണ് മഹാരാഷ്ട്ര സര്‍ക്കാന്‍ സീരീസില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സെയ്ഫ് അലി ഖാന് പ്രത്യേക സുരക്ഷ നല്‍കാന്‍ തീരുമാനിച്ചു.

പ്രതിഷേധം ശക്തമായതോടെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഈ ഖേദപ്രകടനം കൊണ്ടു മാത്രം കാര്യമില്ല എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ജയിലില്‍ അടയ്ക്കണമെന്നും അതുവരെ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. വിവാദരംഗങ്ങള്‍ നീക്കം ചെയ്യാനും വെബ് സീരീസില്‍ മാറ്റം വരുത്താനുമുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകരെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Tandav controversy, UP Police team reaches Mumbai to question web series makers