ഗൂ​ഗിൾ ഇന്ത്യയുടെ 'ഇയർ ഇൻ സെർച്ച്' പട്ടികയിൽ വെബ് സീരീസ് വിഭാ​ഗത്തിൽ സ്പാനിഷ് സീരീസ് മണി ഹീസ്റ്റ് ഒന്നാമത്. ഹൻസൽ മെഹ്തയുടെ സ്കാം 1992 വിനാണ് രണ്ടാം സ്ഥാനം. മിർസാപൂർ 2, പാതാൾ ലോക്, സെക്സ് എജുക്കേഷൻ, ബ്രീത്ത്, ഡാർക്ക് തുടങ്ങിയവയ്ക്കാണ് യഥാക്രമം മൂന്നും നാലും അഞ്ചും ആറും എഴും സ്ഥാനങ്ങൾ. 

സ്പാനിഷ് വെബ് സീരീസായ മണി ഹീസ്റ്റിന് ലോകമൊട്ടാകെ ആരാധകരുണ്ട്. 'ലാ കാസ ഡി പാപ്പൽ' എന്ന പേരിൽ 2017 മെയ് മുതൽ നവംബർ വരെ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷൻ ചാനലിലാണ് ആദ്യം മണി ഹീസ്റ്റ് സംപ്രേഷണം ചെയ്തത്. എന്നാൽ അത് വലിയ പരാജയമായി. എന്നാൽ നെറ്റ്ഫ്‌ളിക്സ് സീരിസ് ഏറ്റെടുത്ത്‌ 15 എപ്പിസോഡുകളെ റീ എഡിറ്റ് ചെയ്ത് 22 എപ്പിസോഡുകളാക്കി മാറ്റി. ശേഷം രണ്ടു സീസണുകളിലായി 13, 9 എന്ന ക്രമത്തിൽ എപ്പിസോഡുകൾ പുറത്തുവിട്ടു. വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറുകയായിരുന്നു. സീസൺ 5 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പായ ഓഹരി കുംഭകോണമാണ് സ്‌കാം1992 ന്റെ പ്രമേയം. പി.വി നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെയാണ് സംഭവം നടന്നത്. ഹർഷദ് മേത്തയാണ് കഥയിലെ നായകൻ. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക കുറ്റവാളികളിൽ ഒരാളാണ് ഹർഷദ് മേത്ത. ഹർഷദിന്റെ വളർച്ചയും തകർച്ചയുമാണ് സീരിസിൽ അവതരിപ്പിക്കുന്നത്. 

മിർസാപൂർ പട്ടണത്തിന്റെ പശ്ചാത്തത്തിൽ കഥ പറയുന്ന ഒരു ക്രെെം ആക്ഷൻ ത്രില്ലറാണ് മിർസാപൂർ 2. ഇതിന്റെ ആദ്യ പതിപ്പ് വലിയ ഹിറ്റായിരുന്നു. മയക്കു മരുന്നു കച്ചടവും ​ഗാങ് വാറും അക്രമവും രാഷ്ട്രീയവുമെല്ലാം ചർച്ചയാകുന്നു. കരൺ അൻഷുമാർ, ശുമ്റീത് സിം​ഗ്, മിഹിർ ദേശായി എന്നിവരാണ് സംവിധായകർ.

Content Highlights: Money Heist tops in Google India Year in Search list, scam 1992, Mirzapur, Paathal Lok