കുറച്ച് നാളുകള്‍ക്ക് മുന്‍പ് സീരിയല്‍ താരം ശരണ്യ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയായ വിവരം വലിയ ചര്‍ച്ചയായിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം തന്റെ നിലമെച്ചപ്പെട്ട വിവരം ശരണ്യ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും രോഗം ശരണ്യയെ പിടികൂടിയെന്നും അവരുടെ അവസ്ഥ ദയനീയമാണെന്നും പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനായ സൂരജ് പാലാക്കാരന്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ശരണ്യയുടെ അവസ്ഥയെക്കുറിച്ച് പങ്കുവച്ചത്. വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് നടി കടന്നുപോകുന്നതെന്നും സുമനസ്സുകള്‍ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നു. 

നടി സീമ ജി. നായരും ശരണ്യയുടെ അവസ്ഥയെക്കുറിച്ച് ദൃശ്യങ്ങളില്‍ വിവരിക്കുന്നുണ്ട്. 

'താരപ്രഭയില്‍ കൂടെ നില്‍ക്കാന്‍ കലാകാരന്‍മാര്‍ക്കൊപ്പം ഒരുപാട് പേര്‍ ഉണ്ടാകും. എന്നാല്‍ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാന്‍ പോലും പിന്നീട് ആരും വന്നെന്ന് വരില്ല. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ  എന്തെന്ന് ഞാന്‍ വിഡിയോയില്‍ കാണിക്കാത്തതിന്റെ കാരണം പറയാം. ഒരു കലാകാരന്‍ അല്ലെങ്കില്‍ കലാകാരി തളര്‍ന്നുകിടക്കുന്ന അവസ്ഥ വളരെ പരിതാപകരമാണ്- സൂരജ് പറയുന്നു.

'ശരണ്യയ്ക്ക് ആറുവര്‍ഷം മുമ്പ് ട്യൂമര്‍ വന്നിരുന്നു. അന്നൊക്കെ കലാരംഗത്തുള്ളവര്‍ സഹായിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഓരോ വര്‍ഷവും ട്യൂമര്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുകയും, ഓരോ തവണയും ആശുപത്രിയില്‍ എത്തി ശസ്ത്രക്രിയ ചെയ്യുകയുമാണ് പതിവ്. ശരണ്യക്ക് ഏഴ് മാസം മുമ്പാണ് അവസാനമായി ശസ്ത്രിക്രിയ നടത്തിയത്. അത് ആറാമത്തേതായിരുന്നു. ആയിരുന്നു. ഇപ്പോള്‍ ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സര്‍ജറിക്കായി ശരണ്യ പോകുകയാണ്. ഇപ്പോള്‍ അവരുടെ അവസ്ഥ കുറച്ചു കൂടി ഗുരുതരമാണ്. ശരീരത്തിന്റെ ഒരുവശം ഏകദേശം തളര്‍ന്നുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു. എന്നെപ്പോലെ കലാരംഗത്തുള്ള മറ്റുള്ളവര്‍ ഓരോ ഓപ്പറേഷനും അവളെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും വരുന്ന ഈ അസുഖത്തില്‍ എല്ലാവര്‍ക്കും സഹായിക്കാന്‍ പരിമിതകളുണ്ടാകും. അവളായിരുന്നു അവരുടെ കുടുംബത്തിന്റെ അത്താണി. അവളിലൂടെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നത്-' സീമ ജി. നായര്‍ പറഞ്ഞു.

'ശരണ്യയുടെ സാന്നിധ്യത്തില്‍ ഞാന്‍ വീഡിയോ പോസ്റ്റ് ചെയ്യണമെന്നാണ് കരുതിയിരുന്നത്. മറ്റുള്ളവരെ കാണിച്ച് സഹതാപംപറ്റാന്‍ ആ കുട്ടിക്ക് വിഷമമുണ്ട്. അതുകൊണ്ട് ശര്യണ്യയുടെ അമ്മയുടെ നമ്പറും മറ്റുവിവരങ്ങളും ഈ വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്'-സൂരജ് പറഞ്ഞു.

ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. 

Content Highlights: television film actress saranya sasi, brain tumour surgery, seeks help for treatment, serial actor