സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സ്വാസിക. അയാളും ഞാനും തമ്മില്‍, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളിലെ സ്വാസികയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

സിനിമയായിരുന്നു എന്നും തന്റെ സ്വപ്നമെന്നും സിനിമകള്‍ ഇല്ലാതായ സമയത്ത് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ടെന്നും സ്വാസിക പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജീവിതത്തില്‍ കടന്നു പോയ  പ്രതിസന്ധിഘട്ടത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. 

'സിനിമയായിരുന്നു ലക്ഷ്യം. അഭിനയിക്കണം, വലിയ നടിയായി അറിയപ്പെടണം എന്നൊക്കെയായിരുന്നു ആഗ്രഹം. തമിഴിലായിരുന്നു തുടക്കം. ഒരു മാഗസിനില്‍ വന്ന ചിത്രം കണ്ടാണ് 'വൈഗൈ' എന്ന സിനിമയില്‍ നായികയായി അവസരം ലഭിക്കുന്നത്. പിന്നീട് തമിഴില്‍ മൂന്ന് സിനിമകള്‍ കൂടി ചെയ്തു. എന്നിട്ടും കാര്യമായ അവസരങ്ങള്‍ കിട്ടിയില്ല. മലയാളത്തില്‍ വലിയ ചില അവസരങ്ങള്‍ ലഭിച്ചു. പ്രഭുവിന്റെ മക്കള്‍, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങളായിരുന്നു. സിനിമകളും ശ്രദ്ധേയമായി. എന്നാല്‍ അതിനുശേഷം ഇവിടെയും നല്ല അവസരങ്ങള്‍ തേടി വന്നില്ല. തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഒരു നല്ല സിനിമ പോലും കിട്ടിയില്ല. അതോടെ ഞാന്‍ ഡിപ്രഷന്റെ വക്കിലായി'. 

എനിക്കാകെ ഇഷ്ടമുള്ളത് സിനിമയായിരുന്നു. അതിനാലാണ് പഠനം പോലും ഉപേക്ഷിച്ച് അഭിനയരംഗത്തെത്തിയത്. എന്നാല്‍ അതില്‍ ഒന്നും ആകാന്‍ പറ്റുന്നില്ല. അതോടെ ജീവിക്കാന്‍ തന്നെ താത്പര്യമില്ലാതെയായി. എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നല്‍ പിടിമുറുക്കി. പെട്ടെന്നു മരിക്കാന്‍ എന്താണു മാര്‍ഗം എന്നൊക്കെ ആലോചിച്ചു. നാളെ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കില്‍ എന്നൊക്കെയായി തോന്നല്‍. കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കില്‍. ചിലര്‍ ജോലിക്കു പോകുന്നു. ഞാന്‍ മാത്രം 'സിനിമ' എന്നു പറഞ്ഞു സമയം കളയുന്നു...

നിരാശയുടെ പടുകുഴിയിലായി. ഒപ്പം ആളുകളുടെ 'എന്തായി എന്തായി' എന്ന ചോദ്യവും. 'ഒരു ആവശ്യവുമുണ്ടായിരുന്നില്ല. പഠിക്കാന്‍ വിട്ടാല്‍ മതിയായിരുന്നു' എന്നു വീട്ടുകാരും പറയാന്‍ തുടങ്ങി. ചുറ്റും കുത്തുവാക്കുകള്‍. ആരുടെയും മുഖത്തു നോക്കാന്‍ പറ്റുന്നില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇതു പോര, എന്തെങ്കിലും ചെയ്യണം എന്നു തോന്നി. മെഡിറ്റേഷന്‍-യോഗ ക്ലാസിനു പോയിത്തുടങ്ങി. പതുക്കെ സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നു-സ്വാസിക പറയുന്നു.

Content Highlights : swasika actress mini screen serial swasika vijay cinema life serials