ലോകം മുഴുവന്‍ ആരാധകരുള്ള സ്പാനിഷ് വെബ് സീരിസാണ് മണി ഹീസ്റ്റ്. നാലു ഭാഗങ്ങളായി ഇറങ്ങിയ നെറ്റ്ഫ്ലിക്സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് അലക്‌സ് റോഡ്രിഗോയാണ്. സീരീസിന്റെ അടുത്ത സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോള്‍.

ഇതിനിടെ പാകിസ്താനിൽ നിന്ന് മണിഹീസ്റ്റിന് ഒരു അപരൻ രം​ഗത്തെത്താൻ പോവുകയാണ്. 50 ക്രോർ എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ ടീസർ പാകിസ്താനി നടൻ ഐജാസ് അസ്ലം കഴിഞ്ഞ ദിവസം ട്വീറ്ററിൽ പങ്കുവച്ചിരുന്നു. മണിഹീസ്റ്റിന്റെ കെട്ടും മട്ടുമായി ഒട്ടേറെ സാമ്യമുള്ള 50 ക്രോറിന്റെ ടീസറും പോസ്റ്ററുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളും മീമുകളും ‌ വാരിക്കൂട്ടുകയാണ്.

മണിഹീസ്റ്റിലേത് പോലെ 50 ക്രോറിലെ കഥാപാത്രങ്ങൾ‌ക്കും പാകിസ്താനിലെ ഓരോ ന​ഗരത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. ഐജാസ് അസ്ലം ഫൈസൽ ഖുറേഷി, ഒമർ ഷഹ്സാദ്, നവീദ് റാസ, ആസാദ് സിദ്ധിഖി, ഫർയാൽ മെഹ്മൂദ്, സാബൂർ അലി, നോമാൻ ഹബീബ്, ഷലായ് സർഹാ​ദി എന്നിവരാണ് സീരീസിലെ അഭിനേതാക്കൾ.

ഫൈസൽ ഖുറേഷി അവതരിപ്പിക്കുന്ന ചീഫ് എന്ന കഥാപാത്രത്തിന്റെ ടീമിലെ അം​ഗങ്ങളാണ് ബാക്കിയുള്ളവർ‌.. മീമുകളും ട്രോളുകളും റെക്കോർഡിട്ടതോടെ ഐജാസ് മറ്റൊരു വീഡിയോ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്.  സീരീസിനായി പത്ത് ദിവസം കൂടി കാത്തിരിക്കണമെന്നും കണ്ടതിന് ശേഷം മാത്രം വിലയിരുത്തലുകൾ നടത്തണമെന്നും അഭ്യർഥിച്ചാണ് ഐജാസിന്റെ ട്വീറ്റ്. 

 

ഒരു ബാങ്ക് കൊള്ളയുടെ കഥയുമായി വന്നു പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് വന്‍ ഹിറ്റായി മാറിയ സ്പാനിഷ് സീരീസാണ് ലാ കാസ ഡി പാപ്പേല്‍ എന്ന മണി ഹീസ്റ്റ്. സ്പാനിഷ് ചാനലായ ആന്റിന 3യിലൂടെയാണ് 2017 മെയ് രണ്ടിനാണ് മണി ഹീസ്റ്റ് ആദ്യമായി പ്രക്ഷേപണം ചെയ്യുന്നത്. പിന്നീട് മണി ഹീസ്റ്റിന്റെ ജനകീയത കണ്ട് നെറ്റ്ഫ്ലിക്സ് അന്താരാഷ്ട്ര വിതരണാവകാശം ഏറ്റെടുക്കുകയായിരുന്നു. 

2017 ഡിസംബര്‍ 25 ന് നെറ്റ്ഫ്ലിക്സ് അതിന്റെ അന്തര്‍ദേശീയ കാറ്റലോഗില്‍ ഈ പരമ്പര ഉള്‍പ്പെടുത്തി.നെറ്റ് ഫ്‌ളിക്‌സ് ഏറ്റെടുത്തതിന് ശേഷം ആദ്യ സീസണ്‍ 13 എപ്പിസോഡായും രണ്ടാമത്തെ സീസണ്‍ 9 എപിസോഡായും ആകെ 22 എപിസോഡ് ആക്കി മാറ്റി. എട്ട് എപ്പിസോഡുകളുമായി മൂന്നാം സീസണ്‍ 19 ജൂലൈ 2019 ന് റിലീസ് ചെയ്തിരുന്നു. ഉര്‍സുല കോര്‍ബേറോ, അല്‍വാരോ മോര്‍ട്ടെ, പാക്കോ ടൗസ്, ആല്‍ബ ഫ്‌ലോറെസ് എന്നീ അഭിനേതാക്കളുടെ അസാമാന്യ പ്രകടനമാണ് മണി ഹീസ്റ്റിന്റെ വന്‍ ഹിറ്റാക്കി മാറ്റിയത്. 

Content Highlights : Pakistani Money Heist Titled 50 Crore Trolls and Memes