ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് വീണ നായര്‍. റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ മത്സരാര്‍ത്ഥി കൂടിയായ വീണയ്ക്കും കുടുംബത്തിനും നേരെ ഇപ്പോള്‍ സൈബര്‍ ആക്രമണം  വീണയുടെ ഭര്‍ത്താവും ആര്‍ ജെ യുമായ അമന്‍,. വീണയുടെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷോയില്‍ പങ്കെടുത്തതിന്റെ പേരില്‍ തങ്ങളുടെ കുടുംബത്തിന് നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് അമന്‍ വെളിപ്പെടുത്തിയത് 

അമന്റെ കുറിപ്പ് വായിക്കാം 

എല്ലാവര്‍ക്കും നമസ്‌ക്കാരം....

ആദ്യമേ പറയട്ടെ, ഈ പേജിന്റെ അഡ്മിനില്‍ ഒരാളാണ് എഴുതുന്നത്. അഡ്മിനില്‍ ഉപരി വീണയുടെ ഭര്‍ത്താവാണ് ഞാന്‍. ബിഗ് ബോസ്സ് ഭാഷയില്‍ പറഞ്ഞാല്‍ വീണയുടെ 'കണ്ണേട്ടന്‍'. ആത്മാര്‍ത്ഥമായും, സ്‌നേഹത്തോടെയും, പരിഹാസത്തോടെയും പിന്നെ ഇങ്ങനൊന്നും അല്ലാതെ വള്ളിയും പുള്ളിയും കുനിപ്പും ഇട്ട് ആ പേരെന്നെ ഒരുപാട് ആള്‍ക്കാര്‍ വിളിച്ചു. ചിലത് സ്വീകരിച്ചു ചിലത് നിരസിച്ചു. കൂടുതലായി വിളി വന്നത് 2 ആഴ്ച്ച മുന്നേ ആയിരുന്നു. ഒരു വ്യാഴാഴ്ച. ഈ പേജിലെ രണ്ടു വോട്ട്  അഭ്യര്‍ത്ഥന പോസ്റ്റുകളിലെ കമന്റുകള്‍ കണ്ട് എന്റെ സുഹൃത്തുക്കളുടെ വിളി വന്നപ്പോഴാണ് ന്റെ പൊന്ന് സാറെ ചുറ്റും നടക്കുന്നത് ഞാനും അറിഞ്ഞത്. അപ്പൊ തന്നെ പോസ്റ്റും ഡിലീറ്റ്  ചെയ്ത് ഞാനും ഈ പേജിന്റെ അഡ്മിന്‍ ആകാന്‍ തീരുമാനിച്ചു. ഇതുവരെ വീണയുടെ പ്രൊഫഷണല്‍ കാര്യങ്ങളില്‍ ഞാന്‍ ഇടപെട്ടിട്ടില്ല.

ഇതിപ്പോ അവള്‍ക്ക് മാനസികമായ സപ്പോര്‍ട്ട് വേണം എന്ന് മനസ്സായിലായപ്പോള്‍, ബിഗ് ബോസ് വീട്ടില്‍ നിന്ന് തിരികെ ഞങ്ങളുടെ കുഞ്ഞു ജീവിതത്തിലേക്ക് വരേണ്ട പെണ്ണാണ് അവള്‍ എന്ന ഉത്തമ ബോധ്യത്തോടെ, ഈ പേജില്‍ വരുന്ന മെസ്സേജുകള്‍ക്കു ( ചിലതിന് ) മറുപടി നല്‍കി തുടങ്ങി. ആ മെസ്സേജുകളില്‍ വീണക്ക് മാത്രമല്ല അസഭ്യവര്‍ഷം. എന്റെ കുടുംബത്തിനും. എന്തിന് 3 വയസ്സ് പ്രായമുള്ള ഞങ്ങളുടെ കുഞ്ഞിന് വരെ മെസേജ് (അല്പം മനോവിഷമം ഉണ്ടായത് അവിടെ മാത്രമാണ്). അങ്ങനെ ഈ പേജിന്റെ ഇന്‍ബോക്‌സ്  നിറഞ്ഞു. സാവധാനം പലരുടെയും അമര്‍ഷം കെട്ടടങ്ങി. ചിലര്‍ സഹതപിച്ചു. വെല്ലുവിളികള്‍ അവസാനിച്ചു.

ദാ... ഇന്ന് 50 ദിവസം തികഞ്ഞു. ആദ്യ ദിവസങ്ങളിലെ വീണയുടെ കരച്ചില്‍ കണ്ടു ഞാന്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചു അവള്‍ തിരിച്ചു വന്നിരുന്നെങ്കില്‍ എന്ന്. പിന്നെ കരഞ്ഞപ്പോള്‍, ഡീ എന്ത് വന്നാലും നീ കരയരുതേ എന്ന് ആത്മഗതം. ഇപ്പോള്‍ കളികള്‍ അവളും മനസ്സിലാക്കുന്നു എന്ന് എല്ലാരേം പോലെ എന്റെയും മനസ്സ് പറയുന്നു. തുടര്‍ന്നും അങ്ങനെ ആവട്ടെ. ഈ 50 ദിവസം പിന്നിട്ടത് നിങ്ങളുടെ ഓരോരുത്തരുടേം വിലയിരുത്തല്‍/സ്‌നേഹം കാരണം ആണ്. ദിവസേന അയക്കുന്ന വോട്ട്, അത് ഒന്നായാലും 50 ആയാലും നിങ്ങള്‍ മനസ്സറിഞ്ഞു നല്‍കിയതാണ്. ഈ സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.. തുടര്‍ന്നും നിങ്ങളുടെ മനസ്സില്‍ ഈ ഗെയിമി ലൂടെ അവള്‍ക്കു സ്ഥാനം ഉണ്ടെങ്കില്‍ വോട്ട്  ചെയ്യാന്‍ മറക്കരുതേ. ഒപ്പം വീണയുടെ കൂടെയുള്ള മറ്റു മത്സരാര്‍ത്ഥികള്‍ക്ക് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഹൃദയം നിറഞ്ഞ ആശംസകളും നേരുന്നു.

പിന്നെ ഒരു മത്സരത്തിലൂടെ മാത്രം ഒരാളെ വിലയിരുത്തരുതേ എന്ന് അപേക്ഷ . അതുപോലെ ഒരു ലാഭേച്ഛയും കൂടാതെ ആദ്യ ദിവസം മുതല്‍ ഇന്ന് വരെ കട്ടക്ക് കൂടെ നിന്ന കുറച്ചു പേരുണ്ട്, ഇതുവരെ നേരില്‍ കണ്ടിട്ട് പോലും ഇല്ലാത്തവര്‍. വീണ തിരിച്ചു വരുന്ന ദിവസം ആ പേരുകള്‍ വെളിപ്പെടുത്തും.

ഒരായിരം നന്ദി 
എന്ന്,

വീണയുടെ 'കണ്ണേട്ടന്‍ '

Veena nair

Content highlights : Veena Nair Husband RJ Aman Veena Big Boss Season 2