രു കാലത്ത് ഇന്ത്യയിലും യൂറോപ്പിലും മരണത്തിന്റെ ഭീതി വിതച്ച ചാള്‍സ് ശോഭരാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'ദ സെര്‍പന്റ്' എന്ന വെബ് സീരീസ് ശ്രദ്ധ നേടുന്നു. ടോം ഷാങ്ക്‌ലാന്‍ഡ്, ഹാന്‍സ് ഹെര്‍ബോട്ട്‌സ് എന്നിവര്‍ സംവിധാനം ചെയ്ത ഈ വെബ്‌സീരീസ് 8 എപ്പിസോഡുകളായാണ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തിരിക്കുന്നത്. തഹര്‍ റഹിം, ജെന്ന കോള്‍മാന്‍, അമേഷ് എഡീശ്വര, ബില്ലി ഹൗലെ എന്നിവരാണ് സീരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ആരാണ് ചാള്‍സ് ശോഭരാജ്?

വിയറ്റ്നാമിലെ സൈഗോണില്‍ ഇന്ത്യക്കാരനായ പിതാവിന്റെയും വിയറ്റ്നാമുകാരിയായ മാതാവിന്റെയും മകനായി 1944ല്‍ ആയിരുന്നു ചാള്‍സ് ശോഭരാജിന്റെ ജനനം. സൈഗോണിലെ തെരുവുകളിലായിരുന്നു ശോഭരാജിന്റെ ബാല്യകാലം. എന്നാല്‍, അമ്മ ഒരു ഫ്രഞ്ച് ആര്‍മി ഓഫീസറെ വിവാഹം കഴിച്ചതോടെ അയാളുടെ ജീവിതം അപ്പാടെ മാറി. അവര്‍ പാരീസിലേക്ക് കൂടുമാറി. അമ്മ ശോഭരാജിനെ ഒരു ഫ്രഞ്ച് ബോര്‍ഡിംഗ് സ്‌കൂളില്‍ ചേര്‍ത്തു. സ്‌കൂളില്‍നിന്നു പുറത്തിറങ്ങിയ ശോഭരാജ് തന്റെ കുറ്റകൃത്യ ജീവിതത്തിനു തുടക്കമിടുകയാണ് ചെയ്തത്.

1960-കളുടെ തുടക്കത്തില്‍ മോഷണക്കേസുകളില്‍ പലവട്ടം പോലീസ് ശോഭരാജിനെ അറസ്റ്റു ചെയ്തു. ചാന്റല്‍ കോംപാഗ്‌നോണ്‍ എന്ന ഫ്രഞ്ചുകാരിയുമായുള്ള വിവാഹശേഷം ശോഭരാജ് ഒരു പുതിയ മനുഷ്യനാവാന്‍ ശ്രമിച്ചു. എന്നാല്‍, അങ്ങനെ മാറാന്‍ ശോഭരാജിനാവുമായിരുന്നില്ല. മോഷണവും കള്ളക്കടത്തും തുടര്‍ന്നു. ഒടുവില്‍ ഫ്രഞ്ചുകാരിയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച ശോഭരാജ് മേരി ആന്‍ഡ്രീ ലെക്ലെര്‍ക്ക് എന്ന കനേഡിയന്‍ യുവതിയുമായി പരിചയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു.

1970-കളിലാണ് ശോഭരാജ് യൂറോപ്പില്‍ മരണത്തിന്റെ ഭീതിവിതച്ചത്. 1972-നും 1976-നും ഇടയില്‍ ശോഭരാജ് കൊന്നുതള്ളിയത് രണ്ടു ഡസന്‍ മനുഷ്യരെയാണ്. ആദ്യകാലത്ത് ബിക്കിനി കില്ലര്‍ എന്നായിരുന്ന ശോഭരാജിന്റെ അപരനാമം. ക്രൂരമായ കൊലപാതകങ്ങള്‍ വഞ്ചകന്‍, സാത്താന്‍ തുടങ്ങിയ അര്‍ഥം വരുന്ന 'ദി സെര്‍പന്റ്'. എന്ന പേരും ശോഭാരാജിനു ചാര്‍ത്തിനല്‍കി. 1976-ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാകുന്നത്. എന്നാല്‍, അന്ന് ശോഭാരാജ് സമര്‍ഥമായി ജയില്‍ചാടി.

അതിനുശേഷം പല രാജ്യങ്ങളില്‍ യാത്ര ചെയ്ത് പല ഭാഷകളിലും പ്രാവീണ്യം നേടി. ഇക്കാലളവില്‍ തന്റെ തട്ടിപ്പുപരിപാടികള്‍ ദക്ഷിണേഷ്യയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ ഇന്ത്യന്‍ പോലീസ് കുറ്റം ചുമത്തി. ഒടുവില്‍ ഇത് ശോഭരാജിന്റെ അറസ്റ്റിലേക്കു നയിച്ചു. എന്നാല്‍, 1986-ല്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍നിന്നു ശോഭരാജ് സമര്‍ഥമായി രക്ഷപ്പെട്ടു. എന്നാല്‍, ഒരുമാസത്തിനു ശേഷം പിടിയിലായി.

ജയില്‍ ചാടിയതിന്റെ ശിക്ഷകള്‍ കൂടി അനുഭവിച്ച ശേഷം 1997-ല്‍ ശോഭരാജ് പുറത്തിറങ്ങുന്നത്. തുടര്‍ന്ന് പാരീസിലേക്കു പോയ ഇയാള്‍ അവിടെ ആഡംബര ജീവിതം നയിച്ചു. ഈ സ്വാതന്ത്ര്യം അധികം നീണ്ടു നിന്നില്ല 2003-ല്‍ ശോഭരാജ് നേപ്പാളില്‍വച്ച് അറസ്റ്റു ചെയ്യപ്പെട്ടു. 1975-ല്‍ കോണി ജോ ബ്രോണ്‍സിച്ച് എന്ന അമേരിക്കക്കാരനെ കൊന്ന കേസിലായിരുന്നു അത്. ആ കേസില്‍ ജീവപര്യന്തം ലഭിക്കുകയും ചെയ്തു. 2004-ല്‍ ജയില്‍ ചാടാന്‍ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.

ശോഭരാജിന്റെ അപ്പീല്‍ തള്ളുകയും ചെയ്തു. 2008-ല്‍ ശോഭരാജ് നേപ്പാളി വനിത നിഹിത ബിശ്വാസുമായുള്ള വിവാഹം പ്രഖ്യാപിച്ചു. അമേരിക്കന്‍ കണ്ടക്ടര്‍ ഡേവിഡ് വുഡാര്‍ഡ് ദി ഹിമാലയന്‍ ടൈംസിന് അയച്ച കത്തിലാണ് ഈ ബന്ധത്തിന്റെ ആധികാരികത സ്ഥിരീകരിച്ചത്. വൈകാതെ ബ്രോണ്‍സിച്ചിന്റെ സുഹൃത്തായിരുന്ന ലോറന്റ് കാരിയര്‍ എന്ന കനേഡിയനെ കൊന്ന കുറ്റത്തിന് ചാള്‍സ് ശോഭരാജിന് വിചാരണ നേരിടേണ്ടി വന്നു. ഇപ്പോള്‍ നേപ്പിളിലെ ജയിലില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഇയാള്‍.

Charles Sobhraj life stories web series The Serpent Netflix In India
ചാള്‍സ് ശോഭരാജിനെ വിചാരണയ്ക്കായി കോടതിയിലേക്ക് കൊണ്ടുപോകുന്നു.

Content Highlights: Charles Sobhraj life stories web series The Serpent  Netflix In India